സാംസങ് ഗ്യാലക്‌സി എഫ്04 ഇന്ത്യയിലെത്തി, 5000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ

Mail This Article
സാംസങ് ഗ്യാലക്‌സി എഫ്-സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എഫ്04 (Samsung Galaxy F04 ) ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ്ങിൽ നിന്നുള്ള ഈ എൻട്രി ലെവൽ ഫോണിനും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച് ഉണ്ട്. ഗ്യാലക്സി എം4ന്റെ പരിഷ്കരിച്ച പതിപ്പാണ് എഫ്04 എന്നും കരുതുന്നു. ഗ്യാലക്സി എഫ്04 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,499 രൂപയാണ് വില. ഇതൊരു പ്രത്യേക ലോഞ്ച് വിലയാണ്.
എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് 9,499 രൂപയ്ക്കാണ്. ഫ്ലിപ്കാർട്ട്, സാംസങ്.കോം എന്നിവ വഴിയും രാജ്യത്തെ മറ്റ് പ്രധാന റീട്ടെയിലർമാർ വഴിയും ജനുവരി 12 ന് ഉച്ചയ്ക്ക് 12 മുതൽ ജെഡെ പർപ്പിൾ, ഒപാല്‍ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ ഇളവ് ലഭിക്കും.
ഡ്യുവൽ സിം സാംസങ് ഗ്യാലക്‌സി എഫ്04 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്‌ഡി+ (720 x 1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 4ജിബി റാമിനൊപ്പം പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ പി 35 ആണ് പ്രോസസർ. സൗജന്യ സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ മെമ്മറി 8 ജിബി വരെ വികസിപ്പിക്കാൻ റാം പ്ലസ് ഫീച്ചർ ഉപയോഗപ്പെടുത്താം.
12 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണമാണ് ഗ്യാലക്സി എഫ്സി04 അവതരിപ്പിക്കുന്നത്. 5 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാൻ കഴിയുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജ് ആണ് ഇതിലുള്ളത്. 4ജി, വൈ-ഫൈ 802.11, ബ്ലൂടൂത്ത് വി5, ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഹാൻഡ്സെറ്റിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 5,000എംഎഎച്ച് ആണ് ബാറ്ററി.
English Summary: Samsung Galaxy F04 With 5,000mAh Battery Launched in India