2022 ലെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകള്‍: നിര്‍മാതാക്കള്‍ റെഡ്മി മുതല്‍ ആപ്പിള്‍ വരെ

nothing-phone-1-
Photo: Nothing
SHARE

ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട് ഫോണുകളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നുന്ന ചില ഫോണുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത്തരം ഒരു ലിസ്റ്റിന് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ നാവില്‍ ഇപ്പോൾ തത്തിക്കളിക്കുന്ന വാക്ക് 5 ജി. ഇന്ത്യക്കാര്‍ക്ക് 2022 ഓര്‍മയില്‍ നിൽക്കുക 5 ജി അവതരിപ്പിച്ച വർഷം എന്ന നിലയിലായിരിക്കും.

∙ ഏറ്റവും നൂതനമായ ഫോണ്‍

ഈ വര്‍ഷം പുറത്തിറക്കിയ ഏറ്റവും നൂതനമായ സ്മാര്‍ട് ഫോണ്‍ ഏതാണ്? ഇത്തരം ഒരു ചര്‍ച്ചയില്‍ വില, ഫീച്ചറുകള്‍, നിര്‍മാണ മികവ് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിഗണിക്കേണ്ടി വരും. പ്രശസ്ത ടെക്‌നോളജി വെബ്‌സൈറ്റായ ഡിജിറ്റല്‍ ട്രെന്‍ഡ്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ഈ വര്‍ഷത്തെ ഏറ്റവും നൂതനത്വമുള്ള മോഡല്‍ നതിങ് ഫോണ്‍ 1 ആണ്.

സവിശേഷമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പുതിയൊരു കമ്പനിക്ക് ഒരു ഫോണ്‍ ഇറക്കുക എന്നത് എളുപ്പമല്ല. പത്തു വര്‍ഷത്തോളം ഫോണ്‍ നിര്‍മാണ പാരമ്പര്യമുള്ള കമ്പനികള്‍ പോലും ഇത്രയും മികവുറ്റ നിര്‍മാണ രീതി ഉള്‍ക്കൊള്ളിച്ചു കാണാനാകുന്നില്ലെന്നു പറയുന്നു. അത്തരം ഒരു നേട്ടമാണ് നതിങ് ഫോണ്‍ 1 പുറത്തിറക്കുക വഴി, വണ്‍പ്ലസ് കമ്പനിയുടെ സഹസ്ഥാപകനായ കാള്‍ പെയ് സ്ഥാപിച്ച കമ്പനി ഈ വര്‍ഷം കൈവരിച്ചിരിക്കുന്നത്.

nothing-phone-1-4

ഒറ്റ നോട്ടത്തില്‍ മറ്റു ഫോണുകളില്‍നിന്ന് അധികം വ്യത്യാസമില്ലെന്നു തോന്നാമെങ്കിലും നതിങ് ഫോണിന്റെ ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് അത്യുഗ്രനാണ് എന്നാണ് നിരീക്ഷണം. അമിതമായി എന്ന തോന്നലുണ്ടാക്കാത്ത മികച്ച ഫോണ്‍ നിര്‍മാണ പരീക്ഷണം. ഉള്‍ക്കൊള്ളിച്ചിരുന്ന ആന്‍ഡ്രോയിഡിന്റെ ശുദ്ധത, അനാവശ്യമായി ക്യാമറകളുടെ എണ്ണം വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും പ്രശംസയ്ക്കു പാത്രമായിരിക്കുന്നു. ഡിസൈൻ ഐഫോണ്‍ 12നെ അനുസ്മരിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും മറ്റൊരു ഫോണായും തെറ്റിദ്ധരിക്കാന്‍ സാധിക്കാത്ത തരത്തില്‍ തനിമയോടെ നിര്‍മിച്ച ഫോണാണ് നതിങ് ഫോണ്‍ 1. ദൈനംദിന ഉപയോഗത്തിന് വളരെ മികച്ചത്. തുടങ്ങിയ വിശേഷണങ്ങളും ഫോണിന് ലഭിക്കുന്നു. തുടക്ക വേരിയന്റിന്റെ വില 29,999 രൂപ.

