sections
MORE

ശാസ്ത്ര കോൺഗ്രസ് മന്ത്രിമാർക്കും ഗവേഷകർക്കും മണ്ടത്തരങ്ങൾ വിളിച്ചു കൂവാനുള്ള വേദി?

modi-science-congress
SHARE

കഴിഞ്ഞ നാലഞ്ച് വർഷമായി ദേശീയ ശാസ്ത്ര കോൺഗ്രസിൽ മണ്ടത്തരങ്ങളുടെ പ്രളയമാണ്. ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ലാത്ത നിരവധി വാദങ്ങളാണ് കേന്ദ്രമന്ത്രിമാരും മുൻനിര ഗവേഷകരും നടത്തുന്നത്. ശാസ്ത്ര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർ തന്നെ ഇത്തരം വഴിതെറ്റിക്കുന്ന വാദങ്ങൾ നിരത്തുന്നതും ശ്രദ്ധേയമാണ്.

ഇൻഫാലിൽ നടത്തുന്ന ശാസ്ത്ര കോൺഗ്രസിലും ഇത്തരത്തിലൊരു വാദം അവതരിപ്പിക്കുകയുണ്ടായി. ലോകം അംഗീകരിച്ച പ്രമുഖ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തത്തിനേക്കാൾ മികച്ച പ്രപഞ്ച സിദ്ധാന്തം ഭാരതീയ വേദങ്ങളിലുണ്ട്. ഇക്കാര്യം അന്തരിച്ച സ്റ്റീഫൻ ഹോക്കിങ് ശരിവെച്ചതാണെന്നുമാണ് കേന്ദ്ര ശാസ്ത്ര– സാങ്കേതിക മന്ത്രി ഹർഷ്‌വർധൻ പറഞ്ഞത്.

എന്നാൽ ഹോക്കിങ് എന്നാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങൾ തന്നെ കണ്ടുപിടിക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. പരാജയപ്പെട്ടാൽ ഡൽഹിയിലേക്ക് വന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. വൻ പ്രബന്ധങ്ങളും ഗവേഷണ റിപ്പോർട്ടുകളും അവതരിപ്പിക്കുന്ന വേദിയിലാണ് ഇത്തരം മണ്ടത്തരങ്ങൾ വിളിച്ചുകൂവുന്നത്.

ഇപ്പോൾ നടക്കുന്ന ശാസ്ത്ര കോൺഗ്രസുകളിൽ ശാസ്ത്രമല്ല, രാഷ്ട്രീയമാണ് മുന്നിൽ നിൽക്കുന്നത്. ഇത്തരം വിവാദങ്ങളുടെ ലക്ഷ്യവും രാഷ്ട്രീയമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംഘടിപ്പിക്കപ്പെട്ട നാല് ശാസ്ത്ര കോണ്‍ഗ്രസുകളിലും രാഷ്ട്രീയ വിവാദങ്ങൾ കണ്ടതാണ്.

മൈസൂരുവില്‍ ശാസ്ത്ര കോണ്‍ഗ്രസിൽ രസതന്ത്ര നൊബേല്‍ പുരസ്കാര ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലെ രാഷ്ട്രീയത്തെ രൂക്ഷമായ ഭാഷയിലാണ് ആക്രമിച്ചത്. ഇന്ത്യയിലെ ശാസ്ത്ര കോണ്‍ഗ്രസിനെ സര്‍ക്കസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയവും മതവുമെല്ലാം കൂട്ടിക്കുഴച്ച ഈ സര്‍ക്കസിലേക്ക് താനില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഗവേഷകർ വർഷങ്ങളോളം നടത്തിയ പഠനങ്ങളും കണ്ടെത്തലുകളും ആധുനിക ശാസ്ത്രം കൈവരിച്ച നേട്ടങ്ങളും നൂറ്റാണ്ടുകള്‍ക്കു മുൻപെ അവതരിപ്പിച്ച വേദങ്ങളിലും മറ്റും ഉണ്ടെന്ന് വാദിക്കുന്നതിന്റെ ലക്ഷ്യം രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയല്ല.

വേദങ്ങൾ വായിച്ചാണ് പണ്ട് ഇന്ത്യയില്‍ വ്യോമയാന ടെക്നോളജി നിലനിന്നിരുന്നുവെന്ന് വരെ ക്യാപ്റ്റന്‍ ആനന്ദ് ജെ. ബോധാസ് വാദിച്ചിട്ടുണ്ട്. റൈറ്റ് സഹോദരന്‍മാര്‍ക്ക് മുൻപെ രാജ്യത്ത് വിമാനം പറത്തിയതിന്റെ മറ്റൊരു പ്രബന്ധവും മുംബൈ ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു. വൈക്കോലില്‍ നിന്നും സ്വര്‍ണം, മുടിനാരിനെ പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയ സജ്ജീകരണങ്ങൾ‍, വര്‍ഷങ്ങള്‍ക്കു മുൻപ് ഗ്രഹാന്തര യാത്ര നടത്തിയതിന്റെ ചരിത്രം, റഡാര്‍ ടെക്നോളജിയുടെ രഹസ്യം തുടങ്ങി നിരവധി മണ്ടത്തരങ്ങളുടെ വാദങ്ങളാണ് മുംബൈ ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചത്.

മൈസൂർ ശാസ്ത്ര കോൺഗ്രസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് ശര്‍മയുടെ ശംഖ് ആയിരുന്നു വിഷയം. ദിവസവും ശംഖ് ഊതിയാല്‍ നരച്ച മുടി പൂര്‍വ്വ സ്ഥിതിയിലാകുമെന്നും ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ നീങ്ങുമെന്നുമാണ് വാദിച്ചത്‍. എല്ലാ വീടുകളിലും പ്രാര്‍ഥനാ സമയത്ത് ശംഖ് മുഴക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടുത്ത ദിവസം തന്നെ മറ്റൊരു വിഷയവും കൂടി വന്നു. ‘പരമശിവന്‍ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രവര്‍ത്തകന്‍’ എന്നായിരുന്നു ഗവേഷകനായ അഖിലേഷ് പാണ്ഡെ വാദിച്ചത്. പരമശിവന്റെ മൃഗങ്ങളോടുള്ള  പെരുമാറ്റവും കൈലാസനാഥന്‍ ഭൂമിയിലെ ജനങ്ങള്‍ക്ക് ശുദ്ധവെള്ളം എങ്ങനെ നല്‍കി എന്നിവയെല്ലാം പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA