Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ധ്രുവപ്രദേശത്തെ രാജകുമാരി'യുടെ മമ്മി, അടക്കം ചെയ്തത് 36 പുരുഷൻമാർക്കൊപ്പം!

polar-princess

ആര്‍ട്ടികിനോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്നും 900 വര്‍ഷത്തോളം പഴക്കമുള്ള യുവതിയുടെ മമ്മി ലഭിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ കാലാന്തരത്തില്‍ അഴുകിയെങ്കിലും മുഖത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല. സംസ്‌ക്കാര സമയത്ത് മുഖത്ത് വെച്ച ചെമ്പ് തകിടും രോമ കുപ്പായവുമാണ് 'ധ്രുവപ്രദേശത്തെ രാജകുമാരി'യുടെ മുടിയും പല്ലും മുഖത്തിന്റെ ആകൃതിയും കണ്‍പീലിയും വരെ ഇത്രയും കാലം സംരക്ഷിച്ചത്. 

35 വയസ് കണക്കാക്കുന്ന യുവതിയുടെ മൃതദേഹം മൂന്ന് ഡസനോളം പുരുഷന്മാരുടെ ശവശരീരങ്ങള്‍ക്കൊപ്പമാണ് സംസ്‌ക്കരിച്ചിരിക്കുന്നത്. തികച്ചും യാദൃശ്ചികമായി പ്രകൃതി തന്നെയാണ് 'ധ്രുവപ്രദേശത്തെ രാജകുമാരി' എന്ന് ഗവേഷകര്‍ പേരിട്ട യുവതിയുടെ ശരീരത്തെ നൂറ്റാണ്ടുകളോളം സംരക്ഷിച്ചത്. ധ്രുവപ്രദേശത്തോട് ചേര്‍ന്ന് വേട്ടയും മീന്‍ പിടുത്തവും ഉപജീവനമാര്‍ഗ്ഗമായ കഴിഞ്ഞിരുന്ന ഒരു ഗോത്രത്തിലെ അംഗമായിരുന്നു ഈ യുവതിയെന്നാണ് കരുതപ്പെടുന്നത്. 

ഈ മമ്മി ലഭിച്ച പ്രദേശത്തു നിന്നും നേരത്തെ പുരുഷന്മാരുടെയും ഒരു കുഞ്ഞിന്റെയും സംസ്‌ക്കരിച്ച ശരീരങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇത് പുരുഷന്മാരുടേയും കുഞ്ഞുങ്ങളുടേയും ശ്മശാനമാണെന്ന ധാരണയാണ് പുരാവസ്തു ഗവേഷകര്‍ക്കുണ്ടായിരുന്നത്. ഈ ധാരണയെ തന്നെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലെന്ന് റഷ്യന്‍ പുരാവസ്തുഗവേഷകന്‍ അലക്‌സാണ്ടര്‍ ഗുസേവ് പറയുന്നു. കാര്യമായ ക്ഷതമേല്‍ക്കാതെ പ്രകൃതി സംരക്ഷിച്ച ഈ മമ്മിയുടെ യഥാര്‍ഥ മുഖരൂപം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 

രണ്ട് ശവകുടീരങ്ങളില്‍ നിന്നാണ് യുവതിയുടേയും കുഞ്ഞിന്റേയും മമ്മികള്‍ ലഭിച്ചത് അതുകൊണ്ടുതന്നെ ഇവര്‍ക്ക് ബന്ധമില്ലെന്ന നിഗമനത്തിലാണ് ഗവേഷകര്‍. അതേസമയം ഈ യുവതിക്ക് ഗോത്രത്തില്‍ പ്രത്യേക സ്ഥാനം ലഭിച്ചിരുന്നതുകൊണ്ടാണ് പുരുഷന്മാര്‍ക്കൊപ്പം അടക്കം ചെയ്തതെന്നും കരുതപ്പെടുന്നു. ഈ മമ്മികള്‍ ലഭിച്ച പ്രദേശത്തു നിന്നും 3700 മൈല്‍ അകലെയുള്ള പേര്‍ഷ്യയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അനുമാനമുണ്ട്. മമ്മികളില്‍ നിന്നും ലഭിച്ച വെങ്കല പാത്രങ്ങളാണ് ഈ അനുമാനത്തിന് പിന്നില്‍.

കൃത്രിമമായി നിര്‍മിക്കുന്നവയും പ്രകൃതി തന്നെ ഒരുക്കി വെക്കുന്നതുമായ രണ്ട് തരം മമ്മികളാണ് പ്രധാനമായുമുള്ളത്. മനുഷ്യന്‍ കൃത്രിമസാഹചര്യങ്ങളൊരുക്കി സൂക്ഷിച്ച മമ്മികളുടെ ഏറ്റവും വലിയ ഉദാഹരണം ഈജിപ്ഷ്യന്‍ മമ്മികളാണ്. അതേസമയം, അനുകൂല സാഹചര്യങ്ങളില്‍ കാലം കാത്തുവെച്ച അദ്ഭുതത്തിനുള്ള ഉദാഹരണമാണ് 'ധ്രുവപ്രദേശത്തെ രാജകുമാരി' എന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം.