ADVERTISEMENT

പുതിയ പ്രീമിയം സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അവയില്‍ ഏതാനും ചില മോഡലുകള്‍ എന്നാണ് ഇറങ്ങുകയെന്നും പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ എന്തൊക്കെയെന്നും ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വച്ചൊരു എത്തിനോട്ടം നടത്താം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയാവും ഇവയില്‍ പലതും അവതരിപ്പിക്കപ്പെടുക. ബിസിനസ് ഫോണ്‍ എന്ന സങ്കല്‍പം ഈ വര്‍ഷം തിരിച്ചുവന്നേക്കും. ജനുവരി 5ന് തുടങ്ങുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) അവതരിപ്പിച്ചേക്കാവുന്ന പ്രീമിയം ഫോണുകള്‍ മുതല്‍ സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്ന ഐഫോണ്‍ 15 അള്‍ട്രായും ഒക്ടോബറില്‍ പ്രതീക്ഷിക്കുന്ന ഗൂഗിള്‍ പിക്‌സല്‍ 8പ്രോയും വരെയുള്ള ചില സൂപ്പര്‍ സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ ഇതാ:

∙ ലെനോവോ തിങ്ക്‌ഫോണ്‍

ബിസിനസ് ഫോണ്‍ എന്നു കേട്ടാല്‍ ടെക്‌നോളജി പ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുക ബ്ലാക്‌ബെറി ആയിരിക്കും. അത് പ്രവര്‍ത്തിച്ചിരുന്ന കാലത്തിന് ഉചിതമായ രീതിയില്‍, ബിസിനസ് ഉപയോക്താക്കള്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉതകുന്ന സോഫ്റ്റ്‌വെയര്‍ കവചമൊരുക്കിയിരുന്ന ബ്ലാക്‌ബെറി ഫോണുകള്‍, കുറ്റിയറ്റുപോയ ഒരു ‘സ്മാര്‍ട് ഫോണ്‍ വംശം’ തന്നെ ആണ്. അത്തരത്തിലൊരു വിജയം ആവര്‍ത്തിക്കാൻ ശ്രമിക്കുകയാണ് ലെനോവോ. ‘തിങ്ക്’ ബ്രാന്‍ഡില്‍ ബിസിനസ് ഉപയോക്താക്കള്‍ക്ക് അടക്കം ഏതാനും ഉപകരണങ്ങള്‍ വിറ്റുവരുന്ന കമ്പനി അതേ ബ്രാന്‍ഡ് നാമത്തില്‍ ഫോണ്‍ ഇറക്കുകയാണ്. തിങ്ക്‌ഫോണ്‍ എന്നാണ് പേര്.

∙ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

ലെനോവോ തിങ്ക്ടാബ് എക്‌സ്ട്രീം, സ്മാര്‍ട് പേപ്പര്‍, മാജിക്‌ബേ, യോഗാ 9ഐ തുടങ്ങിയവ അടങ്ങുന്ന ശ്രേണിയിലേക്കാണ് തിങ്ക്‌ഫോണും എത്തുന്നത്. തിങ്ക്പാഡിന്റെ ചെറിയൊരു പതിപ്പാണ് തിങ്ക്‌ഫോണ്‍ എന്നു വേണമെങ്കില്‍ പറയാം. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും കരുത്തുറ്റ പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആയിരിക്കാം ഇതിന്റെ കേന്ദ്രത്തില്‍. ഫുള്‍എച്ഡിപ്ലസ് റെസലൂഷനുള്ള ഓലെഡ് ഡിസ്‌പ്ലെ പ്രതീക്ഷിക്കുന്നു. സ്ലിം ആയേക്കില്ല ഫോണ്‍ എന്നാണ് സൂചന. മികച്ച ബാറ്ററി ലൈഫ് പ്രതീക്ഷിക്കുന്നു. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മുഖം തിരിച്ചറിയല്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായേക്കാം.

∙ ക്യാമറാ സിസ്റ്റം, ഒഎസ്

പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു - 50 എംപി പ്രധാന ക്യാമറ, 13 എംപി അള്‍ട്രാവൈഡ്, ഡെപ്ത് അല്ലെങ്കില്‍ മാക്രോ ലെന്‍സ്, 16 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. അധിക സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പരുവപ്പെടുത്തിയ ആന്‍ഡ്രോയിഡ് 13 ആയിരിക്കാം ഒഎസ്. ബ്ലാക്‌ബെറി ഒഎസിനെ പോലെ ബിസിനസ് ഉപയോക്താക്കള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ വിശ്വസിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അവതരണത്തിന് പ്രതീക്ഷിക്കുന്നത് ഇനി ദിവസങ്ങള്‍ മാത്രം.

∙ ഐക്യൂ 11

ഈ മാസം പ്രതീക്ഷിക്കുന്ന മറ്റൊരു ഫോണാണ് ഐക്യൂ 11. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ഉപയോഗിച്ചു പുറത്തിറക്കാന്‍ പോകുന്ന ഫോണുകളില്‍ ഏറ്റവും വിലക്കുറവുള്ള ഫോണുകളുടെ പട്ടികയിലാണ് ഇതു പെടുന്നത് എന്നതാണ് ഐക്യൂ 11ന്റെ സവിശേഷത. ഇതിന് 144 ഹെട്‌സ് റിഫ്രെഷ് അനുപാതമുള്ള 2കെ അമോലെഡ് സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ കണ്ടേക്കാം. കൂടാതെ 5000 എംഎഎച് ബാറ്ററിയും 120w ഫാസ്റ്റ് ചാര്‍ജിങ്ങും പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ലഭ്യമാകാന്‍ പോകുന്ന ഏറ്റവും വില കുറഞ്ഞ പ്രീമിയം ഫോണുകളിലൊന്ന് എന്നതാണ് ഇതിന്റെ പ്രാധാന്യം.

∙ വണ്‍പ്ലസ് 11 സീരീസ്

ചില ഇന്ത്യക്കാര്‍ താൽപര്യപൂര്‍വം കാത്തിരിക്കുന്ന ഒന്നാണ് വണ്‍പ്ലസ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ് സീരീസ്. ഏറ്റവും പുതിയ വണ്‍പ്ലസ് 11 സീരീസ് ഫെബ്രുവരി 7ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് മനസ്സിലാകുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 തന്നെയായിരിക്കും പ്രോസസര്‍. ഇതിന് 120 ഹെട്‌സ് റിഫ്രഷ് അനുപാതമുള്ള, 2കെ അമോലെഡ് സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് 13ന് തങ്ങളുടെ വക ചില പാകപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളിച്ച ഓക്‌സിജന്‍ഒഎസിലായിരിക്കും അത് പ്രവര്‍ത്തിക്കുക. വണ്‍പ്ലസ് 11 പ്രോ മോഡലിൽ എതിരാളികള്‍ അസൂയയോടെ നോക്കുന്ന ഫീച്ചര്‍ അതിന്റെ ക്യാമറാ സിസ്റ്റമായിരിക്കും. സ്വീഡനില്‍ നിന്നുള്ള മീഡിയം ഫോര്‍മാറ്റ് ക്യാമറകളുടെ നിര്‍മാതാവ് ഹാസല്‍ബ്ലാഡ് ആണ് ക്യാമറകളുടെ നിര്‍മാണത്തില്‍ വണ്‍പ്ലസിനോട് സഹകരിക്കുക എന്നതാണ് ക്യാമറ ശ്രദ്ധാകേന്ദ്രമാകാനുള്ള കാരണം.

∙ സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്രാ

ഇതുവരെ പറഞ്ഞുപോയ മോഡലുകളെക്കാളേറെ പ്രാധാന്യമര്‍ഹിക്കുന്ന സ്മാര്‍ട് ഫോണാണ് ഗ്യാലക്‌സി എസ്23 അള്‍ട്രാ. ഹാര്‍ഡ്‌വെയര്‍ നിര്‍മാതാവു കൂടിയായ സാംസങ് ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന ഫോണിന് നിശ്ചയായും ക്യാമറയുടെ കാര്യത്തിലടക്കം പല പുതുമകളും പ്രതീക്ഷിക്കുന്നു. പ്രോസര്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 തന്നെ ആയിരിക്കും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണും ഇതായിരിക്കാം. ക്യമറയുടെ ടെലി സൂമിന്റെ കാര്യത്തിലും മറ്റും സാംസങ് എസ്22 അള്‍ട്രാ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇതിനെ കവച്ചുവയ്ക്കുന്ന മികാവണ് എസ്23 അള്‍ട്രായില്‍ പ്രതീക്ഷിക്കുന്നത്.

∙ ഐഫോണ്‍ 15 അള്‍ട്രാ

ഇന്നേവരെ ഇറങ്ങിയ എല്ലാ ഐഫോണിനെയും കവച്ചുവയ്ക്കുന്ന പ്രകടനമാണ് ഐഫോണ്‍ 15 അള്‍ട്രായില്‍ നിന്നു പ്രതീക്ഷിക്കുന്നത്. കെട്ടിലും മട്ടിലും മറ്റൊരു ഐഫോണിനുമില്ലാത്ത ആഢ്യത്തം ഈ ഫോണില്‍നിന്നു പ്രതീക്ഷിക്കുന്നു. ടൈറ്റാനിയം ഉപയോഗിച്ചുള്ള യൂണിബോഡി നിര്‍മാണം, ഏറ്റവും കരുത്തുറ്റ പ്രോസസര്‍ (ഒരു പക്ഷേ, ഐഫോണ്‍ 15 പ്രോയേക്കാള്‍ കരുത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്തതായിരിക്കാം) ആയിരിക്കാം ഉപയോഗിക്കുക.

