Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ നോക്കിയയുടെ ‘കാലുപിടിച്ചു’ പറഞ്ഞു, ആൻഡ്രോയ്ഡ് സ്വീകരിക്കണം

google-nokia

പത്ത് വർഷം മുൻപ് ലോകത്തെ ഒന്നാം നമ്പർ കമ്പനിയായിരുന്നു നോക്കിയ. ആരും അസൂയപ്പെടുന്ന കുതിപ്പാണ് നോക്കിയ അന്ന് നടത്തിയത്. സിമ്പിയന്‍ എന്ന ഒഎസിൽ ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിച്ച് ലോകവിപണി പിടിച്ചടക്കി കുതിക്കുമ്പോൾ ഉപഭോക്താക്കളും ഒട്ടുമിക്ക കമ്പനികളും അവർക്കൊപ്പം ചേരാൻ ആഗ്രഹിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നീ കമ്പനികൾ പോലും നോക്കിയയുടെ പിന്നാലെയായിരുന്നു.

2011 ൽ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ശ്രദ്ധിക്കപ്പെട്ട രണ്ടു ബ്രാൻഡുകൾ ഒന്ന് നോക്കിയയും മറ്റൊന്ന് ഗൂഗിള്‍ ആൻഡ്രോയ്ഡുമായിരുന്നു. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് പുറത്തിറങ്ങി രണ്ടര വർഷത്തിനു ശേഷമാണ് 2011ൽ മൊബൈല്‍ വേൾഡ് കോൺഗ്രസ് നടക്കുന്നത്. ഗൂഗിളിന്റെ ആൻഡ്രോയ്ഡും നോക്കിയയുടെ സിമ്പിയനും തമ്മിലുള്ള പോരാട്ടമാണ് അന്നവിടെ കണ്ടത്. എന്നാൽ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ആൻഡ്രോയ്ഡ് ലോകം തുറന്നിട്ടപ്പോൾ നോക്കിയയുടെ സിമ്പിയന് പൂട്ടിട്ടു. ഇതോടെ വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നോക്കിയ താഴെ വീണു.

രാജ്യാന്തര മാധ്യമങ്ങളെല്ലാം ആൻഡ്രോയ്ഡിന് അന്ന് വൻ സ്വീകരണമാണ് നൽകിയത്. ആൻഡ്രോയ്ഡ് ആപ്പിൾ ഒഎസിനെ വരെ കീഴടക്കുമെന്ന് അന്നേ മാധ്യമങ്ങൾ പ്രവചിച്ചിരുന്നു. ആപ്ലിക്കേഷനുകളുടെ ലോകം തുറന്നിട്ടതാണ് ആൻഡ്രോയ്ഡിനെ ഇത്രയും ജനപ്രിയമാക്കിയത്. 2011 ൽ തന്നെ ഒട്ടുമിക്ക സ്മാർട്ട്ഫോൺ നിർമാണ കമ്പനികളും ഗൂഗിൾ ആൻഡ്രോയ്ഡിലേക്ക് മാറിയിരുന്നു. സാംസങ്, എൽജി, എച്ച്ടിസി തുടങ്ങി മുൻനിര കമ്പനികൾ ആൻഡ്രോയ്ഡിനൊപ്പം ചേർന്നതോടെ നോക്കിയക്ക് പൂട്ടുവീണു. പിന്നെ വലിയൊരു തകർച്ചയായിരുന്നു.

ഇതിനിടെ ഗൂഗിൾ ആൻഡ്രോയ്ഡിനെ കീഴടക്കാൻ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് നോക്കിയക്കൊപ്പം ചേർന്നു. ഗൂഗിളിനെ തകർക്കുക എന്നൊരു ലക്ഷ്യം മാത്രമായിരുന്നു മൈക്രോസോഫ്റ്റിന്. ഇതിനായി നോക്കിയ കമ്പനിയെ ഉപയോഗപ്പെടുത്തി. എന്നാൽ അത് അതിലും വലിയ ദുരന്തമായി. ഒരിക്കലും തിരിച്ചുവരവിന് പ്രതീക്ഷ നൽകുന്നതായിരുന്നില്ല വിൻഡോസ് 7 ഒഎസ്. സ്മാർട്ട്ഫോൺ രംഗത്ത് തുടക്കക്കാരായ കമ്പനികൾ പോലും ആൻഡ്രോയ്ഡിനെ രണ്ടു കയ്യുംനീട്ടി സ്വീകരിച്ചപ്പോൾ നോക്കിയ എന്ന ബ്രാൻഡ് വിപണിയിൽ നിന്നു മറ‍ഞ്ഞു.

ഗൂഗിളിനെ തകർക്കാൻ നോക്കിയയും മൈക്രോസോഫ്റ്റ് പദ്ധതി ഏറ്റവും വലിയ ദുരന്തമായിരുന്നു. ആഡ്രോയിഡ് ലഭിച്ച അസാധാരണമായ സ്വീകാര്യതയെ വെല്ലുവിളിച്ചിറങ്ങിയ നോക്കിയയുടെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമിന് വിപണിയിൽ പിടിച്ചു നില്‍ക്കാനായില്ല.

എന്നാൽ വർഷങ്ങൾക്ക് മുൻപ് ആൻഡ്രോയ്ഡ് വളര്‍ന്നുവരുന്ന സമയത്ത് ഗൂഗിൾ മേധാവികൾ നോക്കിയയെ സ്വീകരിച്ചിരുന്നു. നോക്കിയയെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതായി ഗൂഗിൾ മേധാവി ഷിമിഡ്റ്റ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആൻഡ്രോയ്ഡ് ഫോൺ ഇറക്കാൻ വേണ്ടി ഗൂഗിൾ നിരവധി തവണ നോക്കിയ മേധാവികളുമായി ചർച്ച നടത്തി. എന്നാൽ സിമ്പിയന്‍ ഒഎസ് വിട്ടുള്ള ഒരു കളിക്കും തയാറല്ലെന്നാണ് നോക്കിയ അന്നു അറിയിച്ചത്.

ലോക ഒന്നാം നമ്പർ മൊബൈൽ കമ്പനിയായ നോക്കിയ ആന്‍ഡ്രോയിഡ് സ്വീകരിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നാണ് അന്ന് ഷിമിഡ്റ്റ് പറഞ്ഞത്. അതിനായി തങ്ങള്‍ മുന്നോട്ടു വെച്ച വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഗൂഗിള്‍ മേധാവി 2011 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ മാധ്യമങ്ങളോടു പറഞ്ഞു. ഗൂഗിളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നതായി നോക്കിയ മേധാവിയും അന്നു വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആൻഡ്രോയ്ഡിനെ കീഴക്കാൻ പതിനെട്ട് അടവും പഴറ്റി പരാജയപ്പെട്ട് പഴയ സ്മാർട്ട്ഫോൺ രാജാവ് ഇപ്പോൾ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് പടിക്കൽ എത്തിയിരിക്കുന്നു. രക്ഷിക്കണം, വിപണിയിലേക്ക് തിരിച്ചുക്കൊണ്ടുവരാൻ ആൻഡ്രോയ്ഡിനു മാത്രമേ സാധിക്കൂ, എന്ന് മനസ്സുക്കൊണ്ട് നോക്കിയ മേധാവികൾ പറയുന്നുണ്ടാകും. ഒരുനാൾ ഗൂഗിൾ കാലുപിടിച്ചു വിളിച്ചു, ഇപ്പോൾ ആ ഗൂഗിളിന്റെ സഹായം തേടി ആൻഡ്രോയ്ഡ് പടിക്കൽ കാത്തിരിക്കുകയാണ് നോക്കിയ.

Your Rating: