വാങ്ങാനാളില്ല, ഐഫോൺ 14 പ്ലസ് നിർമാണം നിർത്തി, പ്രോ മോഡലുകളുടെ എണ്ണം കൂട്ടും

US-TECHNOLOGY-APPLE
കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടന്ന ഐഫോൺ 14 സീരീസിന്റെ ലോഞ്ചിങ്ങിൽനിന്ന്. ചിത്രം: Brittany Hosea-Small / AFP
SHARE

ലോകത്തെ ഏറ്റവും വിൽപനയുള്ള ഫോണാണെന്ന് അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ആപ്പിളിന്റെ ഐഫോണിന് അത്ര നല്ലകാലമല്ല എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചില ഐഫോൺ പ്രീമിയം സ്മാർട് ഫോണുകളുടെ നിർമാണം ആപ്പിൾ കുറയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിപണിയിൽ വേണ്ടത്ര മുന്നേറ്റം നടത്താൻ കഴിയാതെപോയ ഐഫോൺ 14 പ്ലസിന്റെ നിർമാണം കുറയ്ക്കുകയും വിലയേറിയ ഐഫോൺ 14 പ്രോയുടെ നിർമാണം വർധിപ്പിക്കാനുമാണ് ആപ്പിളിന്റെ നീക്കമെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് വെളിപ്പെടുത്തുന്നു.

ഐഫോൺ 14 പ്രോ സീരീസിന്റെ ഉൽപാദന വിഹിതം മുൻപത്തെ 50 ശതമാനത്തിൽ നിന്ന് മൊത്തം ഉൽപാദനത്തിന്റെ 60 ശതമാനമായി ഉയർന്നു. ഇത് ഭാവിയിൽ 65 ശതമാനം വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുഎസിലെ വർധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തിൽ ഐഫോൺ മോഡലുകളുടെ ഡിമാൻഡ് 14 ശതമാനം കുറഞ്ഞ് 5.2 കോടി യൂണിറ്റിലേക്ക് എത്തുമെന്നും പറയുന്നു.

ഐഫോൺ 14 പ്രോ, പ്രോ മാക്‌സ് വേരിയന്റുകൾ വളരെ വേഗത്തിൽ വിറ്റഴിക്കുന്നുവെന്ന് മുൻകാല വിശകലന വിദഗ്ധർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അടിസ്ഥാന വേരിയന്റ് ഐഫോൺ 14 ന് മൊത്തത്തിൽ ആവശ്യക്കാരേറെയാണ്. കഴിഞ്ഞ മാസം ആപ്പിൾ ഐഫോൺ 14 സീരീസ് ഇന്ത്യയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രെൻഡ്ഫോഴ്സ് പറയുന്നതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ ഉൽപാദനത്തിന്റെ വിഹിതം അടുത്ത വർഷം അഞ്ച് ശതമാനം വർധിക്കുമെന്നും വരും വർഷങ്ങളിൽ ഇതിലും കൂടുമെന്നുമാണ്.

ഐഫോൺ 14 പ്ലസിന്റെ ഉൽപാദനം വെട്ടിക്കുറയ്ക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 14 പ്ലസിന്റെ ഘടകങ്ങളുടെ നിർമാണം ഉടൻ നിർത്താൻ ചൈനയിലെ നിർമാതാക്കളോട് ആപ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള സ്‌മാർട് ഫോൺ വിപണി ക്രമേണ മന്ദഗതിയിലായിക്കൊണ്ടിരിക്കുന്ന സമയത്താണ് ആപ്പിളിനും പ്രതിസന്ധി നേരിട്ടിരിക്കുന്നതെന്ന് കനാലിസ് റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുൻപുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ഐഫോൺ വിൽപനയിൽ 9 ശതമാനം ഇടിവാണ് കാണിക്കുന്നത്. വരുന്ന ആറ് മുതൽ ഒൻപത് മാസങ്ങളിൽ ഈ മാന്ദ്യം പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

English Summary: Apple Pauses iPhone 14 Plus Production Due To Weak Demand, Boosts 14 Pro Production

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS