sections
MORE

270 കോടിയുടെ ജിസാറ്റ് 6എ ‘സ്പെയ്സ് ഡെബ്രിസ്’ ആകുമോ? കാരണം കണ്ടെത്താനായില്ല!

gsat-6a
SHARE

വാർത്താവിനിമയ മേഖലയിൽ ഇന്ത്യയിൽ വമ്പിച്ച മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്നു കരുതപ്പെട്ട ഉപഗ്രഹമായ ജി–സാറ്റ് 6എയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. നേരിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ സമാന്തരമായി മറ്റു മാർഗങ്ങൾ തേടുകയാണ്. ഇന്നത്തോടെ ഫലം അറിയാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. കുറ്റമറ്റ ആശയവിനിമയം സാധ്യമാക്കുക വഴി, ഉപഗ്രഹം ഒരുപാടു ഗുണം ചെയ്യുമെന്നു കരുതിയിരുന്ന സൈനിക മേഖലയ്ക്കും പ്രതിസന്ധി തിരിച്ചടിയായി.

ഐഎസ്ആർഒ  ലക്ഷ്യമിട്ടത്

ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തുകയായിരുന്നു ജിസാറ്റിന്റെ ലക്ഷ്യം. ഇതിനായി രണ്ടു ജ്വലനഘട്ടങ്ങൾ കൂടി ബാക്കിയുണ്ടായിരുന്നു. മൂന്നാംഘട്ട ജ്വലനം നിശ്ചയിച്ചിരുന്നത് ഏപ്രിൽ ഒന്നിന്. നാലാംഘട്ട ജ്വലനം ഭ്രമണപഥത്തിൽ കൃത്യത വരുത്താനുള്ളതായിരുന്നു. 

നിഗമനം

ദൗത്യം പരാജയപ്പെട്ടതിന്റെ യഥാർഥകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്ന ‘ലിക്വിഡ് ആപൊജീ മോട്ടർ (ലാം) എൻജിൻ പരാജയപ്പെട്ടതായി സൂചനകളില്ല. ഉപഗ്രഹത്തിന് ഊർജം നൽകുന്ന സംവിധാനം തകരാറിലായതാണു ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമെന്ന വിലയിരുത്തലിലാണു ശാസ്ത്രജ്ഞർ. സൗരോർജ പാനലുകളാണ് ഉപഗ്രഹത്തിലെ ബാറ്ററികളിലേക്ക് ഊർജം നൽകുന്നത്. റോക്കറ്റ് വിക്ഷേപിക്കുമ്പോൾ പരമാവധി ചാർജിലായിരുന്നു ബാറ്ററികൾ. പാനലിനു കേടുപറ്റിയാലും ബാറ്ററി പ്രവർത്തിക്കേണ്ടതാണ്. എന്നാൽ ഉപഗ്രഹത്തിലെ ഷോർട് സർക്യൂട്ട് മൂലം ഇത്തരം പ്രതിസന്ധി ഉടലെടുക്കാമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

തിരിച്ചടിയിൽ തളരാതെ

എട്ടുമാസത്തിനിടയിൽ രണ്ടാമത്തെ ദൗത്യത്തിന് അപ്രതീക്ഷിതമായ തിരിച്ചടി നേരിടുമ്പോഴും തളരാതെ അടുത്ത വിക്ഷേപണത്തിനു തയാറെടുക്കുകയാണ് ഐഎസ്ആർഒ. നാവിഗേഷൻ ഉപഗ്രഹമായ ഐആർഎൻഎസ്എസ്1ഐ ആണ് ഈ മാസം അവസാനം വിക്ഷേപിക്കാനുള്ള തയാറെടുപ്പുകൾ ശ്രീഹരിക്കോട്ടയിൽ നടക്കുന്നത്. 

ആദ്യമല്ല

വൈദ്യുതസംവിധാനങ്ങളിലെ തകരാറ് മൂലം ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമാകുന്നത് ഐഎസ്ആർഓയുടെ ചരിത്രത്തിൽ ആദ്യമായിട്ടല്ല. 1999ൽ വിക്ഷേപിക്കപ്പെട്ട ഇൻസാറ്റ് 2ഡി, 2010ല്‍ ഭ്രമണപഥത്തിലെത്തിയ ഇൻസാറ്റ് 4ബി എന്നീ ഉപഗ്രഹങ്ങളും സമാനമായ വിധി നേരിട്ടവയാണ്.

ജിസാറ്റിന്റെ ഭാവി?

ഉപഗ്രഹവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നതിനൊപ്പം ബന്ധം വിച്ഛേദിക്കപ്പെട്ടതിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.‌ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കിൽ ജിസാറ്റ് 6എ ‘സ്പെയ്സ് ഡെബ്രിസ്’ എന്ന സാങ്കേതികനാമത്തിൽ അറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ട വസ്തുക്കളുടെ ഗണത്തിലാകും.  270 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ഉപഗ്രഹം അതോടെ ഉപയോഗശൂന്യമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA