sections

Manoramaonline

MORE

‘വാട്ടർ ബോംബ്’: ചൈന കൃത്രിമ മഴ പെയ്യിച്ചാൽ ഇന്ത്യൻ നഗരങ്ങൾ മുങ്ങും

china-dam
SHARE

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ഇതിനാൽ തന്നെ ചൈനയ്ക്ക് ദിവസവും കൂടുതൽ ശുദ്ധജലവും ആവശ്യമാണ്. എന്നാൽ ചൈനയില്‍ പലപ്പോഴും വേണ്ടത്ര മഴ ലഭിക്കാറില്ല. ഇതിനു പരിഹാരമായി കൃത്രിമമായി വലിയ മഴ പെയ്യിക്കാൻ പോകുകയാണ് ചൈന. എന്നാൽ ഈ മഴ ഏറ്റവും വലിയ ഭീഷണി അയൽക്കാരായ ഇന്ത്യയ്ക്ക് തന്നെയാണ്.

തിബറ്റിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യിച്ച് വെള്ളം ശേഖരിച്ചുവെക്കാനാണ് ചൈനീസ് പദ്ധതി. ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് ചൈന പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യയ്ക്ക് ഇതൊരു വൻ മുന്നറിയിപ്പ് തന്നെയാണ്. കൃത്രിമ മഴയിലൂടെ ഹിമാലയത്തിൽ നിന്നുള്ള നദികളും ഡാമുകളും നിറഞ്ഞാൽ ചൈനയ്ക്ക് എന്നല്ല ഭൂമിയിലെ ഒരു ശക്തിക്കും പിടിച്ചുനിർത്താൻ കഴിയില്ല.

അതിർത്തിയിൽ ശീതയുദ്ധം തുടരുന്ന ചൈന ഇന്ത്യയ്ക്കെതിരായ നീക്കം ശക്തമാക്കാൻ മറ്റു വഴികൾ തേടുമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് കൃത്രിമ മഴ റിപ്പോർട്ട് പുറത്തുവരുന്നത്. ജലം ഒരായുധമായി പ്രയോഗിക്കാൻ ചൈന നേരത്തെയും നീക്കം നടത്തിയിട്ടുണ്ട്. ഇന്ത്യ–ചൈന ബന്ധത്തിലെ പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ വീണ്ടും പ്രയോഗിക്കാൻ തന്നെയാണ് ചൈനയുടെ നീക്കം.

വർഷങ്ങൾക്ക് മുൻപ് കാലാവസ്ഥയെ കുറിച്ചുള്ള ഡേറ്റകളെല്ലാം ചൈന ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. മഴയും മഞ്ഞും സംബന്ധിച്ചുള്ള സാറ്റ്‌ലൈറ്റ് വിവരങ്ങൾ കൈമാറണമെന്നതാണ് ഇന്ത്യ–ചൈന ധാരണ. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി കാലാവസ്ഥാ വിവരങ്ങളൊന്നും ചൈന ഇന്ത്യയെ അറിയിക്കാറില്ല. ഇതിനിടെ കൃത്രിമ മഴ പെയ്താൽ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. എത്രത്തോളം മഴ ലഭിക്കുമെന്നോ എവിടെ എല്ലാം പെയ്യുമെന്നോ കൃത്യമായി പറയാൻ കഴിയില്ല. എന്നാൽ ഹിമാലയത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളിലെ ജലനിരപ്പ് കൂടുകയോ ചൈനയുടെ അധീനതയിലുള്ള ഡാമുകൾ തുറന്നുവിടുകയോ തകരുകയോ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ കിഴക്കൻ നഗരങ്ങൾ മുങ്ങുമെന്ന കാര്യം ഉറപ്പാണ്.

അതിർത്തി തർക്കം രൂക്ഷമായതിനു ശേഷമാണ് ജലം, മഴ ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചൈന ഇന്ത്യയ്ക്ക് കൈമാതെ വിട്ടുനിൽക്കാൻ തുടങ്ങിയത്. അവസാനമായി 2016 മേയിലാണ് ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ ഇത് രണ്ടു രാജ്യങ്ങൾക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുന്നത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യുന്നും. ചൈനീസ് നദികളിലെ ജലത്തിന്റെ അളവും മഴലഭ്യതയുടെ കണക്കുകളും ഇന്ത്യയ്ക്ക് കൈമാറമെന്ന വിഷയം കഴിഞ്ഞ മാസവും ലോക്സഭയിൽ ചർച്ച ചെയ്തിരുന്നു.

ഹൈഡ്രോളജിക്കൽ ഡേറ്റ ലഭിക്കാതെ വന്നാൽ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകും. ഇന്ത്യയ്ക്കെതിരെ വാട്ടർ ബോംബ് തന്ത്രം പ്രയോഗിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പരിസ്ഥിതി ഗവേഷകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. 

അതേസമയം, ഇന്ത്യയുടെ ഭാഗത്തേക്ക് ഒഴുകുന്ന നിരവധി നദികളിൽ കൂടുതൽ വെള്ളം സംഭരിക്കാൻ ചൈന അനധികൃതമായി ഡാമുകളും ബണ്ടുകളും നിർമിക്കുന്നുണ്ട്. വൻ ഡാമുകളാണ് ചൈന നിർമിച്ചിരിക്കുന്നത്. ഈ ഡാമുകൾ പെട്ടെന്ന് തുറന്നു വിട്ടാൽ ഇന്ത്യയുടെ നിരവധി കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിലാകും. നിരവധി പേർ മരിക്കും. ഒരു ആക്രമണവും നടത്താതെ ഇന്ത്യയ്ക്ക് വൻ തിരിച്ചടി നൽകാൻ ചൈനയ്ക്ക് സാധിക്കും. നേരത്തെയും ചൈനീസ് ഡാമുകൾ തുറന്നുവിട്ടു ഇന്ത്യയ്ക്ക് വൻ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. ഇതു തന്നെയാണ് ചൈന പെയ്യിക്കാൻ പോകുന്ന ഭീമൻ കൃത്രിമ മഴയും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കാൻ കാരണം. 

ടിബറ്റന്‍ സമതല ഭാഗത്താണ് കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം നടത്തുന്നത്. വൻ മഴ ലഭിച്ചാൽ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രധാന മൂന്നു നദികളിലെ ഡാമുകൾ നിറഞ്ഞൊഴുകും. ഈ മൂന്നു നദികളും ചൈനയുടെ നിയന്ത്രണത്തിലാണ്. 2700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്ര നദി തന്നെയാണ് ഏറ്റവും വലിയ ഭീഷണി. അസം, അരുണാചൽ പ്രദേശ് പ്രദേശങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകൾ തുറന്നുവിട്ടാൽ മണിക്കൂറുകൾക്കുള്ളിൽ കിഴക്കൻ സംസ്ഥാനങ്ങൾ പൂര്‍ണമായും വെള്ളത്തിലാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. സത്‌ലജ്, ഇൻഡസ് നദികളാണ് ടിബറ്റിൽ നിന്നു വരുന്ന മറ്റു പ്രധാന നദികൾ. ഹിമാചൽ പ്രദേശ്, പഞ്ചാബ് പ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് സത്‌ലജ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA