ADVERTISEMENT

ഈ മാസം ആദ്യത്തിൽ മലേഷ്യയിൽ അവതരിപ്പിച്ച വിവോ എക്സ്80 5ജി സീരീസ് ഇന്ത്യയിലെത്തി. 54,999 രൂപയാണ് തുടക്ക വില. പുതിയ വിവോ ഫോൺ മികച്ച ഫൊട്ടോഗ്രഫിയും വിഡിയോ ഷൂട്ടിങ് അനുഭവവും വാഗ്ദാനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിവോ എക്സ് 80 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 79,999 രൂപയാണ്. സീരീസിലെ സ്റ്റാൻഡേർഡ് വേരിയന്റായ വിവോ എക്സ് 80 ന് (8ജിബി റാം+128 ജിബി സ്റ്റോറേജ്) 54,999 രൂപയുമാണ് വില. ഇതിന്റെ തന്നെ 12ജിബി + 256ജിബി മോഡലിന് 59,999 രൂപയും വിലയുണ്ട്.

 

രണ്ട് മോഡൽ ഫോണുകളും മേയ് 25 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപനയ്‌ക്കെത്തും. വിവോ ഇന്ത്യ ഇ-സ്റ്റോർ വഴിയും എല്ലാ പാർട്ണർ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഹാൻഡ്‌സെറ്റുകൾ വാങ്ങാം. ഏതെങ്കിലും ഹാൻഡ്‌സെറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളിൽ 7,000 രൂപ കിഴിവ് ലഭിക്കും.

 

വിവോ എക്സ്80 ന് 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ ആണിത്. പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9000 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സ് ആണ് ഒഎസ്.

 

4,500 എംഎഎച്ച് ആണ് ബാറ്ററി. ബോക്സിൽ 80W വയർഡ് ചാർജർ ബണ്ടിൽ ചെയ്യുന്നു. സ്റ്റീരിയോ സ്പീക്കറുകൾ, താപ നിയന്ത്രണത്തിനുള്ള വിസി കൂളിങ് സിസ്റ്റം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഒരു എക്സ്-ആക്സിസ് ലീനർ മോട്ടോർ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

vivo-v80

 

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ (OIS) പിന്തുണയോടെ f/1.75 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ സോണി IMX866 RGBW സെൻസർ അടങ്ങുന്ന ഒരു ട്രിപ്പിൾ പിൻ ക്യാമറ സജ്ജീകരണമുണ്ട്. സജ്ജീകരണത്തിൽ 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 12 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചർ ഉള്ള 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

സീരീസിലെ ഉയർന്ന പതിപ്പായ വിവോ എക്സ്80 പ്രോയിൽ ക്വാല്‍കോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ആണ് പ്രോസസർ. ഇത് IP68 റേറ്റുചെയ്തതാണ്. ഇതിനർഥം ജല-പ്രതിരോധശേഷിയുള്ളതാണ് എന്നാണ്. മഴക്കാലത്ത് ഇത് കേടാകുമെന്ന് ഉപയോക്താക്കൾ ഭയക്കേണ്ടതില്ല. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു എൽടിപിഒ ഡിസ്‌പ്ലേ ഉണ്ട്. ഇത് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി 1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റ് സ്വയമേവ ക്രമീകരിക്കാൻ സഹായിക്കും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് ക്യുഎച്ച്ഡി+ പാനലും 1,500നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഹാൻഡ്സെറ്റ് വാഗ്ദാനം ചെയ്യുന്നു.

 

ഫോണിന്റെ പിൻഭാഗത്ത് 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. സ്റ്റാൻഡേർഡ് എഡിഷനിൽ ഫൊട്ടോഗ്രാഫിക്കായി സോണി സെൻസർ ഉപയോഗിക്കുമ്പോൾ പ്രോയിൽ സാംസങ് ISOCELL GNV പ്രൈമറി സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിൻ ക്യാമറ സജ്ജീകരണത്തിൽ 48 മെഗാപിക്സൽ സോണി IMX598 അൾട്രാ വൈഡ് ആംഗിൾ സെൻസറും 12 മെഗാപിക്സൽ സോണി IMX663 ക്യാമറയും ഉൾപ്പെടുന്നു. 5എക്സ് ഒപ്റ്റിക്കൽ സൂമും 60എക്സ് ഡിജിറ്റൽ സൂമും ഉള്ള 8 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറയുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ ഹാൻഡ്സെറ്റിൽ പുതിയ വിവോ വി1 പ്ലസ് ഇമേജിങ് ചിപ്പ് പോലും സജ്ജീകരിച്ചിരിക്കുന്നു. ഇത് രാത്രിയും കുറഞ്ഞ വെളിച്ചമുള്ള സമയത്തും മികവാർന്ന ചിത്രങ്ങൾ പകർത്താൻ സഹായിക്കും.

 

4,700 എംഎഎച്ച് ആണ് ബാറ്ററി. ഇതൊരു മുൻനിര ഫോണായതിനാൽ 50W വയർലെസ് ചാർജിങ്ങിനുള്ള പിന്തുണ വിവോ നൽകിയിട്ടുണ്ട്. ഹാൻഡ്സെറ്റിന് 80W വയർഡ് ചാർജിങ്ങിനുള്ള പിന്തുണയും ഉണ്ട്. എൻഎഫ്‌സി, സ്റ്റീരിയോ സ്പീക്കറുകൾ, എക്സ്-ആക്സിസ് ലീനർ വൈബ്രേഷൻ മോട്ടോർ, വിസി ചേമ്പർ കൂളിങ് തുടങ്ങിയ സവിശേഷതകളും ഈ ഹാൻഡ്സെറ്റ് വാഗ്ദാനം ചെയ്യുന്നു.

 

English Summary: Vivo X80 series launched in India with flagship chipsets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com