Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഷർ കുക്കർ മുതൽ ക്യാമറ വരെ ആൻഡ്രോയിഡിലേക്ക്

Android-9-Pie

ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 90% ഡിവൈസുകളും മൊബൈൽ ഫോണുകളാണ്. ആൻഡ്രോയ്ഡ് ഓട്ടോ, വിയർ ഒഎസ് തുടങ്ങി ഒട്ടേറെ ഉപകരണങ്ങൾ ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ഡിവൈസുകളുടെ അത്ഭുതകരമായ വളർച്ച സമീപഭാവിയിൽ കാണാനാകും. പ്രഷർ കുക്കർ വരെ ആൻഡ്രോയ്ഡ് തിങ്സ് ഡിവൈസായി ഭാവിയിൽ മാറും.

ആൻഡ്രോയിഡ് തിങ്സ്

ഇന്റർനെറ്റ് ഓഫ് തിങ്സിനു വേണ്ടിയുള്ള ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമാണ് ആൻഡ്രോയിഡ് തിങ്സ്.  ചെറുഉപകരണങ്ങളെ തമ്മിൽ കണക്ട് ചെയ്യുന്ന ഓപ്പറേറ്റിങ് സിസ്റ്റം. റാസ്പെറി പൈയിലും മറ്റും സെൻസറുകൾ കണക്ട് ചെയ്ത് ഐഒടി ഡിവൈസുകളാക്കി മാറ്റാനാകും. ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാമെന്ന പ്രത്യേകതയാണ് ആൻഡ്രോയ്ഡ് ഒഎസിനുള്ളത്. ആൻഡ്രോയ്ഡ് ഫോണുമായി വളരെവേഗത്തിൽ കമ്യൂണിക്കേഷൻ സാധ്യമാകും. 

ഉദാഹരണത്തിന്– കുഞ്ഞ് വീട്ടിൽ ഉറങ്ങിക്കിടക്കുകയാണെന്നിരിക്കട്ടെ. നിങ്ങൾ ഓഫിസിലും ജോലിക്കാരി അടുക്കളയിലുമാണ്. ആൻഡ്രോയ്ഡ് തിങ്സ് കണക്ട് ചെയ്ത ഡിവൈസുകളാണു വീട്ടിലുള്ളതെങ്കിൽ കുഞ്ഞ് ഉണർന്നാൽ ആദ്യം അറിയുന്നത് നിങ്ങളാകും. കുഞ്ഞു കരയുന്ന ശബ്ദം കേട്ട് ജോലിക്കാരി അറിയുന്നതിനു മുൻപുതന്നെ ആൻഡ്രോയ്ഡ്– ടു– ആൻഡ്രോയ്ഡ് കമ്യൂണിക്കേഷൻ നടന്നിരിക്കും. ജോലിക്കാരിയെ ഉടൻ തന്നെ വിളിച്ചു വിവരമറിയിക്കുകയുമാകാം. ക്യാമറയും മോഷൻ സെൻസറും ആൻഡ്രോയിഡ് ഡിവൈസുമാണ് ആവശ്യം. ‘ആൻഡ്രോയ്ഡ് ഓട്ടോ’ കണക്ടഡ് ആണെങ്കിൽ വാഹനത്തിൽപോലും നോട്ടിഫിക്കേഷൻ വരും. വേഗമാണ് ആൻഡ്രോയ്ഡ് തിങ്സ് നൽകുന്ന ഏറ്റവും വലിയ സൗകര്യം. 

Android-CCTV

 Android Auto

കാറുകളിലെ ഇൻഫൊടെയിൻമെന്റ് സംവിധാനം. നിലവിൽ പ്രധാന വാഹനക്കമ്പനികളെല്ലാം ആൻഡ്രോയ്ഡ് ഓട്ടോ ഉപയോഗിക്കുന്നുണ്ട്. 

 Wear OS by Google

ആൻഡ്രോയിഡ് വെയർ ഇപ്പോൾ വെയർ ഒഎസ് ബൈ ഗൂഗിൾ എന്ന പേരിലേക്കു മാറി. സ്മാർട് വാച്ച് ഉൾപ്പടെ, ധരിക്കാവുന്ന ഉപകരണങ്ങളുടെ ഒഎസ് ആണ് ഈ വിഭാഗത്തിൽ. ടെക് കമ്പനികളല്ലാത്ത പ്രമുഖ വാച്ച് നിർമാതാക്കൾ വരെ ഗൂഗിളുമായി ഓപ്പറേറ്റിങ് സിസ്റ്റത്തിനു കരാർ ഒപ്പിട്ടിട്ടുണ്ട്. ഓൺലൈൻ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ വരെ വാച്ചിലും ലഭിക്കും. മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്നെ പേയ്മെന്റ് നടത്താം. 

 Android Glass

ഗൂഗിൾ ഗ്ലാസ് പരാജയപ്പെട്ടെങ്കിലും ഗൂഗിൾ ഇപ്പോൾ ആൻഡ്രോയിഡ് ഗ്ലാസ് അവതരിപ്പിച്ചിരിക്കുന്നത് വിജയിക്കാൻതന്നെ. ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ കൂടി ഉൾപ്പെടുത്തിയ ഗ്ലാസ് വലിയ വിപ്ലവങ്ങളാണു കൊണ്ടുവരുന്നത്. നിത്യജീവിതത്തിൽവരെ ഇടപെടാവുന്ന തരത്തിലാണ് ഗ്ലാസ്. ഷോപ്പിങ് മാളിൽ പോയി ഒരു വസ്ത്രം ഇഷ്ടപ്പെട്ടാൽ അതിലേക്കു നോക്കുമ്പോൾ തന്നെ നമുക്ക് അതു പാകമാകുമോ എന്നറിയാം, വില അറിയാം. 

 Android TV

വലിയ സ്ക്രീനിലേക്കുള്ള ആപ്പുകളാണ് ഇവിടെയുണ്ടാകുക. ആളുകളെല്ലാം സ്മാർട് ടിവിയിലേക്കു മാറുമ്പോൾ വലിയ പ്രചാരമുള്ള മേഖലയാണ് ആൻഡ്രോയ്ഡ് ടിവി. 

 Android Oven

സാംസങ് ഇതിനകം ആൻഡ്രോയ്ഡ് അവ്ൻ വരെ വികസിപ്പിച്ചുകഴിഞ്ഞു. കേക്ക് ഉണ്ടാക്കാൻ അവ്നിൽ വച്ച് ജോലിക്കു പോകാം. പാകമാകുമ്പോൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് ഓഫിസിലിരുന്ന് അവ്ൻ ഓഫ് ചെയ്യാം. അവ്നിൽ ഒഎസ് നൽകുകയാണ് സാംസങ് ചെയ്തിരിക്കുന്നത്. ആൻഡ്രോയ്ഡ് ഒഎസ് ഉള്ള പ്രഷർ കുക്കർ വരെ ഇനി കാണാം. 

 Android Camera

കാനനും സാംസങ്ങും വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഓപ്പറേറ്റിങ് സിസ്റ്റമുള്ള വലിയ ഡിഎസ്എൽആർ ക്യാമറകളിലും  എഡിറ്റിങ്ങും ഷെയറിങ്ങുമെല്ലാം സാധിക്കും.