Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തങ്ങൾ നേരിടാൻ: കേരളം നിർബന്ധമായും ചെയ്യേണ്ടത്...

aluva-flood

ഓരോ മഴയെയും പേടിക്കുന്ന നിലയിലേക്കു കേരളം മാറിയിരിക്കുന്നു. ആശങ്കകൾ മറികടക്കാൻ ശാസ്ത്രീയ സമീപനം അനിവാര്യം. പഴകിയ ഫയൽശേഖരത്തിനും വ്യക്തതയില്ലാത്ത വിവരങ്ങളിൽനിന്നും മാറി, കൃത്യമായ വിവരങ്ങളിലൂടെ, ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച്  കേരളത്തിന്റെ സമഗ്ര വിവരശേഖരം ഒരുക്കണം. ഭാവിയിൽ ദുരന്തം നേരിടാനെന്നല്ല വികസനാസൂത്രണത്തിനും ഉപകരിക്കും.

ദുരന്തനിവാരണത്തിൽ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതാണു കേരളത്തിലുണ്ടായ പ്രളയം. ഭൂമിശാസ്ത്രപരമായ വിവരങ്ങൾ അഥവാ ജിഐഎസ് (ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം) ദുരന്തനിവാരണത്തിലും പ്രവചനത്തിലും കൃത്യമായി ഉപയോഗിക്കാനാവും. പല വിദേശരാജ്യങ്ങൾക്കും കേന്ദ്രീകൃതമായ ദുരന്തനിവാരണ സോഫ്റ്റ്‍വെയർ പ്ലാറ്റ്ഫോമുകളുണ്ട്. യുഎസിലും മറ്റും കൊടുങ്കാറ്റ് പോലെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ അപായനിരക്കു കുറയ്ക്കാൻ സഹായിക്കുന്നതും സാങ്കേതികവിദ്യയാണ്. ഓരോ മിനിറ്റിലും കാറ്റ് എവിടെയൊക്കെ വീശുമെന്നു നേരത്തേതന്നെ കണക്കാക്കുക മാത്രമല്ല, അതു ജനങ്ങളെ യഥാസമയം അറിയിക്കുന്നതും ഇത്തരം പ്ലാറ്റ്ഫോമുകളുടെ പ്രത്യേകതയാണ്. ഏകീകൃത സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോണുകളുടെ ജിപിഎസ് ലൊക്കേഷൻ അടിയന്തര ഘട്ടങ്ങളിൽ തിരിച്ചറിയാനുള്ള സംവിധാനവും പലയിടത്തുമുണ്ട്.

കണക്കിന്റെ കളി!

ഓരോ പ്രദേശവും പല അടരുകളായി മാപ് (map) ചെയ്യേണ്ടതിന്റെ ആവശ്യം വ്യക്തമാക്കാൻ ഒരു ഉദാഹരണം ഇതാ–ഒരു ഡാമിൽനിന്ന് വെള്ളം തുറന്നുവിടുമ്പോൾ താഴെ നദിയിലെ ജലനിരപ്പ് എത്ര ഉയരുമെന്നും അത് എത്ര സ്ഥലത്തേക്ക് പടരുമെന്നും കണ്ടെത്താൻ ജിഐഎസ് വിവരങ്ങൾ മതിയാകും. നദിയുടെ വീതിയും താഴ്ചയും ഉപഗ്രഹചിത്രങ്ങളിലൂടെ മനസ്സിലാക്കി അതിലെ വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കാം. ഡാമിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിനു കണക്കുണ്ടല്ലോ. ഒഴുക്കിന്റെ വേഗം ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്ത് അധികമായി എത്തുന്ന വെള്ളം എത്ര പ്രദേശങ്ങളിലേക്ക് എത്ര സമയത്തിനുള്ളിൽ പടരുമെന്നു കണ്ടെത്താൻ കഴിയും. 10 വർഷം മുൻപുള്ള നദിയുടെ മാപ്പിങ് വിവരങ്ങൾ ഇതിനു മതിയാകില്ല. കാരണം അന്നുണ്ടായിരുന്ന വിസ്തീർണം ഇന്നുണ്ടാകില്ല. അതുകൊണ്ട് തത്സമയം വിവരങ്ങൾ മനസ്സിലാക്കി ഇത്തരം കണക്കുകൂട്ടലുകൾ നടത്താൻ ഏകീകൃത സംവിധാനം ആവശ്യമാണ്. ഓരോ തവണയും നാമിതു കണക്കുകൂട്ടേണ്ടതില്ല, പകരം ഈ പണി ചെയ്യാൻ നിർമിതബുദ്ധിയും മെഷീൻ ലേണിങ്ങും വിവിധ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.

flood-rescue

ഡേറ്റ മോഡൽ പ്രധാനം

കേരളത്തിലെ ജലസ്രോതസ്സുകൾ, ഡാമുകളുടെ വൃഷ്ടിപ്രദേശം, റോഡുകൾ, വനം, പൊലീസ് സ്റ്റേഷൻ പരിധികൾ എന്നിങ്ങനെ അസംഖ്യം ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ഓരോ ലെയറുകളായി ചേർത്ത് ഒരു സമഗ്രമായ ഡേറ്റ മോഡൽ നിർമിക്കുകയാണ് ആദ്യഘട്ടം. ദുരന്തനിവാരണത്തിനു മാത്രമല്ല ഓരോ സർക്കാർ ഏജൻസികൾക്കും ദീർഘകാല വികസനത്തിനും ഇതുപകരിക്കും. ഉദാഹരണത്തിന്, കേരളത്തിലെ മുഴുവൻ റോഡുകളുടെയും റിയൽടൈം ഡേറ്റ പൊതുമരാമത്തു വകുപ്പിന് ഏറെ സഹായകമാണല്ലോ. അത്യാഹിതമുണ്ടാകുമ്പോൾ ഇത്തരം ഓരോ ലെയറുകളും ഉപയോഗിച്ചു പ്രവചനവും രക്ഷാദൗത്യവും സാധ്യമാക്കാം. പഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെ ഏകോപിപ്പിക്കാവുന്ന ഒരു കംപ്യൂട്ടിങ് ഡിവിഷനും ഇതിന് ആവശ്യമാണ്. കാലാവസ്ഥ, ഉപഗ്രഹം, ഡ്രോൺ, സെൻസറുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിലേക്ക് ശേഖരിക്കാൻ കഴിയണം.

യുഎസിൽ മിഷിഗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം 72 ലെയറുകൾ ചേർത്തുള്ള സമഗ്രമായ ഡേറ്റ മോഡൽ നിർമാണം പുരോഗമിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഓരോ രാജ്യത്തിന്റെയും പ്രത്യേകത മനസ്സിലാക്കി അസംഖ്യം സോഫ്റ്റ്‍വെയറുകൾ നിർമിക്കാം. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സെൻസറുകൾ ഉപയോഗിച്ച് ജലനിരപ്പു വർധിക്കുന്നത് ഉൾപ്പെടെയുള്ളവ കണ്ടെത്താനുള്ള സംവിധാനവുമുണ്ട്.

flood-aluva

എന്താണ് ഇഎസ്ആർഐ?

ജിഐഎസ് സോഫ്റ്റ്‍വെയറുകൾ നിർമിക്കുന്നതിൽ ലോകത്തെ ഒന്നാം നമ്പർ കമ്പനിയാണ് ഇഎസ്ആർഐ (എൻവയൺമെന്റൽ സിസ്റ്റംസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്). യുഎസ് ആസ്ഥാനമായി 1969ൽ ആരംഭിച്ച കമ്പനിക്ക് 200 രാജ്യങ്ങളിലായി 10 ലക്ഷത്തിലധികം ഉപയോക്താക്കൾ. വിപണിയുടെ 43 ശതമാനവും ഇഎസ്ആർ‍ഐയ്ക്കു സ്വന്തം. മാപ്പിങ് ശ്രമങ്ങൾക്കായി മിക്ക സർക്കാർ ഏജൻസികളും ഉപയോഗിക്കുന്നത് ഇഎസ്ആർഐയുടെ ആർക്ക്ജിഐഎസ് (ArcGIS) ഉൾപ്പെടെയുള്ള സോഫ്റ്റ്‍വെയറുകളാണ്.