ADVERTISEMENT

അടുത്തിടെ അവതരിപ്പിച്ച ഗൂഗിൾ പിക്സൽ 6എ (Google Pixel 6a) ഹാൻഡ്സെറ്റുകൾക്ക് വൻ സുരക്ഷാ പ്രശ്നമുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ  രണ്ട് ടെക് റിവ്യൂ വിദഗ്ധർ തന്നെയാണ് പിക്സൽ 6എ യുടെ സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിക്സൽ 6 എ ഫോണുകളിൽ റജിസ്റ്റർ ചെയ്യാത്ത ഫിംഗർ പ്രിന്റുകൾ ഉപയോഗിച്ച് പോലും അൺലോക്ക് ചെയ്യാൻ സാധിച്ചു. എന്നാൽ ഈ പ്രശ്നത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ എത്രത്തോളം ഫോണുകൾക്ക് ഈ സുരക്ഷാ പ്രശ്നമുണ്ടെന്ന‌ും കണ്ടെത്തിയിട്ടില്ല. റിവ്യൂ ചെയ്യാൻ നൽകിയ ഫോണുകളിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.

 

അതേസമയം ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഗൂഗിൾ ഇത് പരിഹരിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ഇതൊരു ഹാർഡ്‌വെയർ പ്രശ്‌നമാണെങ്കിൽ കമ്പനിക്ക് വലിയ തലവേദനയാകും. ജൂലൈ 28 നാണ് ഇന്ത്യയിൽ പിക്‌സൽ 6എയുടെ വിൽപന തുടങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ വില്‍പന തുടങ്ങുന്നതിന്റെ ഒരു ദിവസം മുൻപാണ് ഈ വാർത്ത വന്നിരിക്കുന്നത്. നിരവധി പേർ നേരത്തേ ഈ ഫോൺ ബുക്ക് ചെയ്തിട്ടുണ്ട്.

 

വിരലടയാളം രേഖപ്പെടുത്താൻ പിക്സൽ 6എ കൂടുതൽ സമയമെടുത്തതായി ചില നിരൂപകർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. ബീബോം എന്ന യൂസർ റജിസ്റ്റർ ചെയ്യാത്ത നിരവധി ഫിംഗർ പ്രിന്റുകൾ ഉപയോഗിച്ച് പിക്സൽ 6എ അൺലോക്ക് ചെയ്തതായി വിഡിയോയിൽ കാണിക്കുന്നുണ്ട്. പ്രശ്നത്തിന്റെ കാരണം വ്യക്തമല്ല. 

 

ബുക്ക് ചെയ്തവർക്കുള്ള ഫോണുകൾ ഇനിയും വിൽപനയ്‌ക്കെത്താത്തതിനാൽ ഈ പ്രശ്നം ചില റിവ്യൂ ഫോണുകളെ മാത്രമായിരിക്കാം ബാധിച്ചിട്ടുണ്ടാകുക എന്നും നിരീക്ഷണമുണ്ട്. ഇന്ത്യയിലെത്തിയ മറ്റു ചില പിക്സൽ 6എ യൂണിറ്റുകളിൽ ഈ പ്രശ്നം കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രശ്‌നം തുടരുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഗൂഗിളിന് കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നേക്കും. ചില ഉപയോക്താക്കൾ ഇതിനകം തന്നെ ട്വിറ്ററിൽ വിഷയം ചർച്ചയാക്കിയിട്ടുണ്ട്.

 

English Summary: Google Pixel 6a reportedly has a big security problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com