Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ 7ന് തീ പിടിച്ചു, ലൈവ് വിഡിയോ ട്വിറ്ററിൽ, അന്വേഷണവുമായി ആപ്പിള്‍

iphone-7

ഐഫോണ്‍ 7 തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നു. സംഭവം വിവാദമായതോടെ ഐഫോണ്‍ കത്തിയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് ആപ്പിള്‍. ബ്രിയാന ഒലീവിയ എന്ന യുവതിയുടെ ഐഫോണ്‍ 7 ആണ് തീപിടിച്ചത്. ഐഫോണില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഒലീവിയയുടെ സുഹൃത്താണ് സംഭവം ചിത്രീകരിച്ച് ട്വിറ്ററിൽ ലൈവ് ചെയ്തത്.

നേരത്തെ മുതല്‍ തന്നെ ഒലീവിയയുടെ ഐഫോണിന് ചില്ലറ പ്രശ്‌നങ്ങളുണ്ടായിരുന്നതായി മാഷബിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഇക്കാരണത്താല്‍ ഒലീവിയ ഐഫോണ്‍ ആപ്പിള്‍ സ്റ്റേറില്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഫോണിന് കാര്യമായ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് അവര്‍ തിരികെ നല്‍കുകയായിരുന്നു.

അപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്നത് കൊണ്ടു തന്നെ ഒലീവിയ പതിവുപോലെ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പിറ്റേന്ന് രാവിലെയാണ് ഫോണിന് തീപിടിച്ചത്. ഫോണില്‍ നിന്നും അപ്രതീക്ഷിത ശബ്ദവും പുകയും ഉയര്‍ന്നതോടെ അവര്‍ ഐഫോണ്‍ വാഷ്‌ബേസിന് സമീപം ഇടുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം ഒലീവിയക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സ്വന്തം ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. ഈ വിഡിയോയാണ് ട്വിറ്ററില്‍ വലിയ തോതില്‍ പ്രചരിച്ച് ആപ്പിളിന് തലവേദനയായിരിക്കുന്നത്.

നേരത്തെയും ആപ്പിള്‍ ഐഫോണ്‍ പൊട്ടിത്തെറിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ബാറ്ററിപ്രശ്‌നമുള്ള ഐഫോണ്‍ 6എസിന്റെ ബാറ്ററി മാറ്റി നല്‍കുമെന്ന ആപ്പിളിന്റെ പ്രഖ്യാപനം തെറ്റ് സമ്മതിക്കുന്നതായിരുന്നു. എന്നാല്‍ ഇത്തവണ വിഡിയോ പുറത്ത് വന്നതാണ് ആപ്പിളിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ഒലീവിയയുടെ പൊട്ടിത്തെറിച്ച ഐഫോണ്‍ കൂടുതല്‍ പഠനത്തിനായി ആപ്പിള്‍ കൈവശം വെച്ചിരിക്കുകയാണ്.