Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണിനെ വെല്ലുന്ന എംഫോൺ പുറത്തിറങ്ങി

mphone

3500 കോടി രൂപ മുതൽമുടക്കിൽ മലയാളികളുടെ നേതൃത്വത്തിൽ തുടങ്ങിയ മാംഗോ മൊബൈൽ പുറത്തിറങ്ങി. ഐ ഫോണിനെ വെല്ലാൻ മാംഗോ ഫോൺ അഥവാ എംഫോൺ എന്നാണു പേര്. മാങ്ങയാണ് മൊബൈൽ കമ്പനിയുടെ മുദ്ര.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ എം ഫോണിൻറെ ആറുമോഡലുകളും സ്മാർട് വാച്ചുമാണ് പുറത്തിറക്കിയത്. ഓൺൈലനിൽ വിൽപന തുടങ്ങിയിരിക്കുന്ന ഫോൺ വൈകാതെ സംസ്ഥാനത്തെ വിപണികളിലുമെത്തും.

രാജ്യാന്തര സ്മാർട് ഫോൺ നിർമാണ വാണിജ്യലോകത്തേക്ക് ചുവടുവയ്ക്കുകയാണ് എം ഫോൺ. മലയാളികളായ സഹോദരങ്ങളുടേ നേതൃത്വത്തിലുള്ള എം ഫോൺ ഇലക്ട്രോണിക്സ് കമ്പനിയുടെ ആദ്യ ഫോണുകളാണ് കൊച്ചിയിൽ പുറത്തിറങ്ങിയത്. വർണാഭമായ ചടങ്ങിലായിരുന്നു ഫോണിൻറെ രാജ്യാന്തര ലോഞ്ചിങ്.

11,999 രൂപയുടെ എം ഫോൺ ഫൈവ് എസ് മുതൽ 39,999 രൂപയുടെ എം ഫോൺ 11 പ്ലസ് വരെയുള്ള ആറുമോഡലുകൾ. പുറമേ എം ടു എന്ന സ്മാർട് വാച്ചുമാണ് പുറത്തിറക്കിയത്. ഇപ്പോൾ ഓൺലൈനിലാണ് വിൽപന. താമസിയാതെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഫോൺ നേരിട്ട് വാങ്ങാം. സംസ്ഥാനവ്യാപകമായി സർവീസ് സെൻറുകളും ഒരുങ്ങും. കൊറിയൻ സാങ്കേതിക വിദ്യയിൽ ചൈനയിലെ ഫാക്ടറിയിലാണ് ഫോൺ നിർമിക്കുന്നതെന്ന് കമ്പനി ഉടമകൾ പറഞ്ഞു.

ഈ വർഷം പകുതിയോടെ എം പാഡും വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കി. വിലകൂടിയ മോഡലുകളിൽ ഒക്ടാകോർ പ്രോസസറാണ്. വിവിധ സീരിസുകളിലായി വയർലെസ് ചാർജർ ഉള്ള ഫോണുകളും 21 മെഗാപിക്സൽ ക്യാമറയും 4 ജിബി റാമും ഉള്ള ഫോണുകളും ലഭ്യമാണ്. കൽപറ്റ മൂങ്ങനാനിയിൽ ആൻറോ അഗസ്റ്റിൻ, റോയി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഒരു ഫോൺ വാങ്ങുമ്പോൾ അതിനൊപ്പം ബ്ലൂടൂത്ത്, വയർലെസ് ചാർജർ, പവർ ബാങ്ക്, സെൽഫി സ്റ്റിക്ക് എന്നിവയും ചേർത്താണു ലഭിക്കുക. എംഫോൺ ഇലക്ട്രോണിക്സ് ആന്റ് ടെക്നോളജീസ് ലിമിറ്റഡ് കൊറിയൻ സാങ്കേതികവിദ്യയോടെ ത്രീഡി, 4 ജിയും ഈ ഹാൻഡ്സെറ്റുകളിലുണ്ട്.

ഒരു തവണ ചാർജ് ചെയ്താൽ മൂന്നു ദിവസം നിൽക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംബി ക്യാമറ, പൊട്ടാത്ത ഗോറില്ല ഗ്ലാസും സവിശേഷതകളാണ്. പ്രത്യേക കണ്ണട വയ്ക്കാതെ തന്നെ ത്രിഡി കാണാം. ത്രീ ജിബി റാമും 32 ജിബി മെമ്മറിയുമുണ്ട്. മെമ്മറി കാർഡിട്ട് 128 ജിബി വരെ വികസിപ്പിക്കാം. എട്ട് എംപി സെൽഫി ക്യാമറയുമുണ്ട്.

mphone2

കമ്പനിയുടെ ഗവേഷണ വികസന കേന്ദ്രവും കൊറിയയിലാണ്. ചൈനയിലെ ഷെൻസെനിൽ 700 കോടി മുടക്കി ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. 250 കോടിയോളം ഫോൺ വികസനത്തിനു ചെലവായി. 2500 കോടിയിലേറെയാണ് ആദ്യ ഘട്ടത്തിൽ വിപണനം നടത്താൻ വേണ്ട ഹാൻഡ് സെറ്റുകളുടെ നിർമാണച്ചെലവ്.

Your Rating: