Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാക്ക്ബെറിയുടെ സ്ലൈഡർ ആൻഡ്രോയിഡ് ഫോണ്‍ വരുന്നു

blackberry-slide

സ്വന്തം ഒഎസിനെ കൈവിട്ട് ആൻഡ്രോയിഡിനെ പുൽകാനൊരുങ്ങുകയാണ് ബ്ലാക്ക് ബെറി സ്മാർട്ട്ഫോണുകൾ. ബ്ലാക്ക് ബെറിയുടെ ആദ്യ ആൻഡ്രോയിഡ് ഫോണ്‍ ഈ വർഷം തന്നെ പുറത്തെത്തുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബ്ലാക്ക്ബെറി പ്രിവ് എന്ന് പേരിട്ടിരിക്കുന്ന സ്ലൈഡർ ഫോണ്‍ ആയിരിക്കും ബ്ലാക്ക്ബെറിയിൽ നിന്നുള്ള ആദ്യ ആൻഡ്രോയിഡ് ഫോണ്‍. ഇൻഫർമേഷൻ സെക്യൂരിറ്റിക്ക് വളരേയേറെ പ്രാധാന്യം നൽകുന്ന ബ്ലാക്ക്ബെറി ഏതു രൂപത്തിൽ അവതരിപ്പിക്കുമെന്ന്‌ കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഇത്തരം ഫോണുകളിലെ പ്രധാന സൗകര്യമായ ബ്ലാക്ക്ബെറി മെസ്സഞ്ചർ (BBM) എന്ന സോഫ്റ്റ്‌വെയർ ഇതിൽ ഉൾപ്പെടുത്താൻ സാധ്യത ഉണ്ടെന്നും പറയപ്പെടുന്നു.

ബാർകോഡ് സ്കാനിങ്ങ് മുഖേന വിവരങ്ങൾ കൂട്ടിചേർക്കാനും അതു മറ്റുള്ളവരുമായി പങ്കുവെക്കാനും സഹായിക്കുന്ന ബ്ലാക്ക്ബെറി മെസഞ്ചർ മുഖേന ബ്ലാക്ക്ബെറി പിൻ അല്ലെങ്കിൽ ബാർകോഡ് സ്കാൻ വഴി ടെക്സ്റ്റ് സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യാൻ സാധിക്കുന്നു. അതുപോലെ തന്നെ ജിപിഎസ് സംവിധാനമുപയോഗിച്ച് സ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും കഴിയും.

വെനീസ് എന്ന പേരിൽ ബ്ലാക്ക് ബെറിയുടെ ആദ്യ ആൻഡ്രോയിഡ് ഫോണ്‍ പുറത്തിറങ്ങുമെന്നുള്ള ഊഹാപോഹങ്ങൾക്ക് പ്രിവ്-ന്റെ പ്രഖ്യാപനത്തോടെ ബ്ലാക്ക് ബെറി തിരശീല വീഴ്ത്തിയിരിക്കുകയാണ്. കീബോർഡ് ഉൾക്കൊള്ളുന്ന സ്ലൈഡർ രീതിയിലുള്ള ഫോണിൽ 1440x2560 പിക്സൽ റെസലൂഷൻ നൽകുന്ന 5.4 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്.

1.8 ജിഗാ ഹെട്സ് 64-ബിറ്റ് സ്നാപ്ഡ്രാഗൺ 808 SoC ഹെക്സാ കോർ പ്രോസസർ കരുത്തേകുന്ന ഫോണിൽ 3 ജിബി റാം, 18 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകൾ. സ്മാർട്ട് ഫോണ്‍ വിപണിയിൽ അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടുന്ന ബ്ലാക്ക് ബെറിക്ക്‌ പുതുജീവൻ നൽകാൻ പ്രിവിനു സാധിക്കുമെന്നാണു കരുതുന്നത്.