2023ൽ ഇന്ത്യയിൽ ഫോൾഡബിൾ ഫോൺ വിൽപന കൂടും
Mail This Article
അടുത്ത വർഷം ഇന്ത്യയിൽ ഫോൾഡബിൾ ഫോൺ വിൽപന 20 മുതൽ 30 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2022ന് ശേഷം ആഗോളതലത്തിലും ഇന്ത്യയിലും ഫോൾഡബിൾ ഫോൺ വിൽപന 50 ശതമാനത്തിലധികം വർധിച്ചു. 'ഗ്ലോബൽ ഫോൾഡബിൾ സ്മാർട് ഫോൺ മാർക്കറ്റ് പ്രഡിക്ഷൻ, ക്യു3 2022' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2023 ൽ ഫോൾഡബിൾ ഫോൺ വിൽപന 52 ശതമാനം വാർഷിക വളർച്ച നേടുമെന്നും 2.27 കോടി ഫോൾഡബിൾ ഫോണുകൾ ആഗോളതലത്തിൽ വിൽക്കുമെന്നും പ്രവചിക്കുന്നു. എന്നാൽ, ഇന്ത്യയിൽ മടക്കാവുന്ന സ്‌മാർട് ഫോൺ വിൽപന ആഗോള വിൽപനയ്‌ക്ക് അനുസൃതമായി കുതിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള വിഹിതത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമാണിത്
2022 ൽ ഏകദേശം 400,000 മടക്കാവുന്ന സ്‌മാർട് ഫോണുകൾ ഇന്ത്യയിൽ വിതരണം ചെയ്‌തതായി വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞു. മടക്കാവുന്ന ഫോൺ വിൽപനകൾ അടുത്ത വർഷം 20 മുതൽ 30 ശതമാനം വളർച്ച നേടുമെങ്കിലും മൊത്തത്തിലുള്ള എണ്ണത്തിൽ അവ ചെറുതായി തുടരുന്നു. ഡിസംബർ പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 30,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോൺ വിൽപനകൾ കേവലം 2 ശതമാനം മാത്രമാണ്.
അടുത്ത വർഷവും സാംസങ് ഫോൾഡബിൾ ഫോൺ വിപണിയിൽ മുന്നിൽ തുടരുമെങ്കിലും ചൈന ആസ്ഥാനമായുള്ള ബ്രാൻഡുകളായ ഓണർ, മോട്ടറോള, ഷഓമി, വാവെയ്, ഓപ്പോ, വിവോ എന്നിവ അടുത്ത വർഷം ഈ വിഭാഗത്തിൽ മത്സരം വർധിപ്പിക്കുന്നതിനും വില കുറയുന്നതിനും കാരണമാകുമെന്ന് കൗണ്ടർപോയിന്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
English Summary: Foldable phone shipments in India to grow 20-30% in 2023