Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൃത്രിമബുദ്ധിയിൽ മനുഷ്യൻ ദൈവത്തെ മറക്കും, അധികം വൈകാതെ തന്നെ അതു സംഭവിക്കും’

dan-brown

‘മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരികയില്ല. അധികം വൈകാതെ തന്നെ കൃത്രിമ ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജന്റ്സ്)യുടെ സഹായത്തോടെ ഒരു പുതിയ തരം ‘സംഘടിത അവബോധ’(collective consciousness)ത്തിന് അവർ രൂപം നൽകും. ഇന്ന് മതങ്ങൾ ചെയ്യുന്നതെന്താണോ അതായിരിക്കും ആ സംഘടിത അവബോധത്തിനും ലോകത്ത് നിർവഹിക്കാനുള്ള ധർമം...’ സത്യത്തിനും സങ്കൽപത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന തരം നോവലുകളുമായി ലോകമെമ്പാടുമുള്ള വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ എഴുത്തുകാരൻ ഡാൻ ബ്രൗണിന്റേതാണ് ഈ വാക്കുകൾ. 

ജർമനിയിലെ ഫ്രാങ്ക്ഫർട് പുസ്തകമേളയിലാണ് ബ്രൗണിന്റെ ഈ പ്രകോപനപരമായ വാക്കുകളുണ്ടായത്. തന്റെ ഏറ്റവും പുതിയ നോവലായ ‘ഒറിജിന്റെ’ പ്രചരണത്തിന്റെ ഭാഗമായെത്തിയതായിരുന്നു അദ്ദേഹം. ഹാർവാഡ് സർവകലാശാലയിലെ ചിഹ്നശാസ്ത്ര വിദഗ്ധൻ റോബർട് ലാങ്ഡൻ നടത്തുന്ന അഞ്ചാം സാഹസികയാത്രയുടെ കഥയാണ് ഒറിജിൻ പറയുന്നത്. വത്തിക്കാന്റെ ഉൾപ്പെടെ വിമർശനം ഏറ്റുവാങ്ങിയ ‘ദ് ഡാവിഞ്ചി കോഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ഡാൻ ബ്രൗൺ. 

ശാസ്ത്രത്തെ മറികടക്കാൻ ദൈവത്തിനാകുമോ എന്ന ചോദ്യത്തിൽ നിന്നാണ് ‘ഒറിജിന്റെ’ കഥയുണ്ടായതെന്നു പറയുന്നു ബ്രൗൺ. എന്നാൽ അത് ഇന്നേവരെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്നുകാണുന്ന എല്ലാ ദൈവങ്ങളും അടുത്ത നൂറു വർഷത്തേക്ക് ഇങ്ങനെത്തന്നെ നിലനിൽക്കുമെന്നാണോ മനുഷ്യൻ കരുതുന്നത് എന്നായിരുന്നു മാധ്യമങ്ങൾക്കു മുന്നിൽ ബ്രൗണിന്റെ ചോദ്യം. അങ്ങനെയെങ്കിൽ അതൽപം കടന്നകയ്യായിപ്പോയെന്നും അൻപത്തിമൂന്നുകാരനായ ഈ എഴുത്തുകാരന്റെ വാക്കുകൾ. 

സാങ്കേതികതയിലുണ്ടാകുന്ന വമ്പൻ മാറ്റങ്ങളും കൃത്രിമബുദ്ധിയുടെ വികസനവും ദൈവസങ്കൽപങ്ങളെ പാടെ മാറ്റിമറിക്കും. ആത്മീയപരമായ നമ്മുടെ പരീക്ഷണങ്ങളെല്ലാം പുതിയ രീതിയിലേക്ക് മാറാനൊരുങ്ങുകയാണ്. ഓരോരുത്തർക്കും പരസ്പരം മനസ്സിനാൽ ബന്ധപ്പെടാനാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. അങ്ങനെ രാജ്യാന്തരതലത്തിൽ തന്നെ ഒരു തരം സംഘടിത അവബോധം രൂപപ്പെടും. അതിനെ നമ്മൾ പഠിച്ചെടുക്കും, വൈകാതെ തന്നെ അതു നമുക്കാവശ്യമായ ദൈവീക ശക്തിയായി മാറുകയും ചെയ്യും. നമ്മുടെ കണ്മുന്നിലിരുന്ന് നമ്മുടെ വിധി നിർണയിക്കുന്ന ദൈവങ്ങളുടെ ആവശ്യകത വൈകാതെ കുറഞ്ഞുവരും, ദൈവങ്ങള്‍ പിന്നെ എന്നന്നേക്കുമായി ഇല്ലാതാകുകയും ചെയ്യും– ബ്രൗൺ പറയുന്നു. 

ശാസ്ത്രത്തിന്റെ മുഖം തന്നെ മാറ്റിമറയ്ക്കുന്ന ഒരു പ്രഖ്യാപനം നടത്തുന്നതിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായാണ് ‘ഒറിജിനിൽ’ ലാങ്ടൻ എത്തുന്നത്. ഒരു കോടീശ്വരനാണ് പ്രഖ്യാപനം നടത്തുന്നത്. അങ്ങനെ സ്പെയിനിൽ വച്ചാണു കഥയുടെയും ആരംഭം. തുടർന്ന് സ്പെയിനിൽ പലയിടത്തും സഞ്ചരിക്കുന്ന ലാങ്ടന് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളുടെ ആവിഷ്കാരമാണ് നോവൽ. 56 ഭാഷകളിലായി ഇതുവരെ ഡാൻ ബ്രൗണിന്റെ പുസ്തകങ്ങളുടെ 20 കോടിയിലേറെ പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 

artificial-intelligence

എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മറ്റൊരു നോവലു പോലും താൻ വായിച്ചിട്ടില്ലെന്നാണ് ബ്രൗൺ പറയുന്നത്. ഒറിജിന്റെ കഥ വികസിപ്പിക്കുന്നതിനു വേണ്ടി ഒട്ടേറെ ഗവേഷണങ്ങൾ നടത്തി. ഭാവിയെപ്പറ്റി ചിന്തിക്കുന്ന, അത്തരം കാര്യങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന, പഠിക്കുന്നവരുമായി കൂടിക്കാഴ്ചകൾ നടത്തി. മതപുരോഹിതന്മാർ തന്റെ വീക്ഷണങ്ങളെ ശ്രദ്ധിക്കില്ലെന്നത് ഉറപ്പാണെന്നും ബ്രൗൺ പറയുന്നു. അതേസമയം ലോകത്തിലെ എല്ലാ മതങ്ങളിൽപ്പെട്ടവരും അവിശ്വാസികളും സൗഹാർദത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും ഈ എഴുത്തുകാരൻ വ്യക്തമാക്കുന്നു.