Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോറലുകൾ തനിയെ മാഞ്ഞു പോകും ഫോണ്‍ സ്ക്രീനുകളും വരുന്നു

IPhone_5_paint

ഇപ്പോഴത്തെ ഫോണുകളുടെ വലുപ്പമേറിയ ഡിസ്പ്ലെകളുടെ പ്രധാന പ്രശ്നം വളരെയെളുപ്പം പൊട്ടാനുള്ള സാധ്യതയും അവയിലുണ്ടാകുന്ന പോറലുകളുമാണ്. മിഴിവേറിയ സ്ക്രീനിലെ ചെറിയ പോറലുകൾ പോലും ഫോണ്‍ ഉപയോഗത്തിന്റെ രസം നശിപ്പിക്കും. വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ നമ്മുടെ ഫോണിൽ സ്ക്രാച്ച് ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്‌ താനും. ഒരു പരിധിവരെ നിലവിൽ ഉപയോഗത്തിലുള്ള സ്ക്രീൻ ഗാർഡുകളും ടെംപേർഡ്‌ ഗ്ലാസ്സുകളുമൊക്കെ പോറൽ പറ്റാനുള്ള സാധ്യതയും ഉരസലുകളിൽ ഡിസ്പ്ലെകൾ ക്കുണ്ടാകുന്ന ആഘാതവും കുറയ്ക്കുമെങ്കിലും സ്ക്രാച്ച് സാധ്യത പൂർണ്ണമായും ഒഴിവാകുന്നില്ല.

എന്നാൽ ഈ ആശങ്കയ്ക്കുള്ള പരിഹാരവുമായി തായ്‌വാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനി രംഗത്ത് എത്തിയിരിക്കുകയാണ്. 'ഇന്നറെക്സൈൽ' എന്ന കമ്പനിയാണ് സ്വയം റിപ്പയർ ചെയ്യപ്പെടുന്ന സ്ക്രീൻ പാളിയുമായി എത്തിയിരിക്കുന്നത്. തനിയെ പോറലുകൾ മാഞ്ഞു പോകുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ സ്ക്രീൻ സംരക്ഷക കവചത്തിലെ മൈക്രോ കാപ്സ്യൂളുകളാണ് പോറലുകളും ഉരസലുകൾ മൂലം ഉണ്ടാകുന്ന പാടുകളും സ്വയം മായ്ച്ചു കളയാൻ പര്യാപ്തമാക്കുന്നത്.

ഇന്നറെക്സൈലിന്റെ മൈക്രോ കാപ്സ്യൂൾ സാങ്കേതികവിദ്യപ്രകാരം സ്ക്രീനിലെ സ്ക്രാച്ച് സൃഷ്ടിച്ച വിടവുകൾ ഒരു പശ പോലുള്ള ദ്രാവകം നിറഞ്ഞു സ്വയം റിപ്പയർ ചെയ്യപ്പെടുന്നു. 0.2എംഎം കനമുള്ള ഈ സ്ക്രീൻ കവചം വെറും 30 സെക്കന്റു കൊണ്ട് ഒരു ബ്രഷ് ഉണ്ടാക്കുന്ന പോറലുകൾ സ്വയം മായ്ച്ചു കളയുന്ന ഡെമോ വിഡിയോ ഇവിടെ കാണാം. ഐഫോൺ 6 നും 6sനും വേണ്ടിയുള്ള ഇന്നറെക്സൈൽ സ്ക്രീൻ പാളികൾ അമസോണിൽ നിന്നും വാങ്ങാനാകും.

അടുത്തകാലത്ത് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകർ കാർബൺ ഫൈബർ കോംപസിറ്റ് വസ്തുക്കളും ചെറിയ പൊള്ളയായ മൈക്രോ കാപ്സ്യൂളുകളും ചേർത്ത് ഒരു സ്വയം ശമന സംയുക്തം വികസിപ്പിച്ചെടുത്തിരുന്നു. ഈ സംയുക്ത നിർമ്മിതിയിൽ ഏതെങ്കിലും കാരണത്താലുണ്ടാകുന്ന നാശനഷ്ടത്തിന്റെ ഭാഗമായ വിള്ളലുകൾ ഇതിലേക്ക് കിനിഞ്ഞിറങ്ങുന്ന ഒരു ലിക്വിഡ് ഏജന്റ് വഴി ഇല്ലാതാക്കുന്നതായിരുന്നു ഇവരുടെ കണ്ടെത്തൽ.

ഇത്തരത്തിൽ തന്നെ സ്വയം കേടുപാടുകള്‍ തീർക്കുന്ന ഭാഗങ്ങളുമായി ബഹിരാകാശ വാഹനങ്ങളും ഉടൻ വരുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബഹിരാകാശ വാഹനങ്ങളുടെ സ്വയം റിപ്പയറിങ് സാധ്യമാക്കാനുള്ള സാങ്കേതിക വിദ്യയുമായി മിഷഗണ്‍ സർവകലാശാലയില്‍ നാസയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞരും ഈയിടെ രംഗത്തെത്തിയിരുന്നു.

ഒരു റിയാക്റ്റീവ് പദാർത്ഥം രണ്ടു ഖരപോളിമര്‍ പാളികൾക്കിടയിൽ വച്ചാണ് ഇത്തരം ശേഷിയുള്ള പദാർഥ ങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇവരുടെ പരീക്ഷണങ്ങൾക്കിടയില്‍ ഈ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച യന്ത്ര ഭാഗങ്ങൾക്ക് കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പോളിമറുകൾക്കിടയിലുള്ള ദ്രാവകത്തിന്റെ് ഓക്സിജനുമായിട്ടുള്ള പ്രതിപ്രവർത്തനം അവയെ പൂർവ ഘടനയിലേക്ക് എത്തിക്കുന്നതായി കണ്ടെത്തി.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഘടനാപരമായ തകരാറുകളില്‍ നിന്നും കൂടുതൽ ഉപകരണങ്ങളെയും യന്ത്രങ്ങളേയും സംരക്ഷിക്കുന്നതായി ശാസ്ത്രലോകം തയ്യാറെടുക്കുകയാണ്. ഈ പ്രത്യേകത ഉപയോഗിച്ച് അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങളിലൂടെ സാധിക്കുമെന്ന് ഈ സാങ്കേതിക വിദ്യയുടെ പിന്നിലെ ശാസ്ത്രജ്ഞന്മാരുടെ സംഘം പ്രത്യാശ പ്രകടിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.