ADVERTISEMENT

മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളുമായ ബില്‍ ഗേറ്റ്‌സ് ഉപയോഗിക്കുന്നത് വിൻഡോസിൽ പ്രവർത്തിക്കുന്ന സര്‍ഫസ് ഡുവോ ഫോണല്ല, ഐഫോണുമല്ല. പിന്നെയോ? അദ്ദേഹം ഉപയോഗിക്കുന്നത് സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 3 ആണ്. കഴിഞ്ഞ ദിവസം റെഡിറ്റ് ഫോറത്തില്‍ നടന്ന ആസ്‌ക് മീ എനിതിങ് (എഎംഎ) ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ അത്രയധികം അദ്ഭുതപ്പെടേണ്ടതായിട്ടില്ല. കാരണം 2017 മുതല്‍ പല തവണ താന്‍ ആന്‍ഡ്രോയ്ഡ് ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഒരു മോഡലിന്റെ പേരു വെളിപ്പെടുത്തുന്നത്.

 

∙ എന്തുകൊണ്ട് സാംസങ്, ആന്‍ഡ്രോയിഡ്?

 

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 3 ഉപയോഗിക്കുക വഴി ഇത് കൊണ്ടു നടക്കാവുന്ന പിസി ആയും പ്രയോജനപ്പെടുത്താം. കൂടാതെ, മൈക്രോസോഫ്റ്റും സാംസംങും നിരവധി കാര്യങ്ങളില്‍ വളരെ യോജിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. താന്‍ ഐഫോണിനെക്കാള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ തങ്ങളുടെ പ്രോഡക്ടുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത് വളരെ പ്രയോജനപ്രദമാണെന്നും അദ്ദേഹം 2021ല്‍ നല്‍കിയ ക്ലബ്ഹൗസ് അഭിമുഖത്തിലും പറഞ്ഞിരുന്നു.

 

∙ ബില്‍ ഗേറ്റ്സ് എന്തുകൊണ്ട് ഐഫോണ്‍ ഉപയോഗിക്കുന്നില്ല, കാരണമുണ്ട്?

 

ലോകത്ത് 100 കോടിയിലേറെ പേര്‍ ഐഫോണ്‍ ഉപയോഗിക്കുന്നു. അവരില്‍ പ്രധാനമന്ത്രിമാരും അതിപ്രശസ്തരും എല്ലാം ഉള്‍പ്പെടും. എന്നാല്‍, മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സ് അവരുടെ കൂട്ടത്തിലില്ല. പുതിയ വൈറല്‍ ആപ്പായ ക്ലബ്ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഗേറ്റ്സ് അതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. താന്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്, തനിക്ക് എല്ലാക്കാര്യങ്ങളും ട്രാക്കു ചെയ്യണമെന്നുള്ളതു കൊണ്ടാണ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നാണ് ഗേറ്റ്സ് പറഞ്ഞത്. താന്‍ ഇടയ്ക്കിടയ്ക്ക് ഐഫോണുകള്‍ ഉപയോഗിച്ചു നോക്കാറുണ്ട്. പക്ഷേ, താൻ എപ്പോഴും കൊണ്ടു നടക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ആണെന്നും ഗേറ്റ്സ് പറഞ്ഞു.

 

താന്‍ ഐഫോണുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, തന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ല എന്നേയുള്ളു. അതുകൂടാതെ, ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. അത് തനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ എളുപ്പമാക്കുന്നുവെന്നും ഗേറ്റ്സ് വ്യക്തമാക്കി. ഗേറ്റ്സിന്റെ നിരീക്ഷണം ഐഒഎസില്‍ വേണ്ടത്ര കസ്റ്റമൈസേഷന്‍ സാധ്യമല്ല എന്നതിനെക്കുറിച്ചുള്ള വളരെ വിദഗ്ധമായ സൂചന നല്‍കലാണെന്ന് ചിലര്‍ കരുതുന്നു. ആന്‍ഡ്രോയിഡിന് പല സോഫ്റ്റ്‌വെയറുമായും പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ കൂടുതല്‍ വഴക്കമുണ്ടെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണ് താന്‍ ആന്‍ഡ്രോയിഡുമായി കൂടുതല്‍ അടുക്കാന്‍ ഇടയായതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

അതേസമയം, ഇപ്പോഴത്തെ ഐഒഎസ് 14ല്‍ ആപ്പിള്‍ മുൻപെങ്ങുമില്ലാത്തത്ര കസ്റ്റമൈസേഷന്‍ സാധ്യതകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, മൈക്രോസോഫ്റ്റിന്റെ ആപ്പുകളെല്ലാം ആപ്പിളിന്റെ ആപ് സ്റ്റോറിലുണ്ട്. മൈക്രോസോഫ്റ്റ് എജ് ബ്രൗസറോ, ഇമെയില്‍ ക്ലൈന്റായ ഔട്ട്‌ലുക്കോ വേണമെങ്കില്‍ ഡീഫോള്‍ട്ട് ആപ്പുകളാക്കാനും സാധിക്കും.

 

English Summary: No more buttons? Apple secures patent for invisible input areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com