Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടുമെത്തി ആ ‘അജ്ഞാത’ റേഡിയേഷൻ; ഉറവിടം അറിയാതെ പകച്ച് യൂറോപ്യൻ രാജ്യങ്ങൾ

Boeing-WC-135 റേഡിയേഷൻ: നിരീക്ഷണം നടത്തുന്ന യുഎസ് ന്യൂക്ലിയാർ സ്നിഫർ വിമാനം

പടിഞ്ഞാറൻ യൂറോപ്പിലെയും മധ്യ യൂറോപ്പിലെയും പല രാജ്യങ്ങളിലും അസാധാരണമാം വിധം ഉയർന്ന തോതിൽ റേഡിയേഷന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തി. എന്നാൽ ഇതിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമായിരിക്കുന്നതാണ് ഗവേഷകരെ കുഴക്കുന്നത്. മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ വിധത്തിലല്ല റേഡിയേഷൻ പ്രസരണമെന്നതും ആശ്വാസം പകരുന്നുണ്ട്. എന്നാൽ എവിടെ നിന്നാണ് വരുന്നതെന്നറിയാത്ത റേഡിയേഷൻ തോത് പെട്ടെന്നൊരു നാൾ കുതിർച്ചുയർന്നാലത്തെ അവസ്ഥയെപ്പറ്റിയും ഗവേഷകർ ആശങ്കാകുലരാണ്.  

റേഡിയോ ആക്ടീവ് ഐസോടോപ്പായ റുഥേനിയം–106ന്റെ സാന്നിധ്യമാണ് ജർമനി, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബർ 29 മുതലാണ് ഇത്തരത്തിൽ റേഡിയേഷൻ തോത് പെട്ടെന്ന് ഉയർന്നതായി തിരിച്ചറിഞ്ഞത്. കിഴക്കൻ യൂറോപ്പിൽ നിന്നാണ് ഇതിന്റെ വരവെന്നാണ് പ്രാഥമിക നിഗമനം. ഈ വാദത്തിന് ശക്തി പകർന്ന് ജർമനിയിൽ നിന്ന് 1000 കിലോമീറ്റര്‍ മാറി കിഴക്കൻ യൂറോപ്പിൽ നിന്നാണ് റേഡിയേഷനെത്തിയതെന്ന റിപ്പോർട്ടും സർക്കാർ വൃത്തങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 

കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്നുള്ള റിപ്പോർട്ടുകളിലാണ് റേഡിയേഷൻ തോതിന്റെ വിവരം വ്യക്തമായത്. ആശങ്കാജനകമായ അവസ്ഥയായതിനാൽ ജർമനിയിലെ ഫെഡറൽ ഓഫിസ് ഫോർ റേഡിയേഷൻ പ്രൊട്ടക്‌ഷൻ മുന്നറിയിപ്പും നൽകി. അന്തരീക്ഷവായുവിന്റെ നിലവാര പരിശോധനയ്ക്കായി യൂറോപ്പിലെമ്പാടും പ്രത്യേക ‘എയർ മോണിറ്ററിങ് സ്റ്റേഷനുകൾ’ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള റിപ്പോർട്ടുകളും വിശകലനത്തിനു വിധേയമാക്കി. അവയിലെല്ലാം റുഥേനിയത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഉറവിടത്തിനു വേണ്ടിയുള്ള അന്വേഷണവും ശക്തമാക്കി. 

റുഥേനിയത്തിന്റെ അനുവദിക്കപ്പെട്ടിരിക്കുന്ന പരിധിയേക്കാളും 17,000 മടങ്ങ് താഴെയാണ് ഇപ്പോഴത്തെ റേഡിയേഷൻ തോത്. ഏതെങ്കിലും ആണവനിലയത്തിൽ നിന്നുള്ള ചോർച്ചയാണോ ഇതിനു പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ കൃത്യമായ മോണിറ്ററിങ് രാജ്യാന്തര തലത്തിൽ ഉള്ളതിനാൽ ചോർച്ചയ്ക്കു സാധ്യതയില്ലെന്നാണ് ഗവേഷകരുടെ പക്ഷം. മാത്രവുമല്ല റുഥേനിയം മാത്രമായി ചോരുന്നതിനും സാധ്യതയില്ല. കിഴക്കന്‍ യൂറോപ്പിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഈ റേഡിയോ ആക്ടീവ് വസ്തുക്കളെ എത്തിക്കാൻ സഹായിക്കുന്ന കാലാവസ്ഥയുമല്ല നിലവിലുളളത്. 

കണ്ണിലെ ട്യൂമർ മാറ്റുന്നതിനുള്ള റേഡിയേഷൻ തെറാപ്പിക്ക് ഉപയോഗപ്പെടുത്തുന്ന ഐസോടോപ്പാണ് റുഥേനിയം–106. സാറ്റലൈറ്റുകൾക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാനും റുഥേനിയം ഉപയോഗപ്പെടുത്താറുണ്ട്. റേഡിയോ ഐസോടോപ് തെർമോ ഇലക്ട്രിക് ജനറേറ്ററായാണ് ഇവയെ സാറ്റലൈറ്റുകളിൽ ഉപയോഗപ്പെടുത്തുന്നത്. വ്യാവസായിക പ്രക്രിയയിൽ ഉൽപ്രേരകമായും ഇതിനെ ഉപയോഗിക്കുന്നു. ലോഹസങ്കരങ്ങൾക്കൊപ്പവും റുഥേനിയം ഉപയോഗിക്കുന്നുണ്ട്. 

ഇതാദ്യമായിട്ടല്ല റേഡിയേഷന്റെ സാന്നിധ്യം യൂറോപ്പിൽ കണ്ടെത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ യൂറോപ്പിലാകെ റേഡിയോ ആക്ടീവ് അയഡിൻ–131ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതാകട്ടെ ഏറെ മാരകവുമായിരുന്നു. അയഡിന്റെ യാത്രാപാത പരിശോധിച്ചപ്പോഴും കിഴക്കൻ യൂറോപ്പിൽ നിന്നാണു വരവെന്നു തെളിഞ്ഞിരുന്നു. റുഥേനിയം–106ന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെല്ലാം തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആരോഗ്യത്തിനോ പരിസ്ഥിതിക്കോ ദോഷകരമല്ലാത്ത വിധമാണ് റേഡിയേഷനെന്നും വ്യക്തമാക്കിയിട്ടുണ്ട്.

related stories