sections
MORE

മൈക്കിള്‍ ജാക്‌സനെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നടുവൊടിയും

michael-jackson-dance
SHARE

പാട്ടുകൊണ്ടും നൃത്തംകൊണ്ടും തലമുറകളെ സ്വാധീനിച്ച മഹാപ്രതിഭയാണ് മൈക്കിള്‍ ജാക്‌സണ്‍. മൂണ്‍ വാക്ക് പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന നിലയിലുള്ള ചുവടുകള്‍. പ്രത്യേകമായി നിര്‍മിച്ച ഷൂ മാത്രമല്ല വേറെയും ചില സൂത്രങ്ങള്‍ മൈക്കിള്‍ ജാക്‌സന്റെ അസാധ്യമെന്ന് ലോകം കരുതിയിരുന്ന ആ നൃത്തച്ചുവടുകള്‍ക്ക് പിന്നിലുണ്ട്. 

മുന്‍കരുതലുകളില്ലാതെ ജാക്‌സനെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലിനടക്കം അപകടകരമായ പരിക്ക് പറ്റാനുള്ള സാധ്യത ഏറെയാണെന്നാണ് ന്യൂറോ സര്‍ജന്മാരുടെ മുന്നറിയിപ്പ്. കഴിവും പ്രത്യേകമായി നിര്‍മിച്ച ഷൂവും മാത്രമല്ല ചില കണ്‍കെട്ട് വിദ്യകളും മൈക്കിള്‍ ജാക്‌സന്‍ ആ നൃത്തച്ചുവടിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. 

സ്‌പെഷല്‍ ഇഫക്ടുകളും ചടുലമായ നൃത്തച്ചുവടുകളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായിരുന്നു മൈക്കിള്‍ ജാക്‌സന്റെ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ആല്‍ബങ്ങള്‍. അന്നുവരെ അസാധ്യമെന്ന് കരുതിയിരുന്ന നൃത്തച്ചുവടുകളാണ് മൈക്കിള്‍ ജാക്‌സണ്‍ അവതരിപ്പിച്ചത്. അതിലൊന്നായിരുന്നു എവിടെയും തൊടാത്ത നിലയില്‍ 45 ഡിഗ്രിയോളം മുന്നോട്ട് വളഞ്ഞുകൊണ്ടുള്ള ആ നില്‍പ്പ്. 

ഇന്ത്യക്കാരായ നിഷാന്ത് യാഗ്നിക്ക്, മഞ്ജുലാല്‍ ത്രിപാഠി, സന്ദീപ് മല്‍ഹോത്ര എന്നീ ന്യൂറോ സര്‍ജന്മാരാണ് മൈക്കിള്‍ ജാക്‌സന്റെ ഈ 45 ഡിഗ്രി നൃത്തച്ചുവടിനെക്കുറിച്ച് പഠിച്ചത്. ഒൻപത് വര്‍ഷം മുൻപ് അമ്പതാം വയസില്‍ അന്തരിച്ച മൈക്കിള്‍ ജാക്‌സനോടുള്ള ആരാധനയായിരുന്നു ഇതിനവരെ പ്രേരിപ്പിച്ചത്. 

നൃത്തത്തില്‍ എത്രവലിയ മെയ്‌വഴക്കമുള്ള പ്രതിഭയാണെങ്കിലും പരമാവധി 25-30 ഡിഗ്രി മാത്രമേ വളയാന്‍ മനുഷ്യന് സാധിക്കൂ എന്നാണവരുടെ കണ്ടെത്തല്‍. ഇനിയാരെങ്കിലും അതില്‍ കൂടുതല്‍ ശ്രമിച്ചാല്‍ നട്ടെല്ലിനേല്‍ക്കുന്ന അപകടകരമായ പരുക്കിലായിരിക്കും ആ ശ്രമം അവസാനിക്കുകയെന്നും ഈ ന്യൂറോ സര്‍ജന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

1987ല്‍ പുറത്തിറങ്ങിയ സ്മൂത്ത് ക്രിമിനല്‍ എന്ന വിഡിയോയിലാണ് മൈക്കിള്‍ജാക്‌സന്‍ 45 ഡിഗ്രി മുന്നോട്ടുവളഞ്ഞുള്ള ആ ചുവടുവെക്കുന്നത്. അദ്ദേഹത്തിന്റെ ഷൂ തറനിരപ്പില്‍ ഉറച്ചു നിന്നുകൊണ്ടായിരുന്നു ആ പ്രകടനം. സഹനര്‍ത്തകരും ഈ ചുവട് വെക്കുന്നുണ്ടെങ്കിലും ഒരുപടി കൂടിയ നിലയിലായിരുന്നു എംജെയുടെ പ്രകടനം. 

പ്രത്യേകം പേറ്റന്റ് നേടിയ ഷൂ ഉപയോഗിച്ചായിരുന്നു മൈക്കിള്‍ ജാക്‌സന്‍ ആ പ്രകടനം നടത്തിയത്. ഈ സ്റ്റെപ്പിന്റെ സമയത്ത് മാത്രം ഉപയോഗിക്കാവുന്ന ഷൂവില്‍ നിന്നും സ്റ്റേജിലേക്ക് നീളുന്ന ഒരു ആണിയാണ് രഹസ്യങ്ങളില്‍ പ്രധാനം. ഇതിനൊപ്പം കണങ്കാലിനെ പ്രത്യേകം സഹായിക്കുന്ന ഷൂവിന്റെ ഡിസൈനും ആ അദ്ഭുത ചുവടിന് കാരണമായി. 

എന്നാല്‍ അത് മാത്രമല്ല മൈക്കിള്‍ ജാക്‌സനെ ആ അന്യഗ്രഹ ചുവടിന് സഹായിച്ചത്. സ്റ്റേജില്‍ നിന്നും തത്സമയം ബന്ധിപ്പിക്കാനാകുന്ന കാഴ്ച്ചകാര്‍ക്ക് അദൃശ്യമായ ചില കേബിളുകളും ആ നൃത്തച്ചുവടിന് പൂര്‍ണ്ണത നല്‍കി. പ്രതിഭയ്‌ക്കൊപ്പം ഇത്തരം ചില കണ്‍കെട്ടുവിദ്യകളുടെ സഹായത്തിലാണ് മൈക്കിള്‍ ജാക്‌സന്‍ തന്റെ ഏറ്റവും പ്രസിദ്ധമായ നൃത്തച്ചുവടുകള്‍ പരിപൂര്‍ണതയിലെത്തിച്ചതെന്നു ചുരുക്കം. ജേണല്‍ ഓഫ് ന്യൂറോ സര്‍ജറിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA