ADVERTISEMENT

കഴിഞ്ഞ ഉല്‍സവ സീസണിൽ സാംസങ് ഇന്ത്യയിൽ 14,400 കോടി രൂപയുടെ മൊബൈൽ ഫോണുകൾ വിറ്റുവെന്ന് റിപ്പോർട്ട്. സെപ്റ്റംബറിനും ഒക്‌ടോബറിനുമിടയിൽ 14,400 കോടി രൂപയാണ് ഫോൺ വിറ്റുവരവിലൂടെ സാംസങ്ങിന് ലഭിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ പ്രീമിയം വിഭാഗത്തിലുള്ള സ്‌മാർട് ഫോണ്‍ വില്‍പന 99 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടറും പ്രോഡക്ട് മാർക്കറ്റിങ് മേധാവിയുമായ ആദിത്യ ബബ്ബർ പറഞ്ഞു.

 

ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 5ജി സ്മാർട് ഫോണുകളുടെ വിൽപനയിൽ 178 ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ വർഷം സാംസങ്ങിന് ഒരു റെക്കോർഡ് ഉത്സവ സീസണായിരുന്നു. സെപ്റ്റംബർ 1 മുതൽ 60 ദിവസത്തിനുള്ളിൽ 14,400 കോടി രൂപയുടെ മികച്ച വിറ്റുവരവാണ് രേഖപ്പെടുത്തിയതെന്നും ബബ്ബർ പിടിഐയോട് പറഞ്ഞു. കൃത്യമായ ശതമാനം വെളിപ്പെടുത്താതെ, കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിലെ വിൽപനയുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ച മികച്ചതാണെന്നും ബബ്ബാർ പറഞ്ഞു. ഇതോടൊപ്പം തന്നെ സാംസങ് ഫിനാൻസ് പ്ലസും കഴിഞ്ഞ സീസണിൽ മികച്ച വളർച്ചയാണ് കൈവരിച്ചത്. പ്ലാറ്റ്‌ഫോം വഴിയുളള ഇടപാട് ഉത്സവ സീസണിൽ 10 ലക്ഷത്തിലേറെയായി വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

ടയർ 2, 3 പട്ടണങ്ങളിൽ നിന്നുള്ള പ്രതികരണം ഏറെ മികച്ചതാണ്, അതേസമയം നഗര കേന്ദ്രങ്ങളിലും ഇത് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും ബബ്ബാർ പറഞ്ഞു. പ്രീമിയം സെഗ്‌മെന്റ് സ്‌മാർട് ഫോണുകളുടെ വിറ്റുവരവിൽ കമ്പനി 99 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജനുവരി-സെപ്റ്റംബർ മാസങ്ങളിൽ 30,000 ന് മുകളിൽ വിലയുള്ള ഫോണുകളുടെ വിൽപനയില്‍ കുതിപ്പ് പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

എസ്22, ഫോൾഡബിൾ ഫോണുകളുടെ പിൻബലത്തിൽ ഇന്ത്യയിൽ അതിവേഗത്തിൽ വളരുന്ന പ്രീമിയം സെഗ്‌മെന്റ് ബ്രാൻഡാണ് സാംസങ്ങ്. കഴിഞ്ഞ വർഷം ജനുവരി-സെപ്റ്റംബർ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം 30,000 രൂപയ്ക്ക് മുകളിലുള്ള ഫോൺ വിഭാഗത്തിൽ കമ്പനിയുടെ വളർച്ച 99 ശതമാനമാണെന്നും ബബ്ബാർ പറഞ്ഞു. കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂലൈ-സെപ്റ്റംബർ പാദത്തിൽ 18 ശതമാനം വിപണി വിഹിതവുമായി സാംസങ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട് ഫോൺ വിൽപനക്കാരാണ്. മൊത്തത്തിലുള്ള ഫോൺ ബിസിനസ്സ് 20 ശതമാനം വർധിച്ചതായും 2022ലെ ആദ്യ ഒൻപത് മാസങ്ങളിൽ 22 ശതമാനം വരുമാന വിപണി വിഹിതമുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

 

2013 മുതൽ 5ജി ഫോണുകളുടെ വിൽപനയിൽ ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ നാല് പാദങ്ങളായി 5ജി ബ്രാൻഡിൽ ഞങ്ങൾ ഒന്നാം സ്ഥാനത്താണെന്നും ബബ്ബാർ പറഞ്ഞു. നവംബർ 15 നകം കമ്പനി എല്ലാ 5ജി ഹാൻഡ്സെറ്റുകൾക്കും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കുമെന്നും മിക്ക ഫോണുകളിലും 5ജി ലഭിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Samsung India Sells Smartphones Worth Rs. 14,400 Crore During Festive Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com