Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പക്കാരുടെ കൂട്ടായ്മ കൈകോർത്തു, ഡേറ്റയുടെ കൈപിടിച്ച്

kerala-flood-map

കേരളം പ്രളയത്തിൽ പകച്ചുനിന്നപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഏറ്റവുമധികം സഹായകമായത് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മകളാണ്. കർട്ടനു പിന്നിലായിരുന്നു പതിനായിരക്കണക്കിനു പേർ പങ്കുചേർന്ന ദൗത്യം. ഇൻഫർമേഷൻ ടെക്നോളജിയുടെയും സമൂഹമാധ്യമങ്ങളുടെയും സാധ്യതകൾ വലിയതോതില്‍ പ്രയോജനപ്പെടുത്തിയ രക്ഷാപ്രവർത്തന മാതൃക ഭാവിയിലെ വലിയ സാധ്യതകളിലേക്കുകൂടി വാതിൽ തുറക്കുന്നു. ദുരന്തമേഖലകളിൽ മാത്രമല്ല, കേരളത്തിന്റെ പുനർനിർമാണരംഗത്തും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും.

ഡേറ്റ ശേഖരണം

രക്ഷാപ്രവർത്തനമായാലും പുനർനിർമാണമായാലും വിവരശേഖരണമാണ് ഏറ്റവും നിർണായകം. സാമ്പ്രദായിക രീതികളിൽ നിന്നു മാറി പല വഴികളിലൂടെയുള്ള വിവരശേഖരണമാണ് പ്രളയരക്ഷാപ്രവർത്തനങ്ങളിൽ ഓൺലൈൻ കൂട്ടായ്മകൾ നടത്തിയത്. സാമൂഹികമാധ്യമങ്ങൾ, മാധ്യമങ്ങൾ, സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റ്, ഗൂഗിൾ ഫോം തുടങ്ങിയ എല്ലാ മേഖലകളിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചു. 

ഡേറ്റ പ്രോസസിങ്

പലയിടങ്ങളിൽനിന്നു വരുന്ന വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി നിശ്ചിത ഫോർമാറ്റിലാക്കുക എന്ന ഭാരിച്ച ജോലി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വൊളന്റിയർമാർ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും ഇത്തരം ഡേറ്റ പ്രൊസസിങ് കേന്ദ്രങ്ങളായി മാറി. ജിയോ ടാഗിങ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലൂടെ വിവരങ്ങൾ കൃത്യമാക്കി. ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലായി ഒരുക്കിയ കോൾ സെന്ററുകൾ വഴി, സഹായം അഭ്യർഥിക്കുന്നവരുടെ വിവരങ്ങൾ നേരിട്ടുശേഖരിച്ചു. 

ഡേറ്റ ഓർഗനൈസേഷൻ, ഷെഡ്യൂളിങ്

വിവിധ ജില്ലകളിൽ നിന്നു പലവഴിയെത്തുന്ന സഹായാഭ്യർഥനകൾ ആവർത്തിക്കാതിരിക്കാൻ ഗൂഗിൾ സ്പ്രെഡ് ഷീറ്റ്, സ്ലാക് പ്ലാറ്റ്ഫോമുകളാണ് പ്രയോജനപ്പെടുത്തിയത്. ബഹുരാഷ്ട്ര ഐടി കമ്പനികളിലെ ജീവനക്കാർ വരെ ഇതിനു സഹായിച്ചു. കൺട്രോൾ റൂമുകൾ പലപ്പോഴും നിസഹായരായപ്പോൾ വിവരങ്ങൾ നേരിട്ട് സേനാവിഭാഗങ്ങൾക്കും കൈമാറി. ഹെലികോപ്റ്ററിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് കൃത്യമായ സ്ഥലം രേഖപ്പെടുത്തിയ വിവരങ്ങൾ അനിവാര്യമായിരുന്നു. 

ഭാവിസാധ്യതകൾ 

ദുരന്തമുണ്ടായപ്പോൾ സ്വാഭാവികമായി രൂപപ്പെട്ട സംഘങ്ങൾക്കു കേരളത്തിന്റെ പുനർനിർമാണത്തിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് കംപാഷനേറ്റ് കേരളം എന്ന കൂട്ടായ്മയുടെ വൊളന്റിയർമാർ പറയുന്നു. വിവരശേഖരണമെന്ന വലിയ കടമ്പ സാങ്കേതികവിദ്യകളിലൂടെ അനായാസമാക്കാൻ അവർക്കാകും.