Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിനുള്ളില്‍ സാംസങ് ഫോൺ കത്തി; യാത്ര മുടങ്ങി

samsung-galaxy-note-7

പണ്ടൊക്കെ "വിമാനത്തില്‍ ബോംബ്‌ ഉണ്ട് "എന്ന ഭീഷണി കേട്ടാലായിരുന്നു പേടിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഇപ്പോള്‍ കയ്യില്‍ സാംസങ് ഗാലക്സി നോട്ട് സെവന്‍ ഫോണ്‍ ഉണ്ടെങ്കിലും പേടിക്കണം എന്നായിരിക്കുന്നു സ്ഥിതി!

കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ലൂയിസ് വില്ലെയില്‍ നിന്നും ബാള്‍ട്ടിമോറിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് 994ന് ഒരു സാംസങ് ഗാലക്സി നോട്ട് സെവന്‍ കാരണം യാത്ര മുടക്കേണ്ടി വന്നു. വിമാനത്തിനുള്ളില്‍ വച്ച് ഈ ഫോണിനു തീ പിടിച്ച് യാത്രക്കാര്‍ പരിഭ്രാന്തരായി. ബോര്‍ഡിംഗ് സമയത്താണ് നോട്ട് സെവനുള്ളില്‍ നിന്നും പുക ഉയരുന്നത് കാണുന്നത്. ഇത് കണ്ടപ്പോള്‍ തന്നെ യാത്രക്കാരും ജീവനക്കാരും പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടു. ആര്‍ക്കും പരിക്കോ മറ്റു അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

galaxy-note-7 Photo: Brian Green

കഴിഞ്ഞ സെപ്റ്റംബര്‍ 21നു എടി ആന്‍ഡ്‌ ടി സ്റ്റോറില്‍ നിന്നും ബ്രയാന്‍ ഗ്രീന്‍ എന്നയാള്‍ വാങ്ങിയ ഫോണിനായിരുന്നു പ്രശ്നം. ഫോണ്‍ ഓഫ് ചെയ്ത സമയത്തായിരുന്നു ഇതിനുള്ളില്‍ നിന്നും പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഇയാള്‍ ഫോണ്‍ നിലത്തേക്ക് എറിഞ്ഞു. "കട്ടിയുള്ള പച്ചകലര്‍ന്ന പുകയായിരുന്നു വന്നുകൊണ്ടിരുന്നത്." ബ്രയാന്‍ ഗ്രീന്‍ പറയുന്നു. ഫോണ്‍ കാര്‍പ്പറ്റിനുള്ളിലൂടെ കത്തി എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഫോണിന്‍റെ ബോക്സില്‍ ഉണ്ടായിരുന്ന കറുത്ത ചതുരം കാണിക്കുന്നത് അത് റീപ്ലേസ് ചെയ്തു വാങ്ങിയ നോട്ട് സെവന്‍ ആണെന്നാണ്‌.

സംഭവം നടക്കുമ്പോള്‍ ഫോണിന് 80% ബാറ്ററി ക്ഷമത ഉണ്ടായിരുന്നതായി ഗ്രീന്‍ പറയുന്നു. എന്നാല്‍ കത്തിപ്പോയത് സാംസങ് നോട്ട് സെവന്‍ ആണെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നുമില്ലെന്നാണ് കമ്പനി പറയുന്നത്. " തിരിച്ചറിയുന്നതിനു മുന്‍പേ ഫോണ്‍ ഏതാണെന്ന് ഉറപ്പിക്കാന്‍ പ്രയാസമാണ്. അധികൃതരുടെ സഹായത്തോടുകൂടി ഡിവൈസിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും തിരിച്ചറിയാനും ശ്രമിക്കുന്നുണ്ട്." - കമ്പനി പറയുന്നു. ലൂയിസ് വില്ലെ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ഇപ്പോള്‍ ഗ്രീനിന്റെ പൊട്ടിത്തെറിച്ച ഫോണിന്‍റെ അവശിഷ്ടങ്ങള്‍ ഉള്ളത്.

പുതിയ സാംസങ് ഗാലക്സി നോട്ട് സെവന്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഒഴിവാക്കിയിരുന്നു. സെപ്റ്റംബര്‍ പതിനഞ്ചിന് ശേഷം വാങ്ങിയ ഫോണുകള്‍ക്കാണ് ഇത്. ഈ ഡേറ്റിനു മുന്നേ വാങ്ങിച്ച ഫോണുകള്‍ക്ക് നിരോധനമുണ്ട്. സ്ക്രീനില്‍ പച്ചനിറത്തില്‍ ബാറ്ററി ചാര്‍ജ് ഇന്‍ഡിക്കേഷന്‍ കാണിക്കുന്ന ഫോണുകള്‍ ആണ് വിമാനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ പറ്റുക. ഇടയ്ക്ക് അമിതമായി ചൂടാവുന്ന ബാറ്ററികള്‍ ഉള്ള ഗാലക്സി നോട്ട് സെവന്‍ ഫോണുകള്‍ കമ്പനി തിരിച്ചു വിളിച്ചിരുന്നു.