രാത്രിയിലെ അമിത ഫോൺ ഉപയോഗം, യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു, സംഭവിച്ചതെന്ത്?

Mail This Article
അമിത സ്‌മാർട് ഫോൺ ഉപയോഗം മൂലം ഹൈദരാബാദ് യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു. ജോലി ഉപേക്ഷിച്ച് പോലും മണിക്കൂറുകളോളം സ്‌മാർട് ഫോണിൽ ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രാത്രി ഏറെ നേരം ഇരുട്ടിൽ പോലും ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു ഇവർക്ക്. ഇതാണ് കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായതും.
ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാത്രിയിൽ ഇരുട്ടുമുറിയിൽ മണിക്കൂറുകളോളം സ്‌മാർട് ഫോണിൽ നോക്കുന്ന ശീലമാണ് 30കാരിക്ക് കാഴ്ച തകരാറിലേക്ക് നയിച്ചതെങ്ങനെയെന്ന് ട്വീറ്റിൽ പറയുന്നത്. ഇടയ്ക്കിടെ വരുന്ന കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ എന്നീ ലക്ഷണങ്ങളുമായാണ് യുവതി ഡോക്ടറെ സമീപിച്ചത്. പരിശോധിച്ചപ്പോൾ സ്‌മാർട് ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്) ആണെന്ന് കണ്ടെത്തി. സ്‌മാർട് ഫോൺ വിഷൻ സിൻഡ്രോം അന്ധത ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ സിൻഡ്രോം പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ഇത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു. മരുന്നുകളും ജീവിതശൈലി ക്രമീകരണങ്ങളും ഈ അവസ്ഥയെ സുഖപ്പെടുത്താമെങ്കിലും അമിതമായ സ്മാർട് ഫോൺ ഉപയോഗം കുറയ്ക്കുന്നത് ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
ഡിജിറ്റൽ സ്‌ക്രീനിലേക്ക് തുടർച്ചയായി കൂടുതൽ സമയം നോക്കുന്നവർക്കാണ് സ്മാർട് ഫോൺ വിഷൻ ഡിസോർഡർ വരുന്നത്. സ്‌മാർട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, തുടങ്ങി ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതോടെ ഇത്തരം ആരോഗ്യപ്രശ്നങ്ങളും വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് ഇടവേള എടുക്കുന്നത് ആവശ്യമാണെന്നും ഡോ. സുധീർ പറയുന്നുണ്ട്. ഒരു ഡിജിറ്റൽ സ്‌ക്രീൻ (‘20-20-20 റൂൾ’) ഉപയോഗിക്കുമ്പോൾ 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് നോക്കാൻ ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് ഇടവേള എടുക്കാനാണ് ഡോക്ടർ ഉപദേശിച്ചത്.
∙ അമിത സ്മാര്‍ട് ഫോണ്‍ ഉപയോഗം ഉണ്ടോ? നിയന്ത്രിക്കാം എളുപ്പത്തിൽ
അടുത്തിടെ ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ അമ്മ ആദ്യമായി സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് 79-ാമത്തെ വയസിലാണ്. തന്റെ അമ്മ അതിവേഗം അതുമായി സ്‌നേഹത്തിലായെന്നും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സ്മാര്‍ട് ഫോൺ താഴെ വയ്ക്കാത്ത അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം പറയുന്നു. ആ അമ്മ പ്രധാനമായും ഫോണില്‍ കാണുന്നത് യൂട്യൂബിന്റെ അല്‍ഗോറിതം ഇട്ടുകൊടുക്കുന്ന വിഡിയോകളാണ്. സേര്‍ച് ചെയ്ത് കണ്ടെന്റ് കണ്ടെത്താന്‍ പോലും അറിയില്ല. ഫോണില്‍ അന്തംവിട്ടു നോക്കി കിടക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. അമ്മയ്ക്ക് നട്ടെല്ലിനടക്കം വേദന വന്നു. സുഹൃത്ത് ഫോണില്‍ ഡേറ്റ നല്‍കുന്ന സമയം പരിമിതപ്പെടുത്തി. അതോടെ ശാരീരികാസ്വാസ്ഥ്യം കുറഞ്ഞു.
∙ ഡിജിറ്റല്‍ സൗഖ്യം
മറ്റൊരു അനുഭവം കൂടെ നോക്കാം. വേറൊരാളിന്റെ ഭാര്യ ഉന്നത ഉദ്യോഗസ്ഥയാണ്. നട്ടെല്ലിന് കടുത്ത വേദന. പല ആശുപത്രികളിലും കയറി ഇറങ്ങി. ഓഫിസിലെ കസേര അടക്കമുള്ള കാര്യങ്ങള്‍ മാറ്റിച്ചു. വേദന വര്‍ധിച്ചതേയുള്ളു. അവസാനം ആ ഉദ്യോഗസ്ഥ തന്നെ ഒരുകാര്യം കണ്ടുപിടിച്ചു. ഓഫിസിലെ തിരക്കു കഴിഞ്ഞെത്തി കടിന്നുകൊണ്ട് മൂന്നു മണിക്കൂറോളം വാട്‌സാപ് നോക്കും. ഇതു നിർത്തിയതോടെ നടുവേദന കുറഞ്ഞു തുടങ്ങി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മിക്കവരും ഇപ്പോഴും നേരിടുന്നുണ്ട്. അല്ലെങ്കില്‍ താമസിയാതെ നേരിടും. സ്മാര്‍ട് ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ അതിരുവിട്ട ഉപയോഗം ശരീരത്തെയും മനസിനെയു ബാധിക്കും. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്ത അവസ്ഥയെയാണ് ഡിജിറ്റല്‍ സൗഖ്യം എന്നു വിളിക്കുന്നത്.
∙ ഇതേപ്പറ്റി കമ്പനികള്‍ക്കും അറിയാം
സ്മാര്‍ട് ഫോണുകളും കംപ്യൂട്ടറുകളും അറിവിന്റെ ഈ യുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയാണ്. അതേസമയം, ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം പരിരക്ഷിക്കുകയും വേണം. കണ്ണിന്റെ ആയാസം, പെട്ടെന്ന് ശ്രദ്ധ നഷ്ടപ്പെടുക, കഴുത്തിനും നട്ടെല്ലിനുമുള്ള പ്രശ്‌നങ്ങളൊക്കെ പലര്‍ക്കും വന്നു തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ തന്നെ സ്‌ക്രീന്‍ ടൈം-ഫോണിലും കംപ്യൂട്ടറിലും കണ്ണുംനട്ടിരിക്കുന്ന സമയം കുറയ്‌ക്കേണ്ടത് നിത്യരോഗി ആകാതിരിക്കാന്‍ നിര്‍ബന്ധമായി ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്. രാത്രി ഉറക്കം പോലും കളഞ്ഞ് ഫോണിൽ നോക്കിയിരിക്കുന്ന യുവജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യമാണ് ഏറ്റവുമധികം ആശങ്കാജനകം. ഗൂഗിളും ആപ്പിളും ഇക്കാര്യത്തില്‍ ബോധമുള്ളവരാണ്.
∙ ആന്‍ഡ്രോയിഡിലെ ഡിജിറ്റല്‍ വെല്‍ബീയിങ് ഫീച്ചര്‍
പിക്‌സല്‍ ഫോണുകളില്‍ മാത്രമായി ഒരു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തിയ ഫീച്ചറായിരുന്നു ഗൂഗിളിന്റെ ഡിജിറ്റല്‍ വെല്‍ബീയിങ്. എന്നാല്‍, എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളും ഇത് നല്‍കണമെന്ന് 2019ല്‍ ഗൂഗിള്‍ നിര്‍ബന്ധമാക്കി. പലരും അവഗണിക്കുന്ന ഈ ഫീച്ചര്‍ സ്മാര്‍ട് ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യും. ഐഒഎസിലും സമാനമായ ഫീച്ചറുകള്‍ ഉണ്ട്.
∙ ആപ്പുകള്‍ക്ക് ടൈമറുകള്‍ വയ്ക്കുക
പലരെ സംബന്ധിച്ചും ഫോണ്‍ അല്ല പ്രശ്‌നം. ചില ആപ്പുകളാണ്. വാട്‌സാപ് സന്ദേശങ്ങള്‍ക്കായി കണ്ണുംനട്ടിരിക്കുന്നവരും ഇന്‍സ്റ്റഗ്രാമില്‍ അനന്തമായി സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്നവരും യൂട്യൂബ് വിവരങ്ങള്‍ക്കായി നോക്കിയിരിക്കുന്നവരും ഉണ്ടായിരിക്കും. അതാണ് പ്രശ്‌നമെങ്കില്‍ ആപ്പുകള്‍ക്ക് ടൈമറുകള്‍ വയ്ക്കുക. സമയം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ ആ ദിവസം ആ ആപ് തുറക്കാന്‍ സാധിക്കാത്ത രീതിയിലായിരിക്കും ഡിജിറ്റല്‍ വെല്‍ബീയിങ് പ്രവര്‍ത്തിക്കുക. ഫോണിന്റെ സെറ്റിങ്‌സില്‍ പോയി ഡിജിറ്റല്‍ വെല്‍ബീയിങ് ആന്‍ഡ് പാരന്റല്‍കൺട്രോള്‍സ് കണ്ടെത്തുക. അവിടെ ഡാഷ്‌ബോര്‍ഡ് തിരഞ്ഞെടുക്കുക. ഫോണിലുള്ള ആപ്പുകളുടെ പട്ടിക ഇവിടെ കാണാം. ഏത് ആപ്പിനും ടൈമര്‍ വയ്ക്കാന്‍ സാധിക്കും.
∙ ഫോക്കസ് മോഡ്
ഡുനോട്ട് ഡിസ്‌റ്റേര്‍ബിനേക്കാളേറെ ശക്തിമത്താണ് ഫോക്കസ് മോഡ്. സദാ ശല്യം ചെയ്യുന്ന ആപ്പുകളെ നിയന്ത്രിക്കാന്‍ ഇതാണ് ഏറ്റവും ഉചിതം. ശല്യം ചെയ്യുന്ന ആപ്പായി നിങ്ങള്‍ രേഖപ്പെടുത്തിയ ആപ്പുകള്‍ പിന്നെ ഉപയോഗിക്കാന്‍ സാധിക്കില്ല. അവയില്‍നിന്ന് നോട്ടിഫിക്കേഷനുകളും വരില്ല. എന്തെങ്കിലും പണി തീര്‍ക്കാനിരിക്കുമ്പോള്‍ ഒക്കെ ഇത് വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. സെറ്റിങ്‌സിലെ ഡിജിറ്റല്‍ വെല്‍ബിയിങില്‍ തന്നെ ഫോക്കസ് മോഡും കാണാം. ശല്യംചെയ്യുന്ന ആപ്പുകളെല്ലാം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ടേണ്‍ ഓണ്‍നൗ ബട്ടണില്‍ ടാപ്ചെയ്യുക.
∙ ബെഡ്‌ടൈം മോഡ്
ബെഡ്‌ടൈം മോഡിലിട്ടാല്‍ ഫോണുകള്‍ നിശബ്ദമാകും. സ്‌ക്രീനും വാള്‍പേപ്പറും കുറച്ചു മാത്രമേ പ്രകാശിക്കൂ. സ്‌ക്രീന്‍ ബ്ലാക് ആന്‍ഡ് വൈറ്റായി മാറും. സ്‌ക്രീനിൽ നിന്നുവരുന്ന അപകടകാരിയായ നീല വെളിച്ചം അടക്കമുള്ളവ ഇല്ലാതാക്കാം. നീല വെളിച്ചം ഉറക്കം കെടുത്തുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ടല്ലോ. ബെഡ്‌ടൈം മോഡും ഡിജിറ്റല്‍ വെല്‍ബീയിങ്ങില്‍ കിട്ടും. തങ്ങള്‍ എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു പോലും ബോധമില്ലാത്തവരാണ്. രോഗാവസ്ഥയിലേക്ക് എത്താതിരിക്കാന്‍ ഫോണ്‍ ഉപയോഗം ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കുക.
English Summary: Hyderabad woman loses her vision due to smartphone