ADVERTISEMENT

രാജ്യത്ത് 5ജി അവതരിപ്പിച്ചതോടെ ഇനി 5ജി ഫോണുകൾ വാങ്ങുന്നതാണ് നല്ലത്. പ്രത്യേകിച്ചും 4ജി ഫോണുകളെക്കാള്‍ അധികം വില വ്യത്യാസമില്ലെങ്കില്‍ 5ജി കണക്ടിവിറ്റിയുള്ള ഫോണുകള്‍ തിരഞ്ഞെടുക്കുന്നത് ഗുണകരമായിരിക്കാം. ഇനി 4ജി ഫോണുകള്‍ വാങ്ങിയാല്‍ വൈകാതെ തന്നെ 5ജി ഫോണ്‍ വാങ്ങാനുള്ള തോന്നലുണ്ടാകാം.

അങ്ങനെ 4ജി ഫോണ്‍ വാങ്ങിയാല്‍ അവ പിന്നീടു വിറ്റാല്‍ ഉദ്ദേശിക്കുന്ന വില കിട്ടണമെന്നുമില്ല. ഇനി 4ജി ഫോണ്‍ വാങ്ങിയാല്‍ അതു മറിച്ചു വില്‍ക്കുമ്പോള്‍ കാര്യമായി നഷ്ടവും വന്നേക്കാം. ഇതിനാല്‍ തന്നെ ഇനി 10,000 രൂപയ്ക്കുമുകളില്‍ സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 5ജി ഫോണ്‍ വാങ്ങുന്നത് പരിഗണിക്കണം. പക്ഷേ, പല വിലകുറഞ്ഞ 5ജി മോഡലുകള്‍ക്കും പരിമിതികളുണ്ടെന്നും കാണാം. ഇപ്പോള്‍ വാങ്ങാവുന്ന താരതമ്യേന വില കുറഞ്ഞ ആറ് 5ജി ഫോണുകള്‍ പരിശോധിക്കാം:

∙ സാംസങ് ഗാലക്‌സി എഫ്23 5ജി

ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ചതാണ് സാംസങ് ഗാലക്‌സി എഫ്23. താരതമ്യേന പുതിയ ടെക്‌നോളജിയാണ് ഇതിലുള്ളത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 750ജിയാണ് പ്രോസസര്‍. ഇതിനൊപ്പം 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് ശേഷിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്‌ക്രീനിന് 6.6-ഇഞ്ച് വലുപ്പമാണ് ഉള്ളത്. 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉണ്ടെങ്കിലും സ്‌ക്രീന്‍ ടിഎഫ്ടി എല്‍സിഡിയാണ് എന്നൊരു പരിമിതിയുണ്ട്.  

ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണ് പിന്നില്‍. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷന്‍ ആണുള്ളത്. ഇതിനൊപ്പം 8 എംപി, അള്‍ട്രാ വൈഡ്, 2 എംപി മാക്രോ എന്നീ ലെന്‍സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണിന് 5,000 എംഎഎച് ബാറ്ററിയും, 25w ചാര്‍ജിങും ഉണ്ട്. എംആര്‍പി 23,999 രൂപയുള്ള ഈ മോഡലിന്റെ 6 ജിബി വേര്‍ഷന്‍ ഇതെഴുതുന്ന സമയത്ത് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത് 15,999 രൂപയ്ക്കാണ്. എന്നാല്‍, 4 ജിബി റാം മതിയെങ്കില്‍ 14,999 രൂപയ്ക്കും വാങ്ങാം. ഇതിനു പുറമെ ബാങ്ക് ഓഫറുകളും മറ്റും ഉണ്ട്. കൂടാതെ, പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 15,000 രൂപ വരെ കിഴിവും ഓഫര്‍ ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 12 കേന്ദ്രീകൃത ഓപ്പറേറ്റങ് സിസ്റ്റമാണ് ഇതിലുള്ളത്.

∙ മോട്ടോ ജി51

ഇന്നു വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളിലൊന്നാണ് മോട്ടറോള, മോട്ടോ ജി51. എംആര്‍പി 17,999 രൂപയുള്ള ഫോണ്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത് 12,249 രൂപയ്ക്കാണ്. വിവിധ ബാങ്ക് ഓഫറുകളും 11,000 രൂപയിലേറെ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫോണ്‍ പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗണ്‍ 480പ്ലസ് എന്ന താരതമ്യേന ശക്തി കുറഞ്ഞ പ്രോസറാണ് ഇതിനു ശക്തിപകരുന്നത്.

moto-g51-5g

ഫോണിന് 6.8-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് റെസലൂഷനുള്ള സ്‌ക്രീനാണ് ഉള്ളത്. ഇതിന് 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. ഇതേ വില വരുന്ന മറ്റു ഫോണുകളേ പോലെ ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണ് പിന്നില്‍. പ്രധാന ക്യാമറയുടെ അടക്കമുള്ള റെസലൂഷനും മറ്റും മുകളില്‍ പറഞ്ഞ ഗാലക്‌സി എഫ്23 5ജിക്കു സമാനമാണ്. ആന്‍ഡ്രോയിഡ് 12ല്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി51നും 5000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. കൂടാതെ 20w ചാര്‍ജിങ് സപ്പോര്‍ട്ടു ചെയ്യുന്നു. 

∙ സാംസങ് ഗാലക്‌സി എം13 5ജി

സാംസങ്ങിന്റെ ഏറ്റവും വില കുറഞ്ഞ 5ജി മോഡല്‍ എന്ന പേര് ഉണ്ടെങ്കിലും വിലയില്‍ വളരെ ചാഞ്ചാട്ടം കാണാവുന്ന ഒരു മോഡലാണിത്. ഏകദേശം 14,000 രൂപ വരെ ഇതിന്റെ വില കുറയാറുണ്ട് ഫ്‌ളിപ്കാര്‍ട്ടില്‍. മീഡിയാടെക് ഡിമെന്‍സിറ്റി 700 ആണ് പ്രൊസസര്‍. ഒപ്പം 6 ജിബി വരെ റാമും ഉണ്ട്. സ്‌ക്രീന്‍ വലുപ്പം 6.5-ഇഞ്ച് ആണ്. റിഫ്രെഷ് റെയ്റ്റ് താരതമ്യേന കുറവാണ് - 90ഹെട്‌സ്. ആന്‍ഡ്രോയിഡ് 12ല്‍ പ്രവര്‍ത്തിക്കുന്നു. 

M13-5G-

പിന്നില്‍ ഇരട്ട ക്യാമറകളാണ് ഉളളത് - 50എംപി പ്രധാന ക്യാമറയും, 2എംപി ഡെപ്ത് സെന്‍സറും. ഒന്നിലേറെ ക്യാമറകള്‍ വേണമെന്നുള്ളവര്‍ ഈ മോഡല്‍ പരിഗണിക്കേണ്ട. കാരണം ഉപയോഗിക്കാവുന്ന ഒറ്റ പിന്‍ ക്യാമറ മാത്രമാണ് ഇതിനുള്ളത്. ബാറ്ററി 5,000 എംഎഎച് ആണ്. 15w ചാര്‍ജിങ് സാധ്യമാണ്. ഈ ഫോണിന്റെ 4ജിബി/ 64ജിബി വേരിയന്റിനാണ് 13,999 വില. അതേസമയം, 6ജിബി/ 128ജിബി ഇപ്പോള്‍ 14,980 രൂപയ്ക്ക് വില്‍ക്കുന്നു.

∙ റിയല്‍മി 9ഐ 5ജി

സാംസങ്ങിനെ അപേക്ഷിച്ച് ചൈനീസ് കമ്പനികളുടെ വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പലപ്പോഴും കൂടുതല്‍ മികച്ച ഹാര്‍ഡ്‌വെയര്‍ കാണാറുണ്ട്. എന്നാല്‍, എംആര്‍പി 17,999 രൂപയുള്ള റിയല്‍മി 9ഐ 5ജി ഫോണിനെ ആ വിഭാഗത്തില്‍ പെടുത്താനാകുമെന്ന് ഉറപ്പിച്ചു പറയായാനാവില്ല. ഇതിന്റെ  4 ജിബി/ 64 ജിബി വേരിയന്റ് ഇപ്പോള്‍ 14,999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്നത്. ഡിമെന്‍സിറ്റി 810 പ്രോസസറാണ് ഇതിനു ശക്തിപകരുന്നത്. ആന്‍ഡ്രോയിഡ് 12 കേന്ദ്രീകരിച്ചുള്ള ഒഎസ് ആണ് ഇതിന്.

Photo: Realme
Photo: Realme

ഫോണിന് 6.6-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. ഇതിന് 90 ഹെട്‌സ് ആണ് റിഫ്രെഷ് റെയ്റ്റ്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം ഉണ്ട്. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനാണ് ഉള്ളത്. 2 എംപി മാക്രോ, മറ്റൊരു 2 എംപി ക്യാമറ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫോണിന് 5000 എംഎഎച് ബാറ്ററിയും, 18w ചാര്‍ജിങും ഉണ്ട്.

