Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവിയിൽ ട്രെൻഡിയാകാൻ പോകുന്ന അണിയബിൾസ്

webpnet-resizeimage

സ്മാർട് വാച്ചിലും, ഫിറ്റ്‌നെസ് ട്രാക്കറിലും ഒതുങ്ങിനിൽക്കുന്നില്ല വെയറബിൾസിന്റെ ലോകം. ഭാവിയിൽ ട്രെൻഡിയാകാൻ പോകുന്ന ചില കിടിലൻ വെയറബിൾസിനെ പരിചയപ്പെട്ടാലോ?

1. സ്‌ട്രെസ് ബസ്റ്റിങ് ഹെഡ്ബാൻഡ്

ഈ ഹെഡ് ബാൻഡ് ധരിച്ചാൽ സമ്മർദത്തെ കൂളായി അതിജീവിക്കാം. ധ്യാനത്തിനും നല്ല സംഗീതം കേൾക്കുന്നതിനുമെല്ലാം ഇതിൽ അവസരമുണ്ട്. തലച്ചോറിൽ സ്‌ട്രെസ് മൂലം വരുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കരുത്തുള്ള ഇത്തരം ഹെഡ്ബാൻഡുകൾ ഇന്ററാക്‌സോൺ തുടങ്ങിയ കമ്പനികൾ നിർമിച്ചുതുടങ്ങിയിട്ടുണ്ട്.

2. ബ്ലഡ് പ്രഷർ മോണിറ്റർ

മെഡിക്കൽ ഗ്രേഡിലുള്ള രക്തസമ്മർദ നിലകൾ ഇതിലൂടെ ലഭിക്കും. ഉയർന്ന ബ്ലഡ്പ്രഷർ ഉള്ളവർക്ക് തീർത്തും ഉപകാരപ്രദമായ വെയറബിൾ. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഡോക്ടറുമായി പങ്കുവയ്ക്കാനും കഴിയും.

3. ഹാർട് ബീറ്റ് ചെക്ക്

ഹൃദയമിടിപ്പുകൾ ഏറിയും താണുമിരിക്കുന്ന അവസ്ഥയ്ക്ക് ആർട്ടീരിയൽ ഫിബ്രിലേഷൻ  എന്നാണു ഡോക്ടർമാർ വിളിക്കുന്നത്. സ്‌ട്രോക്കിനൊക്കെ വഴിവയ്ക്കുന്ന ഈ അവസ്ഥയെ ചെറുക്കാൻ ഹൃദയമിടിപ്പിന്റെ നിരന്തര നിരീക്ഷണം ആവശ്യമാണ്. ആപ്പിൾ വാച്ചിലൊക്കെ ഇന്നു സാധാരണമായിക്കൊണ്ടിരിക്കുന്ന ഇറെഗുലർ ഹാർട്ബീറ്റ് ചെക്ക് ഇതിനു സഹായിക്കും.

4. യുവി സെൻസർ

സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലേക്കുന്നതിന്റെ അളവ് കാട്ടിത്തരുന്ന ഈ വെയറബിൾ ആദ്യം വികസിപ്പിച്ചത് പ്രശസ്ത കോസ്‌മെറ്റിക് കമ്പനിയായ ലോറിയലാണ്. രണ്ടു മില്ലിമീറ്റർ മാത്രം വീതിയുള്ള ഈ ചെറിയ വെയറബിൾ നഖത്തിലോ സൺഗ്ലാസിലോ വയ്ക്കാം.

5. സ്മാർട് ടാറ്റൂ

അലങ്കാരമെന്ന നിലയിൽ നിന്നു ആവശ്യകത എന്ന രീതിയിലേക്കു ടാറ്റൂ മാറാൻ പോകുന്നതിനും വരുംകാലം സാക്ഷ്യം വഹിച്ചേക്കാം. എംഐടി, ഇല്ലിനോയ് ഹാർവഡ് എന്നീ സർവകലാശാലകളിലെ ശാസ്ത്രജ്ഞരാണു സ്മാർട് ടാറ്റൂ ഗവേഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ശരീരത്തിൽ ഏതെങ്കിലും രോഗാവസ്ഥ ഉടലെടുത്താൽ ടാറ്റൂ നിറം മാറും. ഉടനടി ഹോസ്പിറ്റലിൽ പോകാം.

6. ഇന്റലിജന്റ് തെർമോമീറ്റർ

കുട്ടികളിൽ വളരെ ഉപകാരപ്പെടുന്ന വെയറബിൾ. ശരീരതാപനില 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കും.

7. ആർട്ടറി ഡീക്ലോഗർ

പട്ടുനൂൽപ്പുഴുവിന്റെ രൂപത്തിലുള്ള ഈ വെയറബിൾ വികസിപ്പിച്ചത് മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടാണ്. രക്തധമനികളിൽ ഇഴഞ്ഞുനീങ്ങി തടസ്സങ്ങൾ കണ്ടെത്താൻ ഇതു സഹായിക്കും.

8. സ്മാർട് ടിയേഴ്‌സ്

ശരീരത്തിൽ ചെറിയൊരു കുത്തുപോലും ഏൽക്കാതെ ഏറ്റവും കൃത്യമായി ബ്ലഡ്ഷുഗർ അളക്കാനുള്ള മാർഗം ഏകദേശം കണ്ടെത്തിയിട്ടുണ്ട്. സ്മാർട് കോണ്ടാക്റ്റ് ലെൻസ് വഴി. കണ്ണുനീരിനെ വിലയിരുത്തിയാണ് ഇതിൽ ഷുഗർ അളക്കുന്നത്.

9. വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ്

ബോറടിച്ചിരുന്ന സമയത്ത് മൊബൈലിൽ വിഡിയോ കണ്ടതൊക്കെ പഴയകഥ. വെർച്വൽ റിയാലിറ്റിയിലൂടെ മായികലോകത്തിന്റെ പടിവാതിൽ തുറന്നുവരും. അതിലേക്കിറങ്ങി ഊളിയിട്ടാൽ എല്ലാ ബോറും പമ്പകടക്കും.

10. സ്മാർട് ഗ്ലാസ്

എല്ലാക്കാഴ്ചകളും കണ്ണടയിൽ തന്നെ കാണിച്ചുതരുന്ന വെയറബിളാണ് സ്മാർട് ഗ്ലാസ്. മൊബൈലുമായി ഇതു കണക്ട് ചെയ്താൽ പിന്നെ മൊബൈലിൽ നിന്നുള്ള ദൃശ്യങ്ങൾ കൺമുന്നിൽ കാണാം.

11. സ്മാർട് ഫേബ്രിക്സ്

ഇലക്ട്രോണിക് സർക്യൂട്ടുകളും, ബാറ്ററിയും, എൽഇഡി ലൈറ്റുകളുമെല്ലാം ഉൾപ്പെട്ട കിടിലൻ വസ്ത്രങ്ങൾ. സാഹചര്യങ്ങൾസനുസരിച്ച് നിറം മാറാനും, രാത്രിയിൽ പ്രകാശഭരിതമാകാനുമൊക്കെ ഇവയ്ക്കു കഴിവുണ്ട്. ചില സ്മാർട് വസ്ത്രങ്ങൾ ഹ‍ൃദയത്തിന്റെ ആരോഗ്യം, തൊലിയുടെ പ്രശ്നങ്ങൾ എന്നിവയും ഇവയിൽ ചിലതു നിരീക്ഷിച്ചു വിവരം തരും.

12. ടോക്കിങ് ഷൂസ്

2013ൽ ഗൂഗിളാണ് ഈ ഷൂസ് വികസിപ്പിച്ചത്. നമ്മൾ എത്ര നടക്കുന്നുണ്ട്, ഓടുന്നുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ ഈ ഷൂസ് പറഞ്ഞുതരും. കൂടുതൽ നടക്കാനും ജോഗ് ചെയ്യാനുമുള്ള ‘മോട്ടിവേഷൻ’ ഉപദേശങ്ങളും ഇതിന്റെ വക ഫ്രീയാണ്.

13. സ്മാർട് സോക്സ്

ഓട്ടക്കാർക്കു പറ്റിയ വെയറബിളാണു സ്മാർട് സോക്സ്. ഓടുമ്പോഴത്തെ സമ്മർദം പ്രഷർ സെൻസറുപയോഗിച്ച് കണക്കാക്കി സ്റ്റാമിനയെക്കുറിച്ചുള്ള വിവരങ്ങൾ ഇവ നൽകും.

14. മോയിസ്ചറൈസിങ് ജീൻസ്

മഞ്ഞുകാലത്തു ജീൻസ് ഉപയോഗിക്കുമ്പോൾ ചർമം വരളുന്നതു തടയാനുള്ള സൂത്രങ്ങളുള്ള ജീൻസ്. ഇതിന്റെ ഉള്ളിൽ തൊലിയെ സ്പർശിക്കുന്ന ഭാഗത്ത് ഒട്ടേറെ മൈക്രോക്യാപ്സൂളുകളുണ്ട്. ഈ ജീൻസ് ധരിച്ചവർ മുന്നോട്ടു നടക്കുമ്പോൾ ഈ ക്യാപ്സ്യൂളുകൾ ഉരഞ്ഞുപൊട്ടി ഉള്ളിലുള്ള വിറ്റാമിൻ ഇ അടങ്ങിയ സത്ത് വെളിയിൽ വന്നു തൊലിക്കു പുതുജീവൻ നൽകും.