രണ്ടാം സ്ഥാനത്ത് ഐഫോണ്‍ 14 പ്രോ മാക്‌സ് ആണ്. ഡൈനമിക് ഐലൻഡ് ആണ് ഈ വര്‍ഷത്തെ പ്രോ മോഡലുകളുടെ സവിശേഷ ഫീച്ചറുകളിലൊന്ന്. ഹാര്‍ഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും മികവോടെയാണ് പ്രോ മോഡലുകള്‍ എത്തുന്നതെന്നാണ് നിരീക്ഷണം. കരുത്തിലും പ്രകടനത്തിലും നിരാശപ്പെടുത്തുന്ന പ്രശ്‌നമില്ല. തുടക്ക വേരിയന്റിന് വില 139,900 രൂപ.

iphone-14-pro
Photo: Apple

ഇവയ്ക്കൊപ്പം അസൂസ് സെന്‍ഫോണ്‍ 9നും ഈ വര്‍ഷത്തെ നൂതന ഫോണുകളുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്നു. ഫോണിന് 5.9 ഇഞ്ച് വലുപ്പമേയുള്ളു എന്നുളളതും ആന്‍ഡ്രോയിഡിനായി പുറത്തിറക്കിയ പ്രോസസറുകളിലെ ഏറ്റവും മികച്ചവയില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ വണ്‍ ആണ് കേന്ദ്രത്തില്‍ എന്നതും കൂടാതെ ഫോണിന് 16 ജിബി റാമും ഉണ്ട്. ഈ വര്‍ഷം ലഭ്യമായവയില്‍ വച്ച് ഏറ്റവും കരുത്തുറ്റ മോഡലുകളിലൊന്നാണ് ഇതെന്നു പറയുന്നു.

∙ ഇന്ത്യയില്‍ ലഭ്യമായ ഫോണുകളില്‍ മികച്ചവ

ഈ ലിസ്റ്റിലും ഐഫോണ്‍ 14 പ്രോ മാക്‌സും നതിങ് ഫോണ്‍ 1ഉം അനായാസം കടന്നുകൂടുന്നു. അവയ്‌ക്കൊപ്പം എത്തുന്ന പ്രീമിയം മോഡല്‍ സാംസങ് ഗ്യാലക്‌സി എസ്22 അള്‍ട്രാ ആണ്. മികച്ച ക്യാമറാ പ്രകടനം ( എന്നാല്‍, ഡിഎക്‌സ്ഓ മാര്‍ക്കിന്റെ റാങ്കിങ്ങില്‍ 13-ാം സ്ഥാനം മാത്രം), എസ് പെന്‍ സപ്പോര്‍ട്ട്, മികച്ച ബാറ്ററി ലൈഫ്, തുടങ്ങിയവ ഫോണിനെ മികവുറ്റതാക്കുന്നു. തുടക്ക വില 109,999 രൂപ.

Galaxy-Z-Flip-4

സാംസങ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 4 ആണ് ലിസ്റ്റില്‍ കടന്നുകൂടിയ മറ്റൊരു ഫോണ്‍. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ശക്തിപകരുന്ന ഈ ഫോണിന് മികച്ച ബാറ്ററി ലൈഫ് അടക്കം ഒരു പറ്റം മികച്ച ഫീച്ചറുകള്‍ ഉണ്ട്. മിക്കവരെയും ഇത് നിരാശപ്പെടുത്തിയേക്കില്ല എന്നാണ് പറയുന്നത്. തുടക്ക വേരിയന്റിന് 90,000 രൂപ.

∙ ഗൂഗിള്‍ പിക്‌സല്‍ 7 പ്രോ

ഫൊട്ടോഗ്രഫിയില്‍ ഈ ലിസ്റ്റില്‍ ഏറ്റവും മുകളില്‍ വന്ന ഫോണാണ് ഗൂഗിള്‍ പിക്‌സല്‍ 7 പ്രോ. പല റിവ്യൂവര്‍മാരും ഫോണ്‍ ക്യാമറയുടെ അവിശ്വസനീയമായ മികവിനെ പുകഴ്ത്തുന്നു. പ്രത്യേകിച്ചും രാത്രി ഫൊട്ടോഗ്രഫിയുടെ കാര്യത്തില്‍. ഇതാണ് ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച ക്യാമറാ ഫോണ്‍. കലര്‍പ്പില്ലാത്ത ആന്‍ഡ്രോയിഡ് അനുഭവം ഇതിന്റെ സവിശേഷതയാണ്. പ്രോ മോഡലിന് 84,999 രൂപ നല്‍കണം.

google-pixel-7-pro
Photo: Google

∙ റെഡ്മി നോട്ട് 11 പ്രോ

ഷഓമിയുടെ വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ സീരീസുകളിലൊന്നായ ഇത് ഇന്നു ലഭിക്കുന്ന, കൊടുക്കുന്ന കാശു മുതലാകുന്ന ഫോണുകളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. മനോഹരമായ 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുള്ള സ്‌ക്രീന്‍, പിന്‍പ്രതലത്തിലുള്ള ഗ്ലാസ്, മികച്ച ബാറ്ററി ലൈഫ്, 67w ചാര്‍ജിങ്, കൊടുക്കുന്ന വിലയ്ക്ക് നിരാശപ്പെടുത്താത്ത ക്യാമറ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ഒരാള്‍ ഫോണിന് 20,000 രൂപ മുടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിശ്ചയമായും പരിഗണിക്കേണ്ട മോഡലുകളിലൊന്നാണ് റെഡ്മി നോട്ട് 11 പ്രോ.

redmi-note-11-pro-6

∙ റിയല്‍മി 9 പ്രോ പ്ലസ്

അല്‍പം കൂടി മികച്ച ക്യാമറാ ഫോണ്‍ വേണമെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് റിയല്‍മി പ്രോ പ്ലസ്. ക്യാമറാ പ്രകടനത്തിന്റെ ബലത്തിലാണ് ഇത് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വില കുറഞ്ഞ സ്മാര്‍ട് ഫോണുകളില്‍ ഏറ്റവും മകച്ച ക്യാമറാപ്രകടനം കണ്ട മോഡലുകളിലൊന്നാണിത്. ഫോണിന്റെ ബാക്കി കാര്യങ്ങളും നിരാശപ്പെടുത്തിയേക്കില്ല. എന്നാല്‍ ഫോണ്‍ ഫൊട്ടോഗ്രഫിക്കായി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ്. തുടക്ക വില 24,999 രൂപ.

∙ മോട്ടറോള എജ് 30 അള്‍ട്രാ

പൊതുവെ ബോറിങ് ഫോണുകള്‍ ഇറങ്ങിയ വര്‍ഷമാണ് ഇതെന്നാണ് പറയുന്നത്. ഇതിനിടയിലെ മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്നാണ് മോട്ടറോള എജ് 30 അള്‍ട്രാ. മികച്ച ഫ്‌ളാഗ്ഷിപ് അനുഭവം താരതമ്യേന കുറഞ്ഞ വിലയ്ക്കു നല്‍കുന്ന ഫോണാണിത്. ഒഴുക്കോടെ ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് മുതല്‍ 200 എംപി പ്രധാന ക്യാമറ വരെ ഒരു പറ്റം ഫീച്ചറുകള്‍ ഈ ഫോണിനെ വേറിട്ടതാക്കുന്നു. ഇതിന് 125w ഫാസ്റ്റ് വയേഡ് ചാര്‍ജിങ്ങും ഉണ്ട്. ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്ന ഈ മോഡലിന് 69,999 രൂപയാണ് എംആര്‍പി. പക്ഷേ, ഇതെഴുതുന്ന സമയത്ത് 54,999 രൂപയ്ക്ക് വില്‍ക്കുന്നു. എക്‌സ്‌ചേഞ്ച്, ബാങ്ക് ഓഫറുകള്‍ പുറമേയും ലഭിക്കും.

Moto-Edge-30-Ultra

∙ ഐഫോണ്‍ എസ്ഇ 3

പലരും അധികം പരിഗണിക്കാത്ത ഫോണുകളിലൊന്നാണിത്. ഡിസൈനിന്റെ കാര്യത്തില്‍ മികവു പറയാനൊക്കില്ലെങ്കിലും കരുത്തിന്റെ കാര്യത്തില്‍ മോശം വരില്ലെന്നുള്ളതാണ് ഇതിന്റെ സവിശേഷത. ആദ്യ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയ സ്‌ക്രീന്‍ മതിയെങ്കില്‍ ഇതു പരിഗണിക്കാം. ചെറിയ കയ്യുള്ളവര്‍ക്ക് ഇണക്കമായിരിക്കുകയും ചെയ്യും. മികച്ച ക്യാമറയും ബാറ്ററി പ്രകടനവും ഉണ്ട്. 54,900 രൂപയാണ് എംആര്‍പി. പക്ഷേ, ഇതിന്റെ 128 ജിബി വേര്‍ഷന്‍ 37,999 രൂപയ്ക്കാണ് ഇതെഴുതുന്ന സമയത്ത് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്.

English Summary: Best Smartphone 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS