sections
MORE

കൊന്നുതള്ളിയത് 140 കുരുന്നുകളെ, ഹൃദയങ്ങൾ പറിച്ചെടുത്തു, പ്രളയം നേരിടാൻ!

hildsacrifice
SHARE

ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ മനുഷ്യക്കുരുതി എന്നു തന്നെ പറയേണ്ടി വരും അതിനെപ്പറ്റി. കൊന്നുതള്ളിയത് 140 കുരുന്നുകളെയാണെന്നതു സംഭവത്തിന്റെ തീവ്രത പിന്നെയും വർധിപ്പിക്കുന്നു. ഇത്രയേറെ കുട്ടികളെ ഒറ്റയടിക്കു കൊലപ്പെടുത്തിയതിന്റെ തെളിവുകൾ ഗവേഷകർക്കു ലഭിച്ചത് പെറുവിൽ നിന്നാണ്. പെറുവിലെ വടക്കൻ തീരപ്രദേശത്ത് 550 വർഷങ്ങൾക്കു മുൻപാണ് ഈ മൃഗീയ നരബലി സംഭവിച്ചത്. ഇന്നത്തെ ട്രുഹിയോ നഗരത്തിനു സമീപമാണ് ആർക്കിയോളജിസ്റ്റുകൾ ഇതു സംബന്ധിച്ച നിർണായക തെളിവുകളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. പെറുവിലെ ചിമു നാഗരികത പടർന്നു പന്തലിച്ചത് ഈ മേഖലയെ കേന്ദ്രീകരിച്ചാണ്. അതിനാൽത്തന്നെ നൂറുകണക്കിനു വർഷങ്ങള്‍ക്കു മുൻപുണ്ടായിരുന്ന പ്രാകൃത ആചാരങ്ങളിലേക്കുൾപ്പെടെയാണ് കണ്ടെത്തൽ വെളിച്ചം വീശുന്നത്. 

വാഷിങ്ടനിലെ നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ ധനസഹായത്തോടെ നടത്തിയ ഗവേഷണമാണ് ലോകത്തിനു മുന്നിലേക്ക് ഈ നിർണായക വിവരമെത്തിച്ചത്. നാഷനൽ ജ്യോഗ്രഫിക് വെബ്സൈറ്റിലൂടെയാണ് ഇതിന്റെ വിശദവിവരങ്ങൾ പുറത്തുവന്നത്. 140  കുട്ടികൾക്കൊപ്പം പെറുവിൽ കാണപ്പെടുന്ന ലാമ എന്ന ജന്തുവിനെയും ബലി നൽകിയിരുന്നു. രോമത്തിനായി വളർത്തുന്ന ഈ ജന്തുക്കളിൽ ഇരുനൂറിലേറെ എണ്ണത്തിനെയാണ് കുട്ടികൾക്കൊപ്പം ബലി നൽകിയത്, അതും ഒറ്റയടിക്ക്! ലോകത്ത് ഇന്നേവരെ ഇത്രയും ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ ആരും നടത്തിയിട്ടുണ്ടാകില്ലെന്ന് മുഖ്യഗവേഷകരിലൊരാളായ ജോൺ വെറാനൊ പറയുന്നു. ഇതാദ്യമായല്ല ഇവിടെ നരബലിയുടെ തെളിവുകൾ ലഭിക്കുന്നത്. 2011ൽ ഒരു ക്ഷേത്രാവശിഷ്ടത്തിനു സമീപം നടത്തിയ ഉദ്ഖനനത്തിൽ 40 പേരെ നരബലി നടത്തിയതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. ഒപ്പം 74 ലാമകളെയും. 

3500 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ സമീപമായിരുന്നു ഉദ്ഖനനം. പിന്നീട് കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ടിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. കണ്ടെത്തിയ 140 കുട്ടികളുടെ അസ്ഥികൂടങ്ങളിൽ ഭൂരിപക്ഷവും എട്ട് വയസ്സിനും 12നും ഇടയിൽ പ്രായമുള്ളവരായിരുന്നു. അഞ്ചു വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവരും ഉണ്ടായിരുന്നു. നരബലിയാണെന്നു തിരിച്ചറിയാനുള്ള തെളിവുകളും അവശിഷ്ടങ്ങളിലുണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും നെഞ്ചിലെ എല്ലു തകർക്കുന്ന വിധം മാരകായുധം കൊണ്ടു വെട്ടിയിട്ടുണ്ട്. എല്ലാവരുടെയും വാരിയെല്ലുകളിൽ ചിലതും നീക്കിമാറ്റിയിട്ടുണ്ട്. ഹൃദയം എടുത്തുമാറ്റാനായിരുന്നു ഇതെന്നാണു നിഗമനം. ഭൂരിപക്ഷം കുട്ടികളുടെയും ദേഹത്ത് ചുവന്ന ചായം പുരട്ടിയിരുന്നതിന്റെ തെളിവുകളുമുണ്ടായിരുന്നു. നരബലിക്കു മുൻപു ദേഹത്തു നിറം പൂശുന്നത് പുരാതന കാലത്തെ പ്രത്യേകതയായിരുന്നു. ലാമകളെയും മാരകായുധം കൊണ്ടു വെട്ടിയാണു ബലി നൽകിയിരിക്കുന്നത്. ഇവയും 18 മാസത്തിൽ താഴെ മാത്രം പ്രായമുള്ളവയായിരുന്നു. ആൻഡിസ് പർവത നിരകളെ അഭിമുഖീകരിച്ചാണ് എല്ലാ മൃതദേഹങ്ങളും സംസ്കരിച്ചിരുന്നത്. 

എന്താണ് ഇത്തരമൊരു ക്രൂരബലിയിലേക്ക് പെറുവിലെ തീരമേഖലയിൽ ജീവിച്ചിരുന്നവരെ നയിച്ചത് എന്ന ചോദ്യത്തിനും ഗവേഷകർക്ക് ഉത്തരമുണ്ട്. ബലി നടത്തി സംസ്കരിച്ചിരിക്കുന്നവരുടെ മേലുള്ള മണ്ണിന്റെ ഒരു പാളിയാണ് അതു സംബന്ധിച്ച സൂചന നൽകിയത്. അതിശക്തമായ മഴയിലൂടെയും വെള്ളപ്പൊക്കത്തിലൂടെയുമാണ് ചെളിയുടെ അത്തരം പാളികൾ ശവക്കല്ലറകള്‍ക്കു മേൽ ഉണ്ടാകുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. അതായത്, ശക്തമായ പ്രളയത്തിൽ വലഞ്ഞിരിക്കുകയായിരുന്നു തീരമേഖലയിലെ ജനങ്ങൾ. എൽ–നിനോ പോലുള്ള ഒരു കാലാവസ്ഥാ പ്രതിഭാസമായിരിക്കാം ഇതിനു കാരണമായത്. താരതമ്യേന വരണ്ട ഈ തീരമേഖലയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കാവുന്ന ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ. കടലിൽ പോകുന്നതിനെ ഇതു തടഞ്ഞു. മാത്രവുമല്ല കൃഷിക്കു വേണ്ടി മികച്ച രീതിയിൽ ചിമു വിഭാഗക്കാർ നിർമിച്ച കനാലുകളെല്ലാം പ്രളയത്തിൽ‍ തകർന്നു, പ്രവർത്തനം താളം തെറ്റി. 

കൃഷിയും മത്സ്യബന്ധനവും നിലച്ച് ജീവിതം ദുരിതമായതോടെയായിരിക്കാം നരബലിയെപ്പറ്റി അവർ ചിന്തിച്ചത്. പ്രകൃതിദുരന്തങ്ങളെ തടയാൻ പ്രാചീനകാലത്ത് നരബലി പതിവായിരുന്നുവെന്നത് മിക്ക നാഗരികതകളെയും പറ്റിയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്രകൃതിദേവതയെ അടക്കാൻ ഏറ്റവും ഉത്തമ മാർഗമായി പലരും കരുതിയിരുന്നത് കുട്ടികളുടെ കുരുതിയാണ്. എന്നാൽ ചിമു വിഭാഗക്കാർ ആദ്യം മുതിർന്നവരെ ബലി നൽകിയതായാണു തെളിഞ്ഞിരിക്കുന്നത്. അതു പരാജയപ്പെടുകയും മഴ പിന്നെയും ശക്തമാകുകയും ചെയ്തപ്പോഴാണ് 140 കുട്ടികളെ ഒറ്റയടിക്കു കുരുതി കൊടുത്തത്. ഉദ്ഖനനത്തിനിടെ കണ്ടെത്തിയ വസ്ത്രത്തുണ്ടുകളിൽ നടത്തിയ കാർബൺ ഡേറ്റിങ്ങിൽ നിന്ന് ഈ കുരുതി നടന്നത് എഡി 1400നും 1450നും ഇടയിലാണെന്നു തെളിഞ്ഞിട്ടുണ്ട്. 

peru

ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ദൈവത്തെയായിരുന്നു ചിമു വിഭാഗം ആരാധിച്ചിരുന്നത്. പെറുവിലെ ഏറെ പ്രശസ്തമായിരുന്ന ഈ നാഗരികതയെ ഇൻകാ വിഭാഗക്കാർ വൈകാതെയെത്തി കീഴടക്കി. അതു കഴിഞ്ഞ് ഏകദേശം 50 വർഷം കടന്നപ്പോഴാണ് മേഖലയിലെ സ്പാനിഷ് അധിനിവേശം. തെക്കേ അമേരിക്കയിലേക്കുള്ള അവരുടെ കടന്നുകയറ്റത്തിൽ ഇൻകാ വിഭാഗക്കാരും കാൽക്കീഴിലാക്കപ്പെടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA