നോക്കിയ സി21 പ്ലസ്: മിതമായ വിലയ്ക്ക് മികച്ചൊരു ഫോൺ

Mail This Article
എല്ലാവരും ഐഫോൺ 14 ആണ് ചർച്ച ചെയ്യുന്നതെങ്കിലും മിക്കവർക്കും അതു വാങ്ങാനാകില്ല. ഒരു ഫോണിനു വേണ്ടി 80,000 രൂപ മുതൽ മുകളിലേക്കു ചെലവിടേണ്ട ആവശ്യം മിക്കവർക്കുമില്ല. കോൾ, മെസേജ്, സോഷ്യൽ മീഡിയ, അത്യാവശ്യം വിഡിയോ, ഫോട്ടോ, ലൈറ്റ് ഗെയിംസ് ഒക്കെ മതിയെന്നാണെങ്കിൽ പ്രീമിയം ഫോണിനു പണം കളയേണ്ടല്ലോ. അങ്ങനെ കുറഞ്ഞ ഫോൺ ഉപയോഗമുള്ളവർക്കായാണ് ബജറ്റ് ഫോണുകൾ എത്തുന്നത്.
ഇന്നത്തെക്കാലത്തു ജീവിക്കാൻ മിനിമം വേണ്ടുന്ന കാര്യങ്ങൾക്കായൊരു ഫോൺ. ഒരു കാലത്തു ഹരമായിരുന്ന നോക്കിയ ബ്രാൻഡ് ഇപ്പോൾ പുറത്തിറക്കുന്നത് അത്തരം ബജറ്റ് ഫോണുകളാണ്. 2 ദിവസമെങ്കിലും ബാറ്ററി ലൈഫ് കിട്ടണമെന്നത് അത്തരം ഫോൺ വിഭാഗത്തിൽ ആവശ്യമാണ്. നോക്കിയ ഫോണുകൾ ഏറ്റവും ശ്രദ്ധ കൊടുക്കുന്ന ഒരു ഏരിയ അതുതന്നെയാണ്. ഏറ്റവുമൊടുവിലെത്തിയ സി 21 പ്ലസ് എന്ന ഫോണിന്റെ 5050 എംഎഎച്ച് ബാറ്ററി 3 ദിവസം വരെ ചാർജോടെ നിൽക്കുമെന്നാണ് കമ്പനി അവകാശപ്പടുന്നത്.
∙ ഡിസൈൻ, പ്രകടനം
ലളിതമായ ഡിസൈനാണ്. ദൃഢതയുള്ള അലുമിനിയം ഫ്രെയിമാണു ബോഡിയുടെ അടിത്തറ. മികച്ച നിർമാണ നിലവാരമുള്ള മാറ്റ് ഫിനിഷ് ടെക്സ്ചർ ഉള്ള പ്ലാസ്റ്റിക് ബാക് കവറും കുറഞ്ഞ കനവും (8.6 മില്ലിമീറ്റർ കനം) ഫോൺ കയ്യിൽനിന്നു വഴുതില്ലെന്ന് ഉറപ്പാക്കും. ഭരവും കുറവ്. 6.5 ഇഞ്ച് സ്ക്രീനാണ്. അഴുക്ക്, പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള അധിക സംരക്ഷണത്തിനായി ഐപി 52 റേറ്റിങ് ഉണ്ട്. ഇപ്പോൾ സർവസാധാരണമായ ടൈപ് സി ചാർജിങ് പോർട്ട് അല്ല. മൈക്രോ യുഎസ്‌ബിയാണ്. കമ്പനി ഫോണിനൊപ്പം ചാർജർ തരുന്നതുകൊണ്ടു കുഴപ്പമില്ല. അല്ലെങ്കിൽ ഇപ്പോൾ ആ ചാർജർ കിട്ടുന്നത് ഈസിയല്ല.
