നതിങ് ഫോണിന് 8,500 രൂപ വിലക്കുറവ്, ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ 9999 രൂപയ്ക്കും വാങ്ങാം - Nothing Phone (1)

nothing-phone-1-
SHARE

ശ്രദ്ധേയമായ നിര്‍മിതി കൊണ്ട് ഈ വര്‍ഷം ഇറങ്ങിയ വേറിട്ട ഹാന്‍ഡ്‌സെറ്റുകളിലൊന്നായി ലോകമെമ്പാടും വാഴ്ത്തപ്പെട്ട ഇടത്തരം സ്മാര്‍ട് ഫോണാണ് നതിങ് ഫോണ്‍ (1). ഒരു മധ്യനിര ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന പ്രകടനം മതിയെന്നുളളവര്‍ക്ക് ഇത് വാങ്ങുന്ന കാര്യം പരിഗണിക്കാമെന്നാണ് പൊതു വിലയിരുത്തല്‍. നതിങ് ഫോൺ(1) ന് മൂന്നു വേരിയന്റുകളാണ് ഉള്ളത്. മൂന്ന് വേരിയന്റുകൾക്കും ഫ്ലിപ്കാർട്ടിൽ ഇപ്പോള്‍ വന്‍ കിഴിവാണ് ലഭിക്കുന്നത്. എക്‌സ്‌ചേഞ്ച്, ബാങ്ക് ഓഫറുകളൊക്കെ മുതാലാക്കാനായാല്‍ 9999 രൂപയ്ക്ക് വരെ ഫോൺ വാങ്ങാം.

∙ എംആര്‍പിയില്‍ 8,500 രൂപ കുറവ്

ഏറ്റവും കുറഞ്ഞ 8 ജിബി/128 ജിബി വേരിയന്റ് ഇപ്പോള്‍ 27,499 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇത് ഒരു എക്‌സ്‌ചേഞ്ചും ഇല്ലാതെ ലഭിക്കും. കൂടാതെ, 8 ജിബി+256 ജിബി വേരിയന്റ് 29,499 രൂപയ്ക്കും, 12 ജിബി+256 ജിബി വേരിയന്റ് 32,499 രൂപയ്ക്കുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

∙ എക്‌സ്‌ചേഞ്ച് ഓഫറുകള്‍

ഡിസ്‌കൗണ്ടിനു പുറമേ ഒരോ വേരിയന്റിനും 17,500 വരെ കിഴിവ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം നേടാനായാല്‍ തുടക്ക വേരിയന്റിന്റെ വില 9999 രൂപയായി കുറയ്ക്കാം. പുറമെ, ഫെഡറല്‍ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം കിഴിവും ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 5 ശതമാനം കിഴിവും ഉണ്ട്.

∙ എന്താണ് ലഭിക്കുന്നത്?

സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഒരോ വര്‍ഷവും പുതിയ ഫോണുകള്‍ ഇറക്കുമ്പോള്‍ അവയ്ക്ക് മുന്‍ തലമുറയിലെ ഫോണുകളെക്കാള്‍ കാര്യമായ വ്യത്യാസം കാഴ്ചയില്‍ ഉണ്ടാവുന്ന സന്ദര്‍ഭം താരതമ്യേന കുറവാണ്. നതിങ് ഫോണ്‍ (1)നെ ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് ആണ്. ഫോണിന്റെ പിന്‍ പ്രതലത്തില്‍ വിന്യസിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റുകളുടെ സാന്നിധ്യമാണ് ഇതിനെ വേറിട്ടതാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. ഫോണിന് 6.55 ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് ഓലെഡ് സ്‌ക്രീനാണുള്ളത്. ഇതിന് 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റും, എച്ഡിആര്‍10 പ്ലസ് പ്ലേബാക് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ നിയന്ത്രണം ഇടത്തരം കരുത്തുള്ള സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് പ്രോസസറിലാണ്.

∙ നിര്‍മാണ രീതി, ക്യാമറകള്‍

ഐഫോണ്‍ 13ന്റെ രൂപകല്‍പനാ രീതിയാണ് നതിങ് ഫോണ്‍ (1)ല്‍ ഉള്ളതെന്ന് ഒഴുക്കനായി പറയാം. പിന്നില്‍ ഇരട്ട ക്യാമറാ സിസ്റ്റമാണ് ഉള്ളത്. ഒരോ ക്യാമറയ്ക്കും 50 എംപി റെസലൂഷന്‍. പ്രധാന ക്യാമറയ്ക്ക് ഒപ്പമുള്ള അള്‍ട്രാ വൈഡ് ലെന്‍സിന് മാക്രോ ഫോട്ടോകളും എടുക്കാനാകും. സെല്‍ഫിക്കായി 16 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. ബാറ്ററി 4,500 എംഎഎച് ആണ്. ഇതിന് 33w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്.

∙ വിമര്‍ശനം

ഇതെഴുതുന്ന സമയത്ത് ഫോണിന് ഫ്‌ളിപ്കാര്‍ട്ടില്‍ 2,652 പേര്‍ 1 സ്റ്റാര്‍ റെയ്റ്റിങ് നല്‍കിയിട്ടുണ്ട്. മിക്കവരുടെയും പരാതി ബാറ്ററി നീണ്ടു നില്‍ക്കുന്നില്ല എന്നുള്ളതാണ്. ഫോണ്‍ ഹീറ്ററിനെ പോലെ ചൂടാകുന്നുവെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ഫോണിന് 1200 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ നേരിട്ടു സൂര്യപ്രകാശം സ്‌ക്രീനില്‍ വീഴുന്ന സമയങ്ങളില്‍ വ്യക്തതക്കുറവ് ഉണ്ടെന്നും പരാതികളുണ്ട്. ഈ ഫോണിന് 15,000 രൂപയ്ക്കു മുകളില്‍ നല്‍കിയാല്‍ മുതലാകില്ലെന്നും വാദിക്കുന്നവരുണ്ട്. ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് അനാവശ്യമായി ശ്രദ്ധ ആകര്‍ഷിക്കുമെന്നു വിശ്വസിക്കുന്നവരും ഉണ്ട്.

∙ വാനോളം പുകഴ്ത്തലും

ഇതില്‍ ചൂടാകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി പരിഹരിക്കപ്പെട്ടിരിക്കാം. ഓര്‍ക്കുക ഫോണിന് 21,886 പേര്‍ 5 സ്റ്റാര്‍ റിവ്യൂകൾ നൽകിയിട്ടുണ്ട്. സമസ്ത മേഖലകളിലും ഇവര്‍ ഫോണിനെ സ്തുതിക്കുകയും ചെയ്യുന്നു. ഓരോരുത്തരും ഫോണ്‍ ഉപയോഗിക്കുന്നത് അവരവരുടെ രീതികളില്‍ ആയതിനാല്‍ സ്വയം വിലയിരുത്തി മാത്രം ഫോണ്‍ വാങ്ങുക.

English Summary: Nothing Phone (1) is available with ₹9,999 on Flipkart: More details inside

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS