sections
MORE

ഇറാനില്‍ കുഴിച്ചെടുത്തു, അവസാന ഷാ ഭരണാധികാരിയുടെ മമ്മി?

Reza-Pahlavi
SHARE

കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ജോലിയുടെ ഭാഗമായി കുഴിയെടുക്കുന്നതിനിടെയായിരുന്നു ആ മമ്മി കണ്ടെത്തിയത്. ഇറാനിലെ അവസാനത്തെ രാജാവായിരുന്ന റേസ ഷാ പലാവിയുടെ ഭൗതികാവശിഷ്ടമാണിതെന്നാണ് സൂചന. ഇറാനില്‍ നാല് ദശാബ്ദങ്ങള്‍ക്ക് മുൻപ് നടന്ന ഇസ്ലാമിക് വിപ്ലവമാണ് ഷാ ഭരണകൂടത്തെ അട്ടിമറിച്ചത്. 

മമ്മികള്‍ സൂക്ഷിക്കുന്നതു പോലെ തുണികൊണ്ട് അടിമുതല്‍ മുടി വരെ മൂടിയ നിലയിലായിരുന്നു ഈ മമ്മി ലഭിച്ചത്. 1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് റേസ ഷായുടെ ശവകുടീരം അടക്കം ആള്‍ക്കൂട്ടം ആക്രമിച്ച് തകര്‍ത്തിരുന്നു. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഷാ കുടുംബം അഭയാര്‍ഥികളായി ഇറാന് പുറത്ത് കഴിഞ്ഞുവരികയാണ്. മുത്തച്ഛനായ റേസ ഷായുടെ ഭൗതികാവശിഷ്ടമാണിതെന്ന് അമേരിക്കയില്‍ അഭയാര്‍ഥിയായി കഴിയുന്ന കൊച്ചുമകന്‍ റേസ പലാവി വ്യക്തമാക്കിയിട്ടുണ്ട്. 

റേസ ഷായുടേതെന്ന് കരുതുന്ന മമ്മിയുടെ ചിത്രം ഇറാനിലെ സോഷ്യല്‍മീഡിയയില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. അതേസമയം, മമ്മി റേസ ഷായുടേതാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ പരിശോധനയുടെ ഫലം ലഭ്യമാകേണ്ടി വരും. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ഇതുവരെ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. 

ഇറാന് ആധുനിക മുഖം നല്‍കിയ ഭരണാധികാരിയെന്നാണ് റേസ ഷാ വിശേഷിപ്പിക്കപ്പെടുന്നത്. അതുവരെ പേര്‍ഷ്യ എന്ന പേരിലാണ് ഇറാന്‍ അറിയപ്പെട്ടിരുന്നത്. 1925ല്‍ ഭരണത്തിലേറിയ റേസ ഷാ നികുതിപ്പണവും എണ്ണയില്‍ നിന്നുള്ള വരുമാനവും രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനാണ് ഉപയോഗിച്ചത്. 

റേസഷായുടെ പല തീരുമാനങ്ങളോടും പാരമ്പര്യവാദികള്‍ക്ക് കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. പ്രത്യേകിച്ചും 1936ലെ ഛാദോര്‍സ് എന്നറിയപ്പെട്ടിരുന്ന സ്ത്രീകളുടെ തലമുതല്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പുരുഷന്മാരോടു പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാനും ഭാര്യമാരെ പൊതു ചടങ്ങുകളിലേക്ക് കൊണ്ടുവരാന്‍ കൂടി പറഞ്ഞതോടെ റേസ ഷാ പാരമ്പര്യവാദികളുടെ കണ്ണിലെ കരടായി. 

ഒരുവിഭാഗം വിശ്വാസികളും ഷിയാ പുരോഹിതരും റേസ ഷായെ എതിരാളിയായി പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളും അടിച്ചമര്‍ത്തലുകളും ശക്തമായതോടെ ഇറാന്‍ ആഭ്യന്തര ലഹളയിലേക്ക് എടുത്തെറിയപ്പെട്ടു. ഇസ്ലാമിനെതിരായ യുദ്ധപ്രഖ്യാപനമായാണ് റേസ ഷായുടെ നിലപാടുകളെ വിശ്വാസികള്‍ കണ്ടത്.

1944ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് റേസ ഷാ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതികശരീരം കെയിറോയിലെത്തിച്ച് അവിടെ വെച്ചാണ് മമ്മിയുടെ രൂപത്തില്‍ സൂക്ഷിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മമ്മി ഇറാനിലെത്തിക്കുകയും തെഹ്‌റാനിലെ ഗ്രാന്‍ഡ് മുസോളിയത്തില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. 1972ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാഡ് നിക്‌സന്‍ ഈ മുസോളിയം സന്ദര്‍ശിച്ചിരുന്നു. 

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം മുസോളിയം തകര്‍ക്കപ്പെട്ടിരുന്നു. ഇറാനില്‍ നിന്ന് രക്ഷപ്പെട്ട ഷാ കുടുംബം റേസ ഷായുടെ ഭൗതികശരീരവും കൊണ്ടുപോയിരുന്നുവെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഷാ കുടുംബം റേസ ഷായുടെ ഭൗതികശരീരം ഇറാനില്‍ ഒളിപ്പിച്ചാണ് കടന്നതെന്ന് തെളിയിക്കന്നതാണ് പുതിയ വിവരങ്ങള്‍. റേസ ഷായുടെ മകന്‍ മുഹമ്മദ് റേസ പലാവി 1980ല്‍ കെയ്‌റോയില്‍ വെച്ച് അര്‍ബുദബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. 

ആധുനിക ഇറാനിലെ യുവജനങ്ങള്‍ ഇസ്ലാമിക വിപ്ലവത്തിന് മുൻപുള്ള കാലത്തെ ആവേശത്തോടെയാണ് ഇപ്പോള്‍ കാണുന്നത്. ഷാ ഭരണകൂടത്തിന്റെ ചരിത്രം വിവരിക്കുന്ന ടെലിവിഷന്‍ പരമ്പര ഇറാനില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഇറാന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സീരീസായിരുന്നു ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA