sections
MORE

ബീജിങ്ങില്‍ നിന്നും വിയന്നയിലേക്ക് ‘രഹസ്യപ്പൂട്ട്’ ലൂടെ ഡേറ്റ കടത്തി, ചൈനയുടേത് വൻ വിജയം

china-satellite-1
SHARE

ക്വാണ്ടം ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ അതിവേഗം പിന്നിലാക്കി മുന്നേറുകയാണ് ചൈന. ആര്‍ക്കും ചോര്‍ത്താനാകാത്ത വിധമുള്ള സുരക്ഷിതത്വമാണ് ക്വാണ്ടം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത്. ക്വാണ്ടം ഇന്റര്‍നെറ്റ് വഴി ബീജിങ്ങില്‍ നിന്നും വിയന്നയിലേക്ക് 7,600 കിലോമീറ്റര്‍ ദൂരത്തേക്ക് ചിത്രങ്ങളും ദൃശ്യങ്ങളും വിജയകരമായി അയച്ചാണ് ചൈന ആഗോള ശ്രദ്ധ നേടിയിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ വിജയകരമായി വിക്ഷേപിച്ച ക്വാണ്ടം ഉപഗ്രഹമെന്ന വിളിപ്പേരുള്ള മിസിയസാണ് ചൈനയുടെ നേട്ടങ്ങളുടെ പ്രധാന കാരണം. ഹാക്കര്‍മാരെ പേടിക്കാതെ ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നതാണ് ക്വാണ്ടം ഇന്റര്‍നെറ്റിന്റെ പ്രധാന സാധ്യത. അക്കങ്ങളാണ് ഓരോ ക്വാണ്ടം സന്ദേശത്തിലും അടങ്ങിയിരിക്കുന്നത്. അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രമേ ഈ രഹസ്യപ്പൂട്ട് തുറന്ന് സന്ദേശം വായിക്കാനാകൂ. ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ ഈ വിവരം സ്വയം നശിക്കും. 

ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരത്തേക്ക് സാറ്റലൈറ്റ് ഉപയോഗിച്ച് ക്വാണ്ടം ഡാറ്റകള്‍ക്ക് സഞ്ചരിക്കാനാകും എന്നതാണ് പുതിയ പരീക്ഷണവിജയം കാണിക്കുന്നത്. ഓസ്ട്രിയ അക്കാദമി ഓഫ് സയന്‍സസിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലേയും ഗവേഷകര്‍ ജിയാന്‍ വെയ് പാന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ക്വാണ്ടം കമ്മ്യൂണിക്കേഷന്റെ പുതിയ സാധ്യതകള്‍ തുറന്നിരിക്കുന്നത്. 

7,600 കിലോമീറ്റര്‍ ദൂരമുള്ള ബീജിങ്ങില്‍ നിന്നും വിയന്നയിലേക്ക് ഇവര്‍ വിജയകരമായി ക്വാണ്ടം സാങ്കേതിക വിദ്യകൊണ്ട് സുരക്ഷിതമാക്കിയ ചിത്രങ്ങള്‍ അയച്ചു. ചൈനയിലേയും വിയന്നയിലേയും ഗവേഷകര്‍ 75 മിനിറ്റ് നീണ്ടുനിന്ന വിഡിയോ കോണ്‍ഫറന്‍സും സിമിസയസ് സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തി. വെറും രണ്ട് ജിബി ഡേറ്റയാണ് ഇതിനായി ചെലവായതെന്നതും ശ്രദ്ധേയം. 

ഭാവിയിലെ കംപ്യൂട്ടറുകളായാണ് ക്വാണ്ടം കംപ്യൂട്ടറുകളെ കാണുന്നത്. ക്വാണ്ടം കംപ്യൂട്ടറുകള്‍ സാധാരണക്കാരിലേക്ക് എത്താന്‍ ഇനിയും സമയമെടുത്തേക്കും. എന്നാല്‍ വൈകാതെ തന്നെ ക്വാണ്ടം ആശയവിനിമയം ഒരു യാഥാര്‍ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ രംഗത്ത് ചൈന പുലര്‍ത്തുന്ന മേധാവിത്വം ക്വാണ്ടം ആശയവിമിനമയത്തില്‍ ആഗോളമത്സരത്തിന് കാരണമാകാനും സാധ്യതയുണ്ട്.

നീക്കത്തിനു പിന്നിൽ ‘ഹാക്കർ പേടി’

ഹാക്കിങ്ങിലൂടെ രഹസ്യരേഖങ്ങൾ അടിച്ചുമാറ്റുന്നത് രാജ്യാന്തരതലത്തിൽത്തന്നെ ഒരു ‘ഹോബി’ ആയതോടെയാണ് ചൈന ഈ വിഷയത്തിൽ പിടിമുറുക്കിയത്. അതാകട്ടെ ഒരുപടി മുന്നിലും. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഫിസിസ്റ്റായ പാൻ ഷിയാൻവെയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് 600 കിലോഗ്രാം തൂക്കമുള്ള സാറ്റലൈറ്റ് തയാറാക്കിയത്. യുഎസ് ഉൾപ്പെടെ ശതകോടികൾ മുടക്കി നടത്തുന്ന ക്വാണ്ടം ഫിസിക്സ് ഗവേഷണത്തിൽ ഇതുവഴി തങ്ങൾ ഏറെ മുന്നേറിയെന്നാണ് ചൈനയുടെ അവകാശവാദം. ഓഗസ്റ്റ് 16നാണ് ‘ക്വസ്’ ചൈന വിക്ഷേപിച്ചത്. ഒരു ക്വാണ്ടം കീ കമ്മ്യൂണിക്കേറ്റർ, ക്വാണ്ടം എൻടാങ്കിൾഡ് ട്രാൻസ്മിറ്റർ, ക്വാണ്ടം എൻടാങ്കിൾഡ് ഫോട്ടോൺ സോഴ്സ്, കൺട്രോൾ പ്രൊസസ്സർ എന്നിവയാണ് പ്രധാന ഭാഗങ്ങൾ.

പ്രവർത്തനം എങ്ങനെ?

ക്വാണ്ടം ഫിസിക്സ് പ്രകാരം പ്രപഞ്ചത്തിലെവിടെയുമുള്ള രണ്ട് വസ്തുക്കളെ എന്‍ടാങ്കിള്‍-കൂട്ടിച്ചേർത്തു- കഴിഞ്ഞാല്‍ ഒരു വസ്തുവിലുണ്ടാകുന്ന മാറ്റം അതേസമയം തന്നെ മറ്റേ വസ്തുവിലുമുണ്ടാകുമെന്നാണ്. ദൂരം അതിനിടയ്ക്കൊരു വിഷയമേ ആകുന്നില്ല. ഇതു പ്രകാരമാണ് സാറ്റലൈറ്റിന്റെ പ്രവർത്തനവും. ക്വസിൽ സൂക്ഷിച്ചിട്ടുള്ള ഒരു ക്രിസ്റ്റലിൽ നിന്ന് എൻടാങ്കിൾ ചെയ്ത ഫോട്ടോൺ ജോടികളെ ‘ഗ്രൗണ്ട് സ്റ്റേഷനുകളി’ലേക്ക് അയക്കും. ഒരെണ്ണം ബെയ്ജിങ്ങിലേക്കും മറ്റൊന്ന് വിയന്നയിലെ സ്റ്റേഷനിലേക്കും. ഈ ഫോട്ടോണുകള്‍ വഴി ഒരു സീക്രട്ട് ‘കീ’യ്ക്കും (എൻക്രിപ്റ്റ് ചെയ്ത സന്ദേശം വായിക്കുന്ന പരുവത്തിലാക്കാനും മറിച്ചാക്കാനുമെല്ലാം ‘കീ’ ആണു സഹായിക്കുക) രൂപം നൽകും. അതായത്, വിയന്നയിലെയും ബെയ്ജിങ്ങിലെയും ഗ്രൗണ്ട് സ്റ്റേഷനുകളിലുള്ളവർക്കു മാത്രമേ ഈ ‘കീ’ ഉപയോഗിച്ച് ഡേറ്റ അയക്കാനും വായിക്കാനുമാകൂ. അതിനിടയ്ക്ക് ആരെങ്കിലും ഡേറ്റ അടിച്ചുമാറ്റാൻ ശ്രമിച്ചാൽ ആ ഫോട്ടോൺയാത്ര അലങ്കോലപ്പെടും. രണ്ട് ഫോട്ടോണുകളും പരസ്പരം എൻടാങ്കിൾ ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഏതെങ്കിലും ഒരു ഗ്രൗണ്ട് സ്റ്റേഷനിൽ സിഗ്നൽ തടസ്സപ്പെട്ടതിന്റെ അറിയിപ്പു ലഭിക്കും. എവിടെ നിന്നാണ് ഹാക്കറുടെ ആക്രമണമുണ്ടായതെന്നു വരെ തിരിച്ചറിയാനാകും. ഇത്തരത്തിൽ ‘ഫ്രീ-സ്പെയ്സ് ക്വാണ്ടം എന്‍ടാങ്കിള്‍മെന്റ് ഡിസ്ട്രിബ്യൂഷൻ’ സാങ്കേതികതയിലെ പുതുപരീക്ഷണങ്ങളാണ് ബഹിരാകാശത്ത് ചൈന നടത്തുക. സാറ്റലൈറ്റും ഗ്രൗണ്ട് സ്റ്റേഷനുകളും തമ്മിലൊരു ‘ലോങ് ഡിസ്റ്റൻസ് ക്വാണ്ടം കമ്യൂണിക്കേഷൻ നെറ്റ്‌വർക്ക്’ സ്ഥാപിക്കാനാണു ശ്രമമെന്നർഥം. മികച്ച സുരക്ഷ മാത്രമല്ല ഇതുവഴി വൻവേഗതയിലുള്ള ട്രാൻസ്മിഷനും സാധ്യമാകും.

quantum-internet

നിലവിൽ നിന്ന് എന്തു മാറ്റമുണ്ടാകും?

എൻടാങ്കിൾ ചെയ്യപ്പെട്ട ഫോട്ടോൺ കണികകൾ ഒരേ സ്വഭാവം പ്രകടിപ്പിക്കുമെന്നാണല്ലോ പറയുന്നത്! പരസ്പരം അതെത്ര ദൂരത്താണെങ്കിലും അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാനാണു ഗവേഷകരുടെ ശ്രമം. നിലവിൽ 300 കി.മീ ദൂരത്തിനപ്പുറത്തേക്ക് ഇതു സാധ്യമാകില്ലെന്നാണ് പറയപ്പെടുന്നത്. ഭൗമാന്തരീക്ഷത്തിലൂടെയോ ഒപ്റ്റിക്കൽ ഫൈബറിലൂടെയോ ഉള്ള യാത്രയ്ക്കിടയിൽ ഫോട്ടോണുകൾ ചിതറിപ്പോകാനും ആഗിരണം ചെയ്യപ്പെടാനും സാധ്യതയുള്ളതിനാലാണ് ഇത്. എന്നാൽ ബഹിരാകാശത്തിലൂടെയാണെങ്കിൽ യാത്ര ‘സ്മൂത്ത്’ ആയിരിക്കുമെന്നാണു കരുതുന്നത്. അതിനാൽത്തന്നെ 1200 കി.മീ. ദൂരത്തിലാണെങ്കിൽ പോലും എൻടാങ്കിൾഡ് ഫോട്ടോണുകൾ ഒരേ സ്വഭാവം പ്രകടിപ്പിക്കും. പരീക്ഷണം വിജയമായാൽ ക്വാണ്ടം മെക്കാനിക്സിലെ നിർണായക കണ്ടെത്തലായിരിക്കും അത്.

അമേരിക്ക മാത്രമല്ല കാനഡ, ജപ്പാൻ, ഇറ്റലി, സിംഗപ്പൂർ എന്നീ രാജ്യങ്ങളും ക്വാണ്ടം എന്‍ക്രിപ്ഷൻ വഴിയുള്ള ‘സുരക്ഷാഫ്രീ’ സുരക്ഷാനെറ്റ്‌വർക്ക് സ്ഥാപിക്കാൻ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര സ്പെയ്സ് സ്റ്റേഷനിലും വൈകാതെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടക്കും. ചൈനയുടെ പദ്ധതി വിജയിച്ചാൽ പിന്നെ ആ മാതൃക പിന്തുടർന്നാൽ മതി മറ്റു രാജ്യങ്ങൾക്ക്. അതോടെ ആകെ 20 ക്വാണ്ടം സാറ്റലൈറ്റുകൾ മതി, ലോകം മുഴുവനും ഏതു ഡേറ്റയും സുരക്ഷിതമായി അയക്കാം. അതേസമയം തന്നെ ഈ വാർത്ത പുറത്തുവന്നതിനു പിറകെ ക്വാണ്ടം എൻക്രിപ്ഷനിങ്ങിലെ സുരക്ഷാപഴുതുകളെപ്പറ്റി എത്തിക്കൽ ഹാക്കർമാരും വിവരങ്ങൾ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA