ADVERTISEMENT

ത്രിമാനത, നിമഗ്നമായ അനുഭവം, ദശലക്ഷക്കണക്കിന് ആപ്പുകളുടെ സാന്നിധ്യം ഇങ്ങനെ ഒട്ടനവധി പുതുമകളുമായി തങ്ങളുടെ ആദ്യ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ഇറക്കി ലോകത്തെ ഞെട്ടിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്ന് ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍ റിയാലിറ്റി പ്രോ എന്നു പേരിട്ടേക്കാവുന്ന ഹെഡ്‌സെറ്റിന്റെ പ്രസക്തി, ടെക്‌നോളജി പ്രേമികളെ തുടക്കത്തില്‍ തന്നെ അറിയിക്കാനുളള ശ്രമമാണത്രേ നടക്കുന്നത്. ഇതൊക്കെ ശരിയാണെങ്കില്‍, സ്മാര്‍ട്ട്‌ഫോണില്‍ മുഴുകിയിരിക്കുന്ന ആളുകള്‍ക്കു പകരം ഹെഡ്‌സെറ്റ് ധരിച്ച് തങ്ങളുടെ ലോകത്തേക്ക് പരിപൂര്‍ണ്ണമായി ഉള്‍വലിഞ്ഞ ആളുകളെ അധികം താമസിയാതെ കാണാനായേക്കും.

ഐഫോണിനു പകരമോ?

സമീപ ഭാവിയില്‍ത്തന്നെ ഐഫോണിനപ്പുറത്തേക്ക് ടെക്‌നോളജിയെ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു ഉപകരണമായി ആപ്പിള്‍ റിയാലിറ്റി പ്രോയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കുപ്പര്‍ട്ടിനോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ഭീമനു താത്പര്യമുണ്ടെന്ന വാദങ്ങളും ശക്തമാകുകയാണ്. ഐഫോണ്‍ പോലെ പ്രശസ്തമായ ഒരു ഉപകരണത്തിനു പകരമാകണമെങ്കില്‍ അതില്‍ ഫീച്ചറുകളുടെ പ്രളയം തന്നെ ഉണ്ടാകണം. ആദ്യം പറഞ്ഞുകേട്ട രീതിയിലാണെങ്കില്‍ ആപ്പിളിന്റെ ഹെഡ്‌സെറ്റ് ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കു മാത്രമാകും താത്പര്യജനകമാകുക. 3000 ഡോളര്‍ എന്ന വിലയും അത്തരം സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്. മെറ്റാ (ഫെയ്‌സ്ബുക്) കമ്പനിയുടെ ക്വെസ്റ്റ് തുടങ്ങിയ ഹെഡ്‌സെറ്റുകള്‍ പലരിലും അനുകൂല പ്രതികരണങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും അവയൊന്നും സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പകരമാകാന്‍ കെല്‍പ്പുള്ളവ ആയിരുന്നില്ല. പക്ഷെ, അത്തരത്തിലൊരു സാധ്യത ആയിരിക്കാം തങ്ങളുടെ ആദ്യ എംആര്‍ ഹെഡ്‌സെറ്റില്‍ ആപ്പിള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നത്.

ഐപാഡ് ആപ്പുകള്‍ കൂട്ടത്തോടെ ഹെഡ്‌സെറ്റിലേക്ക്?

'അതിനും ഒരു ആപ്പുണ്ട്' എന്നൊരു മുദ്രാവാക്യം മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ കാലത്തുള്ളതായിരുന്നു. ആപ്പുകളെ കൂട്ടത്തോടെ പുതിയ ഹെഡ്‌സെറ്റിലെത്തിക്കാന്‍ ശ്രമമുണ്ടെന്നു പറയപ്പെടുന്നു. ആപ്പിള്‍ റിയാലിറ്റി പ്രോയില്‍ പല ഐപാഡ് ഫീച്ചറുകളും നല്‍കിയേക്കുമെന്നാണ് അവകാശവാദം. അതിനൊപ്പം സ്‌പോര്‍ട്‌സ് ടെലികാസ്റ്റ്, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയും ലഭ്യമാക്കാനുള്ള സാധ്യതയും കമ്പനി ആരായുകയാണത്രേ. ഗെയിമിങ്, ഫിറ്റ്‌നസ്, കൊളാബറേഷന്‍ ടൂളുകള്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമവും നടക്കുന്നു. ഐപാഡ് ആപ്പുകള്‍ ഉള്‍ക്കൊള്ളിക്കുക വഴി ദശലക്ഷക്കണക്കിന് തേഡ്പാര്‍ട്ടി ആപ്പുകളെ ഒറ്റയടിക്ക് ഹെഡ്‌സെറ്റിലെത്തിക്കാന്‍ ആപ്പിളിനു സാധിച്ചേക്കുമെന്നു പറയുന്നു. ഐപാഡിന്റെ ദ്വിമാനതയില്‍നിന്നു മോചിക്കപ്പെടുന്ന ആപ്പുകളില്‍ പലതും ത്രിമാനതയോടെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതായിരിക്കും വ്യത്യാസം. ആപ്പിളിന്റെ ഹെഡ്‌സെറ്റിന്റെ ഒഎസ് എക്‌സ്ആർഒഎസ് എന്നായിരിക്കും അറിയപ്പെടുക. ഇത് ഐഒഎസ് കേന്ദ്രീകൃതമാകയാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നും വാദമുണ്ട്.

ആപ്പിളിന്റെ എല്ലാ ആപ്പുകളും ലഭ്യമാക്കിയേക്കും

ഐഫോണിലും ഐപാഡിലും ആപ്പിള്‍ നല്‍കുന്ന ഫെയ്‌സ്‌ടൈം, സഫാരി, നോട്‌സ്, മെയില്‍, മാപ്‌സ്, കോണ്ടാക്ട്‌സ്, കലണ്ടര്‍, ഫയല്‍സ് തുടങ്ങി എല്ലാ ആപ്പുകൾക്കും ഹെഡ്‌സെറ്റിലും ഇടം ലഭിച്ചേക്കും. ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് ഇവ പരിചിതമായിരിക്കും. എന്നാല്‍, പുതിയ വിആര്‍ ഇന്റര്‍ഫെയ്‌സില്‍ ഇവയ്ക്കു പുതുമയും അനുഭവപ്പെടും. വിലയേറിയ ഒരു ഹെഡ്‌സെറ്റ് വാങ്ങി അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്ന തോന്നല്‍ ഉണ്ടാകരുത് എന്നുറപ്പാക്കാനാണ് ആപ്പുകളെയും മറ്റും ആപ്പിള്‍ റിയാലിറ്റി പ്രോയിലേക്കും മാറ്റിപ്പാര്‍പ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പരിചിതത്വത്തോടെ ഇടപെടാവുന്ന രീതിയിലായിരിക്കും ആപ്പുകള്‍ ലഭ്യമാക്കുക. സംഗീതം, വാര്‍ത്ത, ഓഹരി വപണി, കാലാവസ്ഥ തുടങ്ങിയവയും ലഭ്യമാകും. വെര്‍ച്വലായി ആപ്പിള്‍ ബുക്‌സും ലഭിക്കും.

ക്യാമറ ആപ്പും

ഹെഡ്‌സെറ്റിലും ഒരു പറ്റം ക്യാമറകളുണ്ടെന്നാണ് അറിവ്. ഇവ ഉപയോഗിച്ച് ഫോട്ടോകളും വിഡിയോകളും പകര്‍ത്താനും സാധിച്ചേക്കും. ഇതെല്ലാം സാധ്യമാക്കാനായി ആപ്പിള്‍ എൻജിനീയര്‍മാര്‍ ഇപ്പോള്‍ ആഴ്ചയില്‍ 80 മണിക്കൂറാണ് ജോലിയെടുക്കുന്നതത്രെ. അവതരണം ജൂണ്‍ 5നാണ് പ്രതീക്ഷിക്കുന്നത്.

ഹെഡ്‌സെറ്റ് ധരിച്ച് ജോലിയെടുക്കാനും സാധിച്ചേക്കും

ആപ്പിളിന്റെ പേജസ് ഉപയോഗിച്ച് ടൈപ്പിങ് നടത്താന്‍ സാധിച്ചേക്കും. നമ്പേഴ്‌സ് സ്‌പ്രെഡ്ഷീറ്റും കീനോട്ട് സ്ലൈഡ് ഡെക് ആപ്പുകളും, ഐമൂവിയും  ഗ്യാരാജ്ബാന്‍ഡും ഒക്കെ ഉള്‍പ്പെടുത്തുന്നതിനാല്‍ വിഡിയോയും സംഗീതവും വരെ പ്രൊഡ്യൂസു ചെയ്യാനും സാധിച്ചേക്കും.

വായുവില്‍ കീബോഡ്!

ഹെഡ്‌സെറ്റ് ധാരിക്ക് വെര്‍ച്വല്‍ കീബോഡ് തനിക്കു മുന്നില്‍ പ്രൊജക്ടു ചെയ്തു നില്‍ക്കുന്ന അനുഭവം ലഭിച്ചേക്കും.

ഗെയിമിങ് ഇല്ലാതെ എന്തു ഹെഡ്‌സെറ്റ്

ഗെയിമിങ് പ്രേമികള്‍ക്കും അത്യുത്സാഹം പകരുന്ന ഒന്നായിരിക്കും ഹെഡ്‌സെറ്റ്. ഹെഡ്‌സെറ്റിന്റെ പ്രധാന ഫീച്ചര്‍ തന്നെ ഇതായിരിക്കാമെന്നും വാദമുണ്ട്.

ഫ്രീഫോം കോളാബറേഷന്‍ ആപ്പ്

ഹെഡ്‌സെറ്റ് ധാരികള്‍ക്ക് തമ്മില്‍ സഹകരിച്ചു ജോലിയെടുക്കാനായി തങ്ങളുടെ ഫ്രീഫോം (Freeform) കൊളാബറേഷന്‍ ആപ്പിന്റെ പുതിയ വേര്‍ഷനും ആപ്പിള്‍ ഒരുക്കുന്നു. ഇതിലൂടെ മിക്‌സഡ് റിയാലിറ്റി സ്ഥലിയില്‍ വെര്‍ച്വല്‍ വൈറ്റ്‌ബോര്‍ഡില്‍ ഉപയോക്താക്കള്‍ക്ക് പരസ്പരം സഹകരിച്ചു ജോലിയെടുക്കാനുള്ള അവസരമായിരിക്കും ആപ്പിള്‍ ഒരുക്കുക. ഫെയ്‌സ്ടൈമിനും മിക്‌സഡ് റിയാലിറ്റിക്കു ചേരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരും. മെറ്റാ കമ്പനിയുടെ മെറ്റാ വേഴ്‌സിലെന്ന പോലെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ 3ഡി അവതാറുകള്‍ സൃഷ്ടിക്കാനും സാധിച്ചേക്കും. ഇങ്ങനെ വെര്‍ച്വല്‍ മീറ്റിങ് റൂമുകളില്‍ ആളുകള്‍ക്കെത്തി സംസാരിക്കാനും സല്ലപിക്കാനും സാധിച്ചേക്കും. രാജ്യങ്ങള്‍ക്കപ്പുറത്താണെങ്കില്‍ പോലും ഒരേ സ്ഥലത്താണ് തങ്ങള്‍ ഇരിക്കുന്നതെന്ന തോന്നല്‍ കൊണ്ടുവരാനുള്ള ശ്രമമായിരിക്കും ഇത്.

കായികവിനോദങ്ങള്‍

ഇപ്പോള്‍ കായിക വിനോദങ്ങളുടെ പ്രക്ഷേപണം ആസ്വദിക്കുന്ന രീതിയും മാറ്റിമറിച്ചേക്കാം. ഹെഡ്‌സെറ്റ് ധാരിക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മുമ്പെങ്ങും സാധ്യമല്ലാത്ത രീതിയില്‍ അനുഭവിക്കാന്‍ സധിച്ചേക്കാം. ആപ്പിള്‍ 202ല്‍ വാങ്ങിയ കമ്പനിയായ നെക്‌സ്റ്റ്‌വിആറിന്റെ സാങ്കേതികവിദ്യ ആയിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക. ആപ്പിള്‍ ടിവിയിലെ ഉള്ളടക്കം പല സ്ഥലങ്ങളില്‍ ഇരുന്നെന്നവണ്ണം ആസ്വദിക്കാന്‍ സാധിച്ചേക്കും. മഞ്ഞുവീണുകിടക്കുന്നിടത്തോ മരുഭൂമിയിലോ ആകാശത്തിലോ വെള്ളത്തിലോ ഇരിക്കുകയാണെന്ന  അനുഭൂതിയൊക്കെ കൊണ്ടുവരാനാണത്രെ ശ്രമം. ഒപ്പം ധ്യാനിക്കേണ്ടവര്‍ക്ക് അതിനുളള സൗകര്യവും ഒരുക്കിയേക്കും. പ്രശാന്തി പകരുന്ന ഗ്രാഫിക്‌സും സ്വരങ്ങളും വോയിസ്ഓവറുകളും ഉന്നതമായ അനുഭവം നല്‍കാന്‍ സഹായിച്ചേക്കാം.

ക്ഷണത്തില്‍ ലോകം മാറാം

വെര്‍ച്വല്‍ റിയാലിറ്റിയില്‍നിന്ന് ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് യഥേഷ്ടം മാറാനായി, തിരിക്കാവുന്ന വൃത്താകൃതിയിലുള്ള സംവിധാനവും ഉണ്ടായേക്കാം. ഒരിടത്തിരുന്ന് മറ്റൊരു ലോകത്തേക്ക് ആണ്ടുപോകാന്‍ ആഗ്രഹിക്കുമ്പോള്‍ വിആറും, പുറം ലോകവുമായി അല്‍പ്പം ബന്ധം വേണമെന്നുള്ളപ്പോള്‍ ഓഗ്മന്റഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും. ഉദാഹരണത്തിന് ഹെഡ്‌സെറ്റ് ധരിച്ച് നടക്കുമ്പോള്‍ എആര്‍ പ്രയോജനപ്പെടുത്താം.

ഇടപടല്‍

കണ്ണ്, കൈകൊണ്ടുള്ള ആംഗ്യങ്ങള്‍, ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സിരി എന്നിവ ഉപയോഗിച്ചായിരിക്കും ഹെഡ്‌സെറ്റുമായി ഇടപെടാന്‍ സാധിക്കുക. ആപ്പിളിന്റെ അതിശക്തമായ എം സീരിസ് പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരേ സമയം ഒന്നിലേറെ ആപ്പുകള്‍ ഹെഡ്‌സെറ്റില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കും. ഏതു തരത്തിലാണ് നിങ്ങള്‍ ആപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്ന് ആപ്പിള്‍ റിയാലിറ്റി പ്രോയ്ക്ക് ഓര്‍ത്തുവയ്ക്കാന്‍ സാധിക്കും. ഹെഡ്‌സെറ്റ് വീണ്ടും ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തുടര്‍ച്ച നല്‍കാന്‍ അതിനു സാധിക്കും. മിഴിപടലം (ഐറിസ്) സ്‌കാന്‍ ചെയ്തായിരിക്കും ഹെഡ്‌സെറ്റ് ആളെ തിരിച്ചറിയുക. ഹോം സ്‌ക്രീനിലെത്തിയാല്‍ അത് ഐപാഡിന്റെ ഹോം സ്‌ക്രീനിനെ അനുസ്മരിപ്പിച്ചേക്കുമെന്നാണ് ശ്രുതി.

ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളിലൊന്നിന്റെ അവകാശവാദം

മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളിലൊന്നായ ബ്ലൂംബര്‍ഗിന്റെ അവകാശവാദങ്ങളാണ്. ഇതേക്കുറിച്ച് ഒരു കാര്യവും ആപ്പിള്‍ ഇന്നുവരെ വിട്ടുപറഞ്ഞിട്ടില്ല എന്ന കാര്യവും വിസ്മരിക്കരുത്. ഇത്തരം ഒരു ഹെഡ്‌സെറ്റ് ആപ്പള്‍ നിര്‍മിക്കുന്നുണ്ടെന്ന കാര്യം പലരും സമ്മതിക്കുന്നുണ്ടെങ്കിലും അത് ഈ വര്‍ഷം ജൂണില്‍ തന്നെ പുറത്തിറക്കും എന്ന് ഉറപ്പിച്ചു പറയുന്നതും ബ്ലൂംബര്‍ഗ് മാത്രമാണ്. ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തിനായി ജോലി എടുക്കുന്നവരില്‍ നിന്നാണ് തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചതെന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്. ഇതേക്കുറിച്ച് വ്യക്തത വരുത്താനായി തങ്ങള്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് ആപ്പിള്‍ കമ്പനി മറുപടി നല്‍കിയില്ലെന്നും ബ്ലൂംബര്‍ഗ് പറയുന്നു.

 English summary: Apple mixed-reality headset to include iOS features: Everything you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com