Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ‘അഹിംസ ഇറച്ചി’; മൃഗങ്ങളെക്കൊല്ലാതെ ഇറച്ചി വിൽപന

lab-grown-meat

കാളയെയും പോത്തിനെയും കോഴിയെയും ഒന്നും കൊല്ലാതെ അതിന്റെ ഇറച്ചി കഴിക്കാൻ കഴിഞ്ഞെങ്കിലോ, സാധാരണ ഇറച്ചിയുടെ അതേ രുചിയിൽ, അതേ മണത്തിൽ, അതേ രൂപത്തിൽ... ‘മനോഹരമായ സങ്കൽപം’ എന്നു പറയാൻ വരട്ടെ... മൃഗങ്ങളെക്കൊല്ലാതെ, വേദനിപ്പിക്കാതെ ഇറച്ചി ലഭ്യമാക്കുന്ന സാങ്കേതികവിദ്യ യാഥാർഥ്യമാക്കുകയാണു ശാസ്ത്രജ്ഞർ. ഓർഗാനിക് പുല്ലുതിന്നു നടക്കുന്ന ജീവികളുടെ ഇറച്ചിയുടെ അതേ രുചിയുള്ള ഇറച്ചിയായിരിക്കും 10–20 വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ തീൻ മേശകളിലെ വിഭവമെന്നാണു ശാസ്ത്രലോകം നൽകുന്ന ഉറപ്പ്. ചിക്കൻ ബ്രെസ്റ്റ് ഫ്രൈ കഴിക്കാൻ ഒരു കോഴിയെ അപ്പാടെ വളർത്തി, കൊല്ലുന്നതു വിവരക്കേടല്ലേയെന്ന് 1932 ൽ വിൻസ്റ്റൻ ചർച്ചിൽ ചോദിച്ചിട്ടുണ്ട്. ശാസ്ത്രം ഇപ്പോഴത്തേതിന്റെ പകുതിപോലും വളർന്നിട്ടില്ലാത്ത കാലത്തായിട്ടും അദ്ദേഹം ചോദിച്ചത്, നമുക്കാവശ്യമുള്ള മാംസഭാഗങ്ങൾ മാത്രമായി പരീക്ഷണശാലയിൽ ഉണ്ടാക്കിയെടുത്താൽപ്പോരേ എന്നാണ്. അദ്ദേഹത്തിന്റെ സ്വപ്നം ഇതാ, ശാസ്ത്രം യാഥാർഥ്യമാക്കിയിരിക്കുന്നു. 

ലാബ് ഗ്രോൺ മീറ്റ് (Lab Meat) 

ലാബ് ഗ്രോൺ മീറ്റ്, കൾച്ചേഡ് മീറ്റ്, ക്ലീൻ മീറ്റ്, സിന്തറ്റിക് മീറ്റ്, ആർട്ടിഫിഷ്യൽ മീറ്റ്, ഇൻ വിട്രോ (in vitro) മീറ്റ് എന്നിങ്ങനെയാണ് ലാബിൽ തയാറാക്കുന്ന ഇറച്ചി അറിയപ്പെടുന്നത്. ബയോ റിയാക്ടറിൽ വളരുന്ന വിവിധതരം ഇറച്ചികളാകും അടുത്ത ദശാബ്ദത്തിലെ ‘ഡിസ്റപ്റ്റീവ്’ സാങ്കേതികവിദ്യ. സ്മാർട് ഫോൺ പോലെയോ സെൽഫ് ഡ്രൈവിങ് കാർ പോലെയോ ആന്റി ബയോട്ടിക് മരുന്നു പോലെയോ വലിയ മാറ്റങ്ങളുണ്ടാക്കുന്ന കണ്ടുപിടിത്തമാകും ഈ ഇറച്ചി. 

സെല്ലുലാർ അഗ്രികൾചർ (Cellular Agriculture) 

സെല്ലുലാർ അഗ്രികൾചർ സാങ്കേതിക വിദ്യയുടെ ഒരു രൂപമാണ് ലാബ്മീറ്റ്. ബയോ റിയാക്ടറിന്റെ അതീവ വൃത്തിയുള്ള, അനുയോജ്യ അന്തരീക്ഷത്തിൽ കോഴി, പോത്ത്, കാള, മീൻ, വന്യമൃഗങ്ങൾ എന്നിവയുടെയെല്ലാം കോശങ്ങൾ വളർത്തിയെടുക്കുന്നു. ആന്റിബയോട്ടിക്കുകളോ ഹോർമോണുകളോ ഇല്ലാത്ത, ശുദ്ധമായ, ഗുണമേന്മയുള്ള, രുചിയേറിയ ഇറച്ചിയാണ് ബയോറിയാക്ടറിൽനിന്നു ലഭിക്കുക. ആരോഗ്യമുള്ള മൃഗത്തിന്റെ ടിഷ്യൂ ശേഖരിച്ച്, ഏതാണ്ട് ഒരു ഗ്രാമിൽനിന്ന് പതിനായിരക്കണക്കിനു കിലോഗ്രാം ഇറച്ചിയാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്. താരതമ്യേന ചെലവും കുറവ്. 

സാധാരണഗതിയിൽ പുല്ലുതിന്നു വളരുന്ന പോത്തിന്റെ ഓർഗാനിക് ഇറച്ചിക്ക്, കമ്പോള ഇറച്ചിയുടെ അഞ്ചിരട്ടി വിലയാണ് അമേരിക്കയിലും മറ്റും ഈടാക്കുന്നത്. ലാബ് മീറ്റ് പ്രാബല്യത്തിലെത്തുന്നതോടെ ഗുണമേൻമയുള്ള ഇറച്ചിയുടെ വില കുറയും. 

ലോകത്തിലെ എല്ലാ ബീഫ് തീറ്റക്കാരുടെയും ആവശ്യം നിറവേറ്റാൻ രണ്ടേ രണ്ടു പോത്തു മാത്രം മതിയെന്ന സ്ഥിതിയാണു സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്. 

പ്രകൃതിക്കിണങ്ങിയത് 

2050 ൽ ലോക ജനസംഖ്യ 900 കോടി കടക്കുമെന്നാണു കണക്കുകൾ. ഇത്രയധികം വലിയ ജനസംഖ്യയ്ക്ക് ആവശ്യമായ ഇറച്ചിവിഭവങ്ങൾ കണ്ടെത്തുകയെന്നതു നാം അഭിമുഖീകരിക്കേണ്ടിവരുന്ന വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നാകും. എന്നാൽ ലാബ് മീറ്റ് പ്രകൃതിക്ക് ഇണങ്ങിയതാണെന്നാണു ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ വൈൽഡ് ലൈഫ് കൺസർവേഷൻ റിസർച് യൂണിറ്റിലെ ഹന്ന ട്യൂമിസ്റ്റോ എന്ന ശാസ്ത്രജ്ഞ ലാബ്മീറ്റ് നിർമാണത്തിൽ പാരിസ്ഥിതികാഘാതം വളരെക്കുറവാണെന്ന് വ്യക്തമാക്കുന്നു. ലാബിൽ ഇത്തരത്തിൽ ഇറച്ചി നിർമിച്ചെടുക്കുമ്പോൾ സാധാരണ രീതിയിലുള്ളതിനെക്കാൾ ഗ്രീൻഹൗസ് വാതകങ്ങളുടെ പുറന്തള്ളൽ 96% കുറയുന്നു എന്നാണു കണ്ടെത്തൽ. ഊർജോപയോഗം 45% കുറവാണ്. സ്ഥലത്തിന്റെ ഉപയോഗം 99% കുറയ്ക്കാം. വെള്ളത്തിന്റെ ഉപയോഗവും 96% കുറയ്ക്കാനാകും. 

∙ വൻ നിക്ഷേപങ്ങൾ 

ലാബ് മീറ്റ് നിർമാണ രംഗത്ത് ഇതിനോടകം ഒട്ടേറെ വമ്പൻ കമ്പനികൾ നിക്ഷേപം നടത്തിക്കഴിഞ്ഞു. സാങ്കേതിക വിദ്യയിൽ കാര്യമായ പുരോഗതിയും നാൾക്കുനാൾ സംഭവിക്കുന്നുണ്ട്. 2013ൽ നെതർലൻഡ്സിലെ മാസ്ട്രിക്ട് സർവകലാശാലയിലെ പ്രഫസർ മാർക്ക് പോസ്റ്റ് ലോകത്തിലെ ആദ്യത്തെ ലാബ്മീറ്റ് ബർഗർ തയാറാക്കി. മോസ മീറ്റ്സിന്റെ സഹസ്ഥാപകൻ കൂടിയായ മാർക്കിന് ആദ്യം ലാബിൽ ഇറച്ചിയുണ്ടാക്കാൻ 3,25,000 ഡോളർ വേണ്ടിവന്ന സ്ഥാനത്ത്, മൂന്നു വർഷത്തിനുള്ളിൽ ചെലവ് 11 ഡോളറായി കുറയ്ക്കാനായെന്ന് പ്രഫ.പോസറ്റ് പറഞ്ഞു. അത്രയേറെയാണു മേഖലയിൽ നടക്കുന്ന ഗവേഷണങ്ങൾ. അധികം വൈകാതെ ഇത്തരം ബർഗറുകൾ നമുക്കു ചുറ്റുമുള്ള റസ്റ്ററന്റുകളിലും താങ്ങാവുന്ന വിലയിൽ ലഭ്യമാകും. 2013 ൽ മാർക്കിന്റെ മോസ മീറ്റ് പ്രോജക്ടിൽ, 325000 ഡോളറിന്റെ ബർഗർ ഉണ്ടാക്കാൻ ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആണു പണം മുടക്കിയത്. 

അമേരിക്കയിലെ മെംഫിസ് മീറ്റ്, ഇസ്രയേലിലെ സൂപ്പർമീറ്റ്, ജപ്പാനിലെ ഷോജിൻമീറ്റ് തുടങ്ങിയ കമ്പനികൾ ലാബ് മീറ്റ് രംഗത്തു വലിയ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് സിഇഒയും സ്ഥാപകനുമായ ബിൽ ഗേറ്റ്സ്, ബ്രിട്ടിഷ് വ്യവസായി റിച്ചഡ് ബ്രാൻസൻ, ലോകത്തിലെ ഏറ്റവും വലിയ മീറ്റ് വ്യവസായികളായ ടൈസൻ ഫൂഡ്സ്, രണ്ടാംസ്ഥാനക്കാരായ കാർഗിൽ എന്നിവരും മെംഫിസ് മീറ്റ്സിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 

∙സാങ്കേതികവിദ്യ 

ടിഷ്യൂ എൻജിനീയറിങ്ങാണ് ലാബ് മീറ്റ് നിർമാണത്തിനു പിന്നിലെ സാങ്കേതിക വിദ്യ. ജീവനുള്ള മൃഗത്തിന്റെ (ആരോഗ്യമുള്ള) ശരീരത്തിൽ നിന്നും ബയോപ്സി സാങ്കേതികവിദ്യയിലൂടെ കുറച്ചു കോശങ്ങൾ കുത്തിയെടുക്കുന്നു. എംബ്രിയോണിക് സ്റ്റെം സെൽസ്, അഡൽറ്റ് സ്റ്റെം സെൽസ്, മയോസാറ്റലൈറ്റ് സെൽസ് (മയോബ്ലാസ്റ്റ്സ്) തുടങ്ങിയ കോശങ്ങൾക്കു വ്യത്യസ്ത സവിശേഷസ്വഭാവങ്ങളുണ്ട്. 

meat2

മയോബ്ലാസ്റ്റ് കോശങ്ങൾ അനേകങ്ങളായി പെരുകും. മറ്റു കോശങ്ങളിൽനിന്നു വ്യത്യസ്തവുമായിരിക്കും. ടിഷ്യൂ വളരാൻ സഹായകരമാകുന്ന പ്രോട്ടീൻ അന്തരീക്ഷം ഒരുക്കണം. ബയോ റിയാക്ടറിലെ കൾചർ മീഡിയത്തിലാണ് ടിഷ്യൂ വളർച്ച നടക്കുന്നത്. സസ്യത്തിൽനിന്നുള്ള കൾച്ചർ മീഡിയത്തിൽ ഇറച്ചി വളർത്താം. ബയോ റിയാക്ടറിലെ പോഷകങ്ങൾ കോശങ്ങൾക്കു വിഘടിച്ചു പെരുകാനുള്ള ഊർജം പ്രദാനം ചെയ്യും.