3.5 എംഎം ഓഡിയോ ജാക്ക് മുകൾഭാഗത്തുണ്ട്. മോണോ സ്പീക്കറാണ്. അത് പിന്നിൽ ഇടത്തേമൂലയിൽ. മേശപ്പുറത്തുവച്ചാൽ ഓഡിയോ അൽപം തടസ്സപ്പെടും. ക്യാമറ മൊഡ്യൂളിനടുത്ത് ഫിംഗർ പ്രിന്റ് സെൻസറും പിൻഭാഗത്ത് മുകളിലായുണ്ട്. രണ്ടു ക്യാമറയാണുള്ളത്. എച്ച്ഡിആർ സാങ്കേതികവിദ്യയുള്ള 13 എംപി ക്യാമറയും 2 എംപി ഡെപ്ത് സെൻസറും. എൽഇഡ് ഫ്ലാഷ് സൗകര്യമുണ്ട്. പോർട്രെയ്റ്റ്, പനോരമ, ബ്യൂട്ടിഫിക്കേഷൻ തുടങ്ങിയ വ്യത്യസ്ത മോഡുകൾ ക്യാമറയിൽ സാധ്യമാണ്.
രണ്ടു നാനോ സിം കാർഡ് ഓപ്ഷനുകളും അതിനു പുറമെ പ്രത്യേകമായിത്തന്നെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ സാധാരണ ഉപയോഗത്തിനു ചേരുന്നതും, വിലനിലവാരത്തിനനുസരിച്ചുള്ളതുമായ തെളിച്ചവും വ്യക്തതയുമുള്ളതാണ്. വാട്ടർഡ്രോപ് നോച്ച് ആണു മുൻ ക്യാമറയ്ക്കായുള്ളത്. 5 എംപിയാണ് സെൽഫി ക്യാമറ. വളരെ തൃപ്തികരമാണ് ക്യാമറകളുടെ പ്രവർത്തനം. സ്ക്രീനിന്റെ അരിക് അഥവാ ബെസൽ തീരെ നേർത്തതല്ല. താഴെയറ്റത്തു പ്രത്യേകിച്ചും. സ്ക്രീനിന്റെ ടച് റെസ്പോൺസ് ഒക്കെ തൃപ്തികരമാണ്.
സാധാരണ ടാസ്കുകകളെല്ലാം അനായാസം ചെയ്യാൻ സാധിക്കുന്ന പ്രോസസറും റാമും (3 ജിബി, 4ജിബി വേരിയന്റുകൾ) ആൻഡ്രോയ്ഡ് 11 ഗോ ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയറുമാണ്. ലളിതമായ ഗെയിമുകളും ആകാം. ഷൂട്ടർ ഗെയിമുകൾ ഒഴിവാക്കാം. ക്ലീൻ യൂസർ ഇന്റർഫേസ് ആണെങ്കിലും ചില അനാവശ്യ ആപ്പുകൾ പ്രീ ഇൻസ്റ്റാൾഡ് ആയി കിടക്കുന്നുണ്ട്. ഡിലീറ്റ് ചെയ്യാനാകും. ബാറ്ററി ലൈഫ് നഷ്ടപ്പെടുത്താതെ തന്നെ ഡൗൺലോഡ് വേഗം സുഗമമാക്കുന്ന ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്ട്രീംലൈൻ ചെയ്ത പതിപ്പാണ് ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ). അതികഠിനമായ ഉപയോഗമില്ലാത്തവർക്ക് ഇത് ധാരാളം. രണ്ടു വർഷത്തേക്ക് സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കും. സ്ക്രീൻ ലോക്കിനും ഫിംഗർപ്രിന്റിനും പുറമെ, എഐ ഫേസ് അൺലോക്ക് സാങ്കേതികവിദ്യയും സുരക്ഷയ്ക്കായുണ്ട്.
∙ വിലയും ലഭ്യതയും
ഡാർക്ക് സിയാൻ, വാം ഗ്രേ എന്നീ നിറങ്ങളിൽ നോക്കിയ സി21 പ്ലസ് ഇന്ത്യയിൽ ലഭ്യമാണ്. 3/32 ജിബി വേരിയന്റിന് 10,299 രൂപയും, 4/64ജിബി വേരിയന്റിന് 11,299 രൂപയുമാണ് വില. വില, ബിൽഡ് ക്വാളിറ്റി, ഉപഭോക്താക്കൾക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ പ്രയോജനകരമാവുന്ന ടെക് സ്പെക്സ് എന്നിവ നോക്കിയ സി21 പ്ലസിനെ ബജറ്റ് ചോയ്സ് ആക്കിമാറ്റുന്നു.
English Summary: Nokia C21 Plus - Review