Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ മാജിക്! Chengannur or Chennai? മിന്നൽവേഗം, ഞൊടിയിടയിൽ തീരുമാനം

google-data-center

നിങ്ങളുടെ കംപ്യൂട്ടറിൽ ചിത്രം സേവ് ചെയ്തതു മറന്നുപോയെന്നു കരുതുക, ഓർമയിൽനിന്ന് ഫയൽ നെയിം തപ്പിയെടുത്ത് സെർച്ച് ചെയ്യുമ്പോൾ വിൻഡോസ് സെർച്ച് എത്ര സമയം പ്രവർത്തിക്കുന്നു എന്നു ശ്രദ്ധിച്ചിട്ടില്ലേ. ശതകോടിക്കണക്കിനു വിവരങ്ങളുള്ള ഇന്റർനെറ്റിൽ തിരയുമ്പോൾ എന്താവും സ്ഥിതി? മൈക്രോ സെക്കൻഡുകളിൽ കോടാനുകോടി വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങൾ നൽകുന്ന ഗൂഗിൾ മാജിക് ഇങ്ങനെ:

ക്രോളിങ് Crawling –നിങ്ങൾ തിരയും മുൻപു തന്നെ കോടാനുകോടി വെബ്സൈറ്റുകളിൽ ഗൂഗിളിന്റെ സോഫ്റ്റ്‍വെയർ പ്രോഗ്രാമുകൾ (സ്പൈഡേഴ്സ്) കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ച് അതിന്റെ ഒരു ഇൻഡക്സ്‌ വിവിധ രാജ്യങ്ങളിലുള്ള ആയിരക്കണക്കിനു ഗൂഗിൾ സെർവറുകളിൽ എത്തിക്കും. തേനീച്ചകൾ തേൻശേഖരിക്കുന്നതുപോലെ.

മിന്നൽവേഗം– നിങ്ങൾ Che എന്ന വാക്ക് ടൈപ്പ് ചെയ്യുന്ന നിമിഷം തന്നെ അത് പ്രകാശവേഗത്തിനടുത്ത് ശരാശരി 1,500 മൈൽ സഞ്ചരിക്കും. ലോകമെങ്ങുമുള്ള പല ഗൂഗിൾ ഡേറ്റ സെന്ററുകളിലും റിക്വസ്റ്റെത്തും.

ഞൊടിയിടയിൽ തീരുമാനം– നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം, ലൊക്കേഷൻ എന്നിവ കണക്കാക്കി Chennai വേണോ Chengannur എന്നും ഗൂഗിൾ പറഞ്ഞു തരും. കോടിക്കണക്കിനു വെബ്സൈറ്റുകളിൽ ഏറ്റവും യോജിച്ചത് ആദ്യം ദൃശ്യമാകും. യുഎസിൽനിന്ന് തിരയുമ്പോൾ കിട്ടുന്നതായിരിക്കില്ല ഇന്ത്യയിൽ ലഭിക്കുന്നത്.
∙ 0.14 സെക്കൻഡിൽ കാണിച്ചു തരുന്നത് 1,10,00,000 വെബ്‍ലിങ്കുകൾ
∙ ഓരോ മിനിറ്റിലും അഞ്ചൂറിലധികം വെബ് പേജുകൾ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് കണക്ക്
∙ 1999ൽ 100 കോടി ഗൂഗിൾ സെർച്ചുകളായിരുന്നുവെങ്കിൽ ഇന്നത് രണ്ടു ലക്ഷം കോടിയിലധികമാണ്. അതായത് 18 വർഷത്തിനിടയിൽ 199,900 ശതമാനത്തിന്റെ വർധന!
∙ ഇന്റർനെറ്റിലെ മുഴുവൻ കണ്ടന്റിന്റെ വിവരങ്ങൾ സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോൾ അവ തിരിച്ചെടുത്തുകൊടുക്കാൻ കഴിയുന്നതുമാണ് ഗൂഗിളിനെ ഈ രംഗത്തെ രാജാവാക്കിയത്.

റാങ്ക് ബ്രെയിൻ

ആളുകൾ തിരയാനിടയുള്ള വാക്കുകൾ പരമാവധിയുള്ള വെബ്സൈറ്റുകൾ ഒന്നാമതായി കാണിക്കുന്ന രീതി മാത്രമല്ല ഗൂഗിളിനുള്ളത്. ഉപയോക്താവിന്റെ ഇന്റർനെറ്റ് ഇടപെടലുകൾ മനസിലാക്കി അതിലെ ആരും കാണാത്ത ബന്ധങ്ങൾ മനസിലാക്കി നിങ്ങളെ ഞെട്ടിക്കുന്ന റാങ്ക്ബ്രെയിൻ വിദ്യയുമുണ്ട്. ഉദാഹരണത്തിന് Engineer Recruitment എന്നു തിരയുമ്പോൾ ന്യായമായുമുണ്ടാകുന്ന സംശയം ഏതു തരം എൻജിനിയർ എന്നാകും. നിങ്ങൾക്ക് ഒരു കംപ്യൂട്ടർ സയൻസ് ഡിഗ്രി ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഐപി വിലാസം ഒരു ഒരു എൻജിനിയറിങ് കോളജിൽ നിന്നാണെങ്കിൽ, ട്വിറ്ററിൽ ടെക് മാധ്യമപ്രവർത്തകരെ പിന്തുടരുന്നുണ്ടെങ്കിൽ, കഴിഞ്ഞ ആഴ്ച Software engineer jobs എന്നു തിരഞ്ഞിട്ടുണ്ടുമുണ്ടെങ്കിൽ അടുത്ത നിമിഷം ആരോടും ചോദിക്കാതെ ഗൂഗിൾ തന്നെ സോഫ്റ്റ്‍വെയർ എൻജിനിയർ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൂടോടെ എത്തിക്കും.

ഇഷ്ടപ്പെട്ടില്ലെങ്കിൽ...

ഗൂഗിളിൽനിന്ന് ഒരു വെബ്സൈറ്റിലെത്തിയ വ്യക്തി ഇഷ്ടമില്ലാതെ ബാക്ക് ബട്ടൺ അമർത്തി പഴയ ഗൂഗിൾ പേജിലെത്തിയെന്നു കരുതുക. ഈ വിവരം പോലും ഗൂഗിൾ സൂക്ഷിക്കും. ഉപയോക്താവിന് പ്രയോജനകരമായിരുന്നില്ല വിവരങ്ങളെന്നു മനസിലാക്കി ഈ സൈറ്റുകളെ പട്ടികയുടെ പിന്നിലേക്കു തട്ടും. ഇത്രയും സൂക്ഷ്മമായ വിവരങ്ങൾ പോലും രേഖപ്പെടുത്തുകയും അനുനിമിഷം ഇവ ഉപയോഗിക്കുകയും ചെയ്യേണ്ടി വരുന്ന സങ്കീർണമായ ബിഗ് ഡേറ്റ ഘടനയാണ് ഗൂഗിളിന്റേത്. 2016ലെ കണക്കുപ്രകാരം 25 ലക്ഷം സെർവറുകളാണ് ഈ വമ്പൻ കമ്പനിയിലുള്ളത്.