Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽജി G4 ഹാൻഡ്സെറ്റുകളിലേക്ക് മാഷ്മല്ലോ എത്തുന്നു

Android-6-Marshmallow

ഗൂഗിളിന്റെ നെക്സസ്, ആൻഡ്രോയിഡ് വൺ ഫോണുകളൊഴിച്ചാൽ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അപ്ഡേറ്റ് ആദ്യം ലഭിക്കുന്ന ഹാൻഡ്സെറ്റുകൾ എൽജിയുടേതാകും. എൽജി-യുടെ സപ്പോർട്ട് രേഖകൾ ഉദ്ധരിച്ചുള്ള ഒരു റിപ്പോർട്ട് പ്രകാരം തങ്ങളുടെ മുൻനിര സ്മാർട്ട് ഫോണുകളായ എൽജി G4, എൽജി G3 എന്നിവയ്ക്കാകും ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അപ്ഡേറ്റ് ആദ്യം ലഭിക്കുക എന്ന് സൂചനകളുണ്ട്. ഇതിൽ എൽജി G4 ആൻഡ്രോയിഡ് ഫോണുകൾക്ക് അടുത്താഴ്ച മുതൽ ഗൂഗിൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് സ്വീകരിക്കാൻ കഴിയുമെന്ന് എൽജി വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു.

പ്രമുഖ ദക്ഷിണകൊറിയൻ ഹാൻഡ്സെറ്റ് നിർമാതാക്കളായ എൽജി-യിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പ്രകാരം പോളണ്ടിലെ എൽജി G4 ഉപയോക്താക്കൾക്കാകും അടുത്ത ആഴ്ചയുടെ തുടക്കം മുതൽ പുതിയ ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റ് ലഭിക്കുക. തുടർന്ന് യൂറോപ്പ്, ഏഷ്യ, അമേരിക്ക തുടങ്ങിയ വിപണികളിലും ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ ലഭ്യമാക്കുന്ന വിവരം എൽജി സ്ഥിരീകരിച്ചിട്ടുണ്ട്.

നവീകരിച്ച അപ്ലിക്കേഷൻ അനുമതികൾ, ഗൂഗിൾ നൗ ഓണ്‍ ടാപ്പ് സവിശേഷത, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ വെബ് ബ്രൌസിംഗ് അനുഭവം നൽകുന്ന പുതിയ ക്രോം സവിശേഷത, വെബ് ലിങ്കുകൾ കൈകാര്യം ചെയ്യാൻ പുതിയ വഴികൾ, ആൻഡ്രോയിഡ് പേ മൊബൈൽ പേയ്മെന്റ് സിസ്റ്റം,ബാറ്ററി സേവർ സവിശേഷതകൾ, അപ്ലിക്കേഷനുകൾക്കുള്ള ഓട്ടോ ബാക്കപ്പ് & റീസ്റ്റോർ സൗകര്യം, റാം മാനേജർ, ടൈപ്പ്-സി യുഎസ്ബി പോർട്ട്‌ സപ്പോർട്ട് എന്നിവ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അപ്ഡേറ്റിലൂടെ എൽജി G4 ഉപയോക്താക്കൾക്ക് ലഭിക്കും.