∙ റെഡ്മി നോട്ട് 10ടി 5ജി

എംആര്‍പി 16,999 രൂപയുള്ള റെഡ്മി നോട്ട് 10ടി 5ജി 64 ജിബി സ്റ്റോറേജ് ശേഷിയുള്ള മോഡല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത് 14,999 രൂപയ്ക്കാണ്. ഇതിനൊപ്പം എക്‌സ്‌ചേഞ്ച് അടക്കം അധിക കിഴിവും നേടാം. മീഡിയടെക് ഡിമെന്‍സിറ്റി 700 പ്രോസസറാണ് ഫോണിനു പിന്നിലെ ശക്തി. ഇതിന്റെ എല്‍സിഡി സ്‌കീനിന് 6.5 - ഇഞ്ചാണ് വലുപ്പം. ആന്‍ഡ്രോയിഡ് 11 കേന്ദ്രീകൃത ഒഎസില്‍ പ്രവര്‍ത്തിക്കുന്നു. ഫോണിന് 6 ജിബി വരെ റാമുള്ള വേരിയന്റുകള്‍ ഉണ്ട്. ഒപ്പം 128 ജിബി വരെ സ്റ്റോറേജ് ശേഷിയും ലഭിക്കും. പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റത്തിലെ പ്രധാന ക്യാമറയ്ക്ക് 48 എംപി റെസലൂഷനാണ് ഉള്ളത്. ഒപ്പം 2 എംപി മാക്രോയും 2 എംപി ഡെപ്ത് സെന്‍സറുമാണ് നല്‍കിയിരിക്കുന്നത്. ഫോണിന്  5,000 എംഎഎച് ബാറ്ററിയും ഉണ്ട്.

Mi-10T-Series

∙ ഐക്യൂ സെഡ്6 5ജി

ഐക്യൂ സെഡ്6 5ജി, ഐക്യൂ സെഡ്6 5ജി ലൈറ്റ് എന്നിവയാണ് പരിഗണിക്കാവുന്ന രണ്ടു മോഡലുകള്‍. സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസറാണ് സെഡ്6 5ജിക്ക് ശക്തിനല്‍കുന്നത് എങ്കില്‍ ലൈറ്റ് മോഡലിന് സ്‌നാപ്ഡ്രാഗണ്‍ 4ജെന്‍ വണ്‍ കരുത്തേകുന്നു. ഇരു മോഡലുകളുടെയും തുടക്ക വേരിയന്റ് ഏകദേശം 15,500 രൂപയ്ക്ക് വാങ്ങാം. ലൈറ്റ് മോഡലിന് 6.58 ഇഞ്ച് ഫുള്‍എച്ഡി പ്ലസ് സ്‌ക്രീനാണ് ഉള്ളത്. പിന്നില്‍ ഇരട്ട ക്യാമറകള്‍ ആണ് ഉള്ളത് - 50എംപി പ്രധാന ക്യാമറയും ഒപ്പം 2എംപി ക്യാമറയും. ഫോണിന് 5000 എംഎഎച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയ ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Photo: iqoo
Photo: iqoo

ഐക്യൂ സെഡ്6 5ജി മോഡലിനും പിന്നില്‍ ഇരട്ട ക്യാമറകള്‍ തന്നെയാണ്. 6.58 ഇഞ്ച് സ്‌ക്രീനും ഉണ്ട്. ഇരു മോഡലുകള്‍ക്കും പ്രോസസറിലൊഴികെ സമാനതകള്‍ ഉണ്ട്. ഇതിന് 8 ജിബി വരെ റാം ഉള്ള വേരിയന്റുകള്‍ ഉണ്ട്. 

ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്തുമ്പോള്‍ നമുക്കു മനസ്സിലാകുന്നത് 5ജി ഒഴികെയുള്ള ഫീച്ചറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ 4ജി ഫോണുകളാണ് നല്ലതെന്ന് ആണ്. മികച്ച സ്‌ക്രീനും ക്യാമറാ സിസ്റ്റവും ഒക്കെ 4ജി ഫോണുകള്‍ക്കാണ് ഉള്ളത്. അപ്പോള്‍ ഏറ്റവും നല്ല പ്രായോഗികമായ തീരുമാനം എന്തായിരിക്കും? ഇപ്പോള്‍ കൈയിയലുള്ള ഫോണ്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഏതാനും മാസം കൂടി കാത്തിരിക്കുകയായിരിക്കും നല്ലത്. എന്നാല്‍, ഇപ്പോള്‍ കൈയ്യിലുള്ള ഫോണ്‍ മാറിയേ മതിയാകൂ എങ്കില്‍ 5ജി ഫോണ്‍ തിരഞ്ഞെടുക്കുന്നതായിരിക്കാം ഒരു പക്ഷേ മികച്ച തീരുമാനം. മാസങ്ങള്‍ക്കുള്ളില്‍ 5ജി നെറ്റ്‌വർക്കുകൾ വ്യാപകമായാൽ പുതിയ ഹാന്‍ഡ്‌സെറ്റ് വാങ്ങണമെന്നു തോന്നാം എന്നതാണ് കാരണം.

English Summary: Best 5G Mobile Phones Under 20000 (Oct 2022)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com