Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കം തടയാം, ജീനുകളെ ‘കയ്യിലെടുത്ത്’

flooding-submergence-tolerance-breeding

വെള്ളപ്പൊക്കത്തിൽ മുങ്ങി നെൽച്ചെടികൾ നശിക്കുന്നു. ഉപ്പുവെള്ളത്തിൽ നെൽച്ചെടികളുടെ വിളവു കുറയുന്നു. കർഷകരുടെ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം നമുക്കിടയിൽത്തന്നെയുണ്ട്. ജീനുകളെ ‘കയ്യിലെടുത്ത്’ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാം.

ഉപ്പുവെള്ളത്തിനെ പ്രതിരോധിക്കാനും വെള്ളപ്പൊക്കത്തിനെ അതിജീവിക്കാനും കഴിയുന്ന ജീനുകൾ മറ്റു വിത്തിനങ്ങളിൽ നിന്നു വേർതിരിച്ച് ഓരോ പ്രദേശത്തിനു അനുയോജ്യമായ നെൽവിത്തിൽ ചേർത്തു നൽകിയാൽ പ്രശ്ന പരിഹാരമായി. ഇത്തരത്തിൽ ജനിതക ഘടനയ്ക്കു മാറ്റം വരുത്താതെ ഹൈബ്രിഡൈസേഷൻ വഴി വിത്തിനങ്ങൾ ഉദ്പാദിപ്പിക്കാം. സബ് 1 എ (Sub 1 A) ജീൻ ആണു വെള്ളത്തെ പ്രതിരോധിക്കാൻ നെല്ലിനു കഴിവു നൽകുന്നത്. വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുമ്പോൾ പിടിച്ചു നിൽക്കാനുള്ള (submergence tolerance) കഴിവ് ഈ ജീൻ നൽകുന്നു. ഉയർന്ന വിളവു തരുന്ന വിത്തിനങ്ങൾ‍ ഇത്തരത്തിൽ പുറത്തിറക്കിയാൽ െവള്ളപ്പൊക്കത്തെ അതിജീവിക്കുകയും വിളവു നൽകുകയും ചെയ്യും. 

ഓരു വെള്ളമാണു നെൽകൃഷി നേരിടുന്ന മറ്റൊരു ഭീഷണി. പ്രത്യേകിച്ചു കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ ഇതു വ്യാപകമാണ്. ഇവിടെ പൊക്കാളി കൃഷിയിൽ ഉപയോഗിക്കുന്ന നെൽവിത്തിലെ സാൾട്ടോൾ (Saltol) എന്ന ജീൻ സാധാരണ വിത്തിനത്തിലേക്കു ഹൈബ്രിഡൈസേഷൻ വഴി എത്തിക്കാം. ഇതു ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്നതിനുള്ള ശേഷി നൽകും. ലാബോറട്ടറിയിൽത്തന്നെ ഇത്തരം വിത്തിനങ്ങളിൽ ജീനിന്റെ സാന്നിദ്ധ്യം ആവശ്യത്തിനുണ്ടോയെന്നു പരിശോധിക്കാം. മാർക്കർ അസിസ്റ്റഡ് സെലക്‌ഷൻ (മാസ്) വഴി ഉദ്ദേശിക്കുന്ന ജീനിന്റെ സാന്നിദ്ധ്യം പരിശോധിച്ച് ഉറപ്പാക്കി വിത്തിനങ്ങൾ പുറത്തിറക്കാം. വിദേശങ്ങളിൽ സാധാരണമാണ് ഇത്. നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. 

കീടരോഗ പ്രതിരോധത്തിനും ജീനുകൾ പ്രധാന പങ്കു വഹിക്കുന്നു. ജീൻ പിരമിഡ് വഴി വിവിധ കീടങ്ങളെ പ്രതിരോധിക്കുന്ന നെൽ വിത്തിനങ്ങൾ ഉണ്ടാക്കുകയാണു ചെയ്യേണ്ടത്. വ്യത്യസ്ത കീടങ്ങളെ പ്രതിരോധിക്കുന്ന ജീനുകളെ ഒരു ഇനത്തിലേക്കു കൊണ്ടു വരികയാണു പിരമിഡിങ്ങിൽ ചെയ്യുന്നത്. ഓരോ ഘടകങ്ങൾ കൂട്ടിക്കൂട്ടി പിരമിഡുകൾ നിർമിക്കുന്നതു പോലെയാണു ഇവിടെ ചെയ്യുന്നത്.