ഐക്യൂ 11 5ജി: അവതരിപ്പിക്കും മുൻപേ വിലയും ഫീച്ചർ വിവരങ്ങളും പുറത്ത്
Mail This Article
അടുത്ത വർഷം, ജനുവരി 10 ന് ഇന്ത്യയിൽ അവതരിപ്പിക്കാനിരുന്ന ഐക്യൂ 11 5ജിയുടെ വിവരങ്ങൾ പുറത്തുവന്നു. സ്‌മാർട് ഫോണിന്റെ റാം വകഭേദങ്ങൾ, വില ശ്രേണി, ഇന്ത്യൻ ലോഞ്ചിനായുള്ള കളർ മോഡലുകൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തി. ഐക്യൂ 11 സീരീസ് ഡിസംബർ 8 ന് ചൈനയിലാണ് ലോഞ്ച് ചെയ്തത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട് ഫോൺ ആയിരിക്കും ഐക്യൂ 11 5ജി.
വിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റിന്റെ ഇന്ത്യൻ വേരിയന്റുകളെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനുവരി 10 ന് അവതരിപ്പിക്കുന്ന ഐക്യൂ 11 5ജി ജനുവരി 13 നാണ് വിൽപന തുടങ്ങുക. ഐക്യൂ 11 5ജിയുടെ അടിസ്ഥാന വേരിന്റിന്റെ ഇന്ത്യൻ വില 55,000 രൂപയ്ക്കും 60,000 രൂപയ്ക്കുമിടയിലായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. ആമസോണിലും ഐക്യൂ വെബ്‌സൈറ്റിലും വിൽപനയ്‌ക്കായി ലിസ്റ്റ് ചെയ്യാനിരിക്കുന്ന സ്മാർട് ഫോൺ ആൽഫ, ലെജൻഡ് കളർ വേരിയന്റുകളിൽ വരുമെന്നാണ് റിപ്പോർട്ട്.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിനൊപ്പം പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട് ഫോണാണ് ഐക്യൂ 11 5ജി എന്ന് ചൈനീസ് ബ്രാൻഡ് അവകാശപ്പെട്ടു. ഹാൻഡ്‌സെറ്റ് 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 16 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിൽ അവതരിപ്പിക്കും. ഐക്യൂ 11 5ജിയിൽ 8 ജിബി വരെ റാം വികസിപ്പിക്കാം.
ബിഎംഡബ്ല്യു എം മോട്ടോർസ്‌പോർട് തീം ഡിസൈൻ ചെയ്യുന്ന ഐക്യൂ 11 ലെജൻഡ് എഡിഷൻ കമ്പനി അവതരിപ്പിക്കുമെന്ന് മുൻപ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഐക്യൂ 11 5ജി ആദ്യമായി ഐക്യൂ 11 പ്രോയ്‌ക്കൊപ്പം ഡിസംബർ 8ന് ചൈനയിൽ അവതരിപ്പിച്ചു. 2കെ റെസലൂഷനോട് കൂടിയ സാംസങ് ഇ6 അമോലെഡ് ഡിസ്‌പ്ലേയും LTPO 4.0 ടെക്‌നോളജിയും ഈ സ്മാർട് ഫോണിന്റെ സവിശേഷതയാണ്. 50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറ യൂണിറ്റുമായാണ് ഇത് വരുന്നത്. ഐക്യൂ 11 5ജിയിൽ വി2 ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഫൊട്ടോഗ്രഫിയും സിസ്റ്റം പ്രകടനവും വർധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ചൈനയിൽ അവതരിപ്പിച്ച ഐക്യൂ 11 ന് 120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. റിവേഴ്സ് ചാർജിങ് ഫീച്ചറും ബാറ്ററി പിന്തുണയ്ക്കുന്നു.
English Summary: iQoo 11 5G Variants, Price Range revealed ahead of January Launch