Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ മുങ്ങിയവർക്ക് കൈതാങ്ങായത് അർണവിന്റെ ഇ–സഹായം

kerala-flood-sky-view

സഹായം തേടി സർക്കാരിനു ലഭിച്ച ആയിരക്കണക്കിന് അപേക്ഷകൾ ക്രൗഡ്സോഴ്സിങ് (crowdsourcing) സാങ്കേതികവിദ്യയിലൂടെ ആവശ്യകത അനുസരിച്ചു തരംതിരിച്ചു രക്ഷാപ്രവർത്തകർക്കു ലഭ്യമാക്കിയതിൽ ബെംഗളൂരു സ്വദേശി അർണവ് ബൻസാൽ (18) രൂപകൽപന ചെയ്ത https://kerala-crowdsource.itsarnavb.me/ വെബ്സൈറ്റിനും വലിയ പങ്കുണ്ട്. ഓരോ അപേക്ഷയുടെയും ഗുരുതരാവസ്ഥ വൊളന്റിയർമാർക്കു റേറ്റ് ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായ വെബ്പേജാണ് അർണവ് തയാറാക്കിയത്. നൂറുകണക്കിനു വൊളന്റിയർമാർ ഈ വലിയ ഡേറ്റ തരം തിരിക്കാൻ രാപകലില്ലാതെ പ്രവർത്തിച്ചു. 

∙ രക്ഷാസൈറ്റിനെ രക്ഷിക്കാൻ

പ്രളയമുഖത്ത് അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്താൻ സാങ്കേതികവിദ്യയ്ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്ന തിരിച്ചറിവിൽ  ഐടി മിഷൻ ‘കേരള റെസ്ക്യു.ഇൻ’ എന്ന വെബ്സൈറ്റ് രൂപീകരിച്ചിരുന്നു. സഹായമഭ്യർഥിച്ചുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണു പൊടുന്നനെ എത്തിയത്. 40,000 അപേക്ഷകൾ വരെ ആദ്യ ദിവസം ലഭിച്ചു. ഇത്രയേറെ അപേക്ഷകളിൽനിന്ന് ഏറ്റവും ആദ്യം രക്ഷിക്കേണ്ടവരെ കണ്ടെത്തണം, ഒന്നിലേറെ അപേക്ഷകൾ ഒരാൾക്കുവേണ്ടി വന്നിട്ടുണ്ടെങ്കിൽ അവ തിരിച്ചറിയണം, ഓരോ ആളുടെയും നിലവിലെ സ്ഥിതി കണ്ടെത്തണം, എത്രപേരെ രക്ഷിച്ചിട്ടുണ്ടെന്നറിയണം... ഡേറ്റയുടെ മഹാപ്രളയത്തിൽനിന്നു കൃത്യമായ വിവരങ്ങളെ തരംതിരിച്ചെടുക്കാനുള്ള വലിയ ദൗത്യമാണ് അർണവ് ബൻസാലും സംഘവും ഏറ്റെടുത്തത്.

∙ട്രയാജിങ് (Triaging)

മെഡിക്കൽ രംഗത്ത് ഉപയോഗിക്കുന്ന പദമാണ് ട്രയാജിങ്. ഏറ്റവും ആവശ്യക്കാർക്കു കൂടുതൽ പരിചരണം കൊടുക്കുന്ന രീതിയാണിത്. ഒരു ബസ് മറിഞ്ഞു വലിയ അപകടം സംഭവിച്ചു എന്നിരിക്കട്ടെ. സാരമായി പരുക്കേറ്റ ഒട്ടേറെപ്പേർ ഉണ്ടാകും. ആദ്യം ആർക്കാണു വൈദ്യസഹായം നൽകേണ്ടതെന്നു ഡോക്ടർമാർ കണ്ടെത്തുന്ന രീതിയാണ് ട്രയാജിങ്. 80 വയസ്സുള്ള ആൾക്കും 18 വയസ്സുള്ള ആൾക്കും അപകടത്തിൽ ഒരേപോലെ പരുക്കേറ്റെന്നു വിചാരിക്കുക. ആദ്യം 18 വയസ്സുള്ളയാൾക്കു ചികിൽസ നൽകണം. ശാരീരികക്ഷമത താരതമ്യം ചെയ്യുമ്പോൾ  80 വയസ്സുള്ളയാൾ രക്ഷപ്പെടാനുള്ള സാധ്യത 20 ശതമാനവും മറ്റേയാൾക്ക് അതു 80 ശതമാനവുമാണ്. സമയം പാഴാക്കാതെ, കൂടുതൽ ജീവൻ രക്ഷിക്കാനുള്ള ട്രയാജിങ് രീതിയാണ് അർണവും സംഘവും തിരഞ്ഞെടുത്തത്.

Arnav-Bansal

∙കൃത്യമായ വിവരങ്ങളും മുൻഗണനയും

‘കേരള റെസ്ക്യു.ഇൻ’ സൈറ്റിലെ അപേക്ഷകൾ അർണവ് തന്റെ ലളിതമായ വെബ്പേജിലേക്കു ഡൗൺലോഡ് ചെയ്തു. ഓരോ അപേക്ഷയ്ക്കും താഴെ ‘അത്യാവശ്യം’, ‘വളരെ അത്യാവശ്യം’, ‘ഗുരുതരം’, ‘അതീവ ഗുരുതരം’ എന്നിങ്ങനെ നാലു നിറങ്ങളിലുള്ള ബട്ടണുകളും സെറ്റ് ചെയ്തു. നൂറുകണക്കിനു വൊളന്റിയർമാർ അപേക്ഷകരുടെ ഫോണിൽ ബന്ധപ്പെട്ടു. ലൊക്കേഷൻ കണ്ടെത്തി. ആളുകളുടെ എണ്ണവും വെള്ളത്തിന്റെ അളവും പ്രായവുമെല്ലാം പരിഗണിച്ചു പ്രയോറിറ്റി ബട്ടണുകളിൽ പ്രസ് ചെയ്തു. അങ്ങനെ തരംതിരിച്ച വിവരങ്ങൾ ലഭ്യമായിത്തുടങ്ങി. സർക്കാരിന്റെ റെസ്ക്യു സൈറ്റിനു കൈമാറിയതും രക്ഷാപ്രവർത്തകർക്കു കൈമാറിയതും ഈ ശാസ്ത്രീയ പട്ടികയാണ്. ക്രൗഡ് സോഴ്സിങ് സൈറ്റ് വിപുലീകരിച്ച് ഭാവിയിലെ ഏത് ആവശ്യവും നേരിടാൻ പാകപ്പെടുത്തുകയാണിപ്പോൾ അർണവ്.