∙ മറ്റൊരു ഐഫോണിനും അവകാശപ്പെടാനാകാത്ത ക്യാമറ

പെരിസ്‌കോപ് സൂം ലെന്‍സ് ആണ് 15 അള്‍ട്രായ്ക്ക് പറഞ്ഞുകേള്‍ക്കുന്ന ഫീച്ചറുകളില്‍ ഒന്ന്. ഇതുവരെയുള്ള ഒരു ഐഫോണിനും സാധിക്കാത്ത തരത്തില്‍ സൂം ചെയ്യാനുള്ള സാധ്യതയാണ് ഇതോടെ തുറക്കുന്നത്. പ്രധാന ക്യാമറയ്ക്ക് ഒരു 1 ഇഞ്ച് സെന്‍സര്‍ ഉപയോഗിച്ചേക്കാമെന്നും വാദമുണ്ട്. അതുവഴി വെളിച്ചക്കുറവുള്ള ഇടങ്ങളിലും മറ്റും എടുക്കുന്ന ചിത്രങ്ങള്‍ക്കും മറ്റൊരു ഐഫോണിനും ലഭ്യമല്ലാത്ത മികവാര്‍ജ്ജിക്കാന്‍ അള്‍ട്രാ മോഡലിനു സാധിച്ചേക്കും. എന്നാല്‍, ഇതിനൊക്കെ നല്ല വില കൊടുക്കേണ്ടി വരും. ഇന്ത്യയില്‍ ഐഫോണ്‍ 15 അള്‍ട്രായുടെ തുടക്ക വേരിയന്റിന്പ്രതീക്ഷിക്കുന്നത് 1,59,990 രൂപയാണ്.

∙ ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ

ഈ വര്‍ഷത്തെ ഗൂഗിള്‍ പിക്‌സല്‍ 7 മോഡലുകള്‍ ടെക്‌നോളജി റിവ്യൂവര്‍മാരുടെ പ്രതീക്ഷയ്ക്കു പാത്രമായി എന്നതു തന്നെ അടുത്ത വര്‍ഷത്തെ ഫോണ്‍ ഉജ്ജ്വലമായ ഒന്നായിരിക്കാമെന്ന ചിന്തയ്ക്കു വഴിവയ്ക്കുന്നു. ഗൂഗിള്‍ സ്വന്തമായി നിര്‍മിക്കുന്ന ടെന്‍സര്‍ പ്രോസസറിന്റെ മൂന്നാം തലമുറയായിരിക്കും ഈ ഫോണിന് ശക്തി പകരുക. അതിനൊപ്പം 12 ജിബി വരെ റാമും, 256 ജിബി സ്റ്റോറേജ് ശേഷിയുമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റില്‍ ഫൊട്ടോഗ്രഫിക്ക് എക്കാലത്തും പേരുകേട്ട പിക്‌സല്‍ ഫോണുകള്‍ ഈ വര്‍ഷം കൂടുതല്‍ കരുത്തുറ്റ പ്രകടനം പുറത്തെടുത്തേക്കുമെന്നു കരുതുന്നു. പ്രകാശക്കുറവുള്ള സ്ഥലങ്ങളിലും മറ്റും പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് പിക്‌സല്‍ 7 പ്രോയെ അതിശയിപ്പിക്കുന്ന പ്രകടനം പിക്‌സല്‍ 8 പ്രോയ്ക്ക് ലഭിച്ചേക്കാം.

∙ എഐ മികവ്

ഇതിനു പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ള ഫീച്ചറുകളും ക്യാമറയില്‍ പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ എഐ വികസിപ്പിക്കുന്ന കമ്പനികളിലൊന്നായ ഗൂഗിള്‍ ഫോണിനു മൊത്തമായി ഒരു എഐ മികവ് പകര്‍ന്നേക്കുമെന്നൊരു ചിന്തയും പൊതുവെയുണ്ട്. ഇതുവരെ ഇറങ്ങിയിരിക്കുന്നതിൽ വച്ച് ഏറ്റവും ശ്രദ്ധേയമായ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് ആയിരിക്കും ഗൂഗില്‍ പിക്‌സല്‍ 8 പ്രോ എന്ന് വാദിക്കുന്നവരും കുറവല്ല.

English Summary: Smartphone launches to watch out in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT