Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ലക്ഷം ഫോണുകളിൽ 24 കിലോഗ്രാം സ്വർണം; പഴയഫോണ്‍ കളയല്ലേ...

phone-gold

നമ്മള്‍ ഉപേക്ഷിക്കുന്ന കംപ്യൂട്ടറും ഫോണും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമൊക്കെയാണ് ഇ–മാലിന്യം. ഇ–മാലിന്യം എന്തുചെയ്യണമെന്നത് പൂർണമായും ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യമാണ്. പരിസ്ഥിതിക്കു നാശനഷ്ടമുണ്ടാക്കുന്ന പ്ലാസ്റ്റിക് ഘടകങ്ങൾ ഒരുവശത്ത്; വേർതിരിച്ചെടുക്കാവുന്ന വിലപ്പെട്ട ലോഹങ്ങൾ മറുവശത്ത്. ഇ–മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞും കുന്നുകൂട്ടിയും കൈകഴുകുന്ന രീതിയിൽനിന്നു ലോകം അൽപമെങ്കിലും മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതിനു കാരണം അതിലെ സ്വർണവും വെള്ളിയും ചെമ്പുമൊക്കയാണ്. 

ഓരോ വർഷവും ലോകത്തെ മൊത്തം ഖനികളിലെ സ്വർണം ഉൽപാദനത്തിന്റെ 11 ശതമാനമെങ്കിലും ഇ–മാലിന്യത്തിൽനിന്ന് വേർതിരിച്ചെടുക്കാമെന്നു രാജ്യാന്തര ഏജൻസികൾ പറയുന്നു. 10 ലക്ഷം മൊബൈൽ ഫോണുകളിലെ സർക്കീട്ട് ബോഡുകളിൽനിന്ന് 24 കിലോഗ്രാം സ്വർണം വേർതിരിച്ചെടുക്കാമെന്നാണു കണക്ക്.

എന്നിട്ടും 70% ഇ–മാലിന്യവും ‘റീസൈക്ലിങ്ങി’നു വിധേയമാകുന്നില്ല. മലിനീകരണ നിയന്ത്രണനിയമങ്ങൾ കർശനമായ യൂറോപ്പിൽ 35% ഇ–മാലിന്യങ്ങൾ സംസ്കരിക്കപ്പെടുമ്പോൾ, ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉപകരണ വിപണികളിലൊന്നായ യുഎസിൽ ഇ–മാലിന്യ സംസ്കരണത്തിനു നിയമമില്ല. കൂടുതലും മണ്ണിനടിയിലാക്കിയോ ഏഷ്യൻ രാജ്യങ്ങളിലേക്കു കയറ്റിയയച്ചോ ആണ് അവർ പ്രശ്നം ‘പരിഹരിക്കുന്നത്’. 

വർഷം തോറും ഏതാണ്ട് 5 കോടി ടൺ ഇ–മാലിന്യം ആഗോളതലത്തിൽ ഉണ്ടാകുന്നു.  ഇതിലുമെത്രയോ ഏറെ പ്ലാസ്റ്റിക് മാലിന്യവും ഭൂമിക്കു ഭീഷണിയായി നമ്മൾ സൃഷ്ടിക്കുന്നു. പുനരുപയോഗത്തിന് ഇവയൊക്കെ അനുയോജ്യമാക്കാവുന്ന സാങ്കേതികവിദ്യകളും സൗകര്യങ്ങളും കൂടുതലായി ഉണ്ടായാൽമാത്രമേ ഇതിനു കുറെയെങ്കിലും പരിഹാരമാകൂ.

അമേരിക്കൻ ഇ–മാലിന്യം ഏറ്റവുമധികം വാങ്ങിയിരുന്ന ചൈന 2106ൽ അത് അവസാനിപ്പിച്ചു. ഇ–മാലിന്യം ഇറക്കുമതി ചെയ്ത് സംസ്കരിക്കുന്ന വ്യവസായം ഇതോടെ തായ്‌ലൻഡിൽ കൊഴുത്തു. തായ്‌ലൻഡിലും ചൈനയിലും ഇന്ത്യയിലും ഇന്തൊനീഷ്യയിലുമൊക്കെ ഇ–മാലിന്യത്തിൽനിന്നു സ്വർണവും മറ്റു ലോഹങ്ങളും വേരി‍തിരിച്ചെടുക്കാൻ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് രാജ്യാന്തര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി ഈ രംഗത്ത് കാർബൺ നാനോട്യൂബ് ടെക്നോളജി പോലെ ആധുനിക രീതികൾ പരീക്ഷിക്കുന്നുണ്ട്. ഇത്തരം ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുരോഗതി നേടിയ വികസിത രാജ്യങ്ങളിലാണ് റീസൈക്ലിങ് നടക്കേണ്ടതെന്ന വാദവും ശക്തമാണ്.

പല വ്യവസായങ്ങളും നേരിടുന്ന പ്രശ്നങ്ങളാണ് അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും. മാലിന്യങ്ങളുടെ റീസൈക്ലിങ്ങിലൂടെ ഇതു നേരിടാനാകുമെന്നു ശാസ്ത്രലോകം പറയുന്നു. 

റിസൈക്ലിങ് സാങ്കേതികവിദ്യകൾ സാമ്പത്തികമായി പ്രായോഗികമാണെന്നു വ്യവസായികൾക്കു ബോധ്യപ്പെടണം; വികസിതരാജ്യങ്ങളിലൊതുങ്ങാതെ ഇവ മറ്റിടങ്ങളിലേക്കും എത്തുകയും വേണം.