sections
MORE

ആ കൈ മാത്രം അഴുകിയില്ല; കുഞ്ഞു മമ്മിയുടെ രഹസ്യം കണ്ടെത്തി

mummy-hand
SHARE

ദക്ഷിണ ഹംഗറിയില്‍ നിന്നും 13 വര്‍ഷങ്ങള്‍ക്കു മുൻപാണ് പുരാവസ്തുഗവേഷകർ വിചിത്രമായ ഒരു മമ്മി കണ്ടെടുക്കുന്നത്. ഒരു പെട്ടിക്കുള്ളില്‍ നിന്നും ലഭിച്ച എല്ലുകള്‍ എലിയുടേയോ മറ്റോ ആണെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നാല്‍ എല്ലുകള്‍ക്കിടയില്‍ നിന്നും ഒരു മനുഷ്യക്കുഞ്ഞിന്റെ ഒറ്റക്കൈ മമ്മി ലഭിച്ചതോടെ കഥമാറി. 

മറ്റു ശരീരഭാഗങ്ങളെല്ലാം അഴുകിയപ്പോഴും എന്തുകൊണ്ടാണ് ആ കൈ മാത്രം അഴുകാതിരുന്നത്? വര്‍ഷങ്ങള്‍ ശാസ്ത്രലോകത്തെ കുഴപ്പിച്ച ഒറ്റക്കൈ മമ്മിയുടെ ദുരൂഹതയാണ് പതിറ്റാണ്ടിനിപ്പുറം ചുരുളഴിഞ്ഞിരിക്കുന്നത്. സംസ്‌ക്കാരസമയത്ത് കുഞ്ഞിന്റെ കയ്യില്‍ വെച്ചിരുന്ന ചെമ്പ് നാണയമാണ് ഈ പണിയൊപ്പിച്ചതെന്നാണ് കണ്ടെത്തല്‍. 

ഹംഗറിയിലെ ഒരു ശ്മശാനത്തിലെ അഞ്ഞൂറോളം മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നായിരുന്നു ഈ കുഞ്ഞിക്കൈ മമ്മിയേയും കണ്ടെത്തിയത്. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള ഭൗതികാവശിഷ്ടങ്ങളായിരുന്നു ഭൂരിഭാഗവും. ഈ കുഞ്ഞിന്റെ ശരീരത്തിലല്ലാതെ ചെമ്പുനാണയം ശവസംസ്‌ക്കാരത്തിനിടെ ഉപയോഗിച്ചിട്ടില്ല. 

ഒരു ചെറിയ സ്‌കെയിലിനോളം പോന്ന ഏകദേശം മുപ്പത് സെന്റിമീറ്റര്‍ മാത്രമായിരുന്നു ഈ കുഞ്ഞിന്റെ വലിപ്പമായി കണക്കാക്കുന്നത്. ഭാരമാകട്ടെ ഒരു കിലോഗ്രാമില്‍ താഴെയും. അതുകൊണ്ടു തന്നെ ഈ കുഞ്ഞ് മാസം തികയും മുൻപ് പ്രസവിച്ചതോ പ്രസവിച്ച് അധികം വൈകാതെ മരിച്ചതോ ആണെന്നാണ് കരുതുന്നത്. അസാധാരണമായ രീതിയില്‍ കുഞ്ഞിന്റെ കൈകള്‍ മമ്മിയായതിന് പിന്നില്‍ ഏതെങ്കിലും ലോഹത്തിന്റെ സാന്നിധ്യമാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. 

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ ലഭിച്ച പെട്ടിക്കുള്ളില്‍ ചുറ്റുപാടുകളെ അപേക്ഷിച്ച് വലിയ അളവില്‍ ചെമ്പിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. കൈക്കുള്ളില്‍ ഒരു നാണയം വെച്ചതുപോലാണ് മമ്മിയായ കയ്യിന്റെ രൂപം. വലംകൈ മടക്കി വെച്ചിരുന്ന അരഭാഗവും സമാനമായ രീതിയില്‍ മമ്മിയാക്കപ്പെട്ടിരുന്നു. ഇതിന് പിന്നിലും ചെമ്പിന്റെ സാന്നിധ്യമാണെന്നാണ് കരുതുന്നത്.

കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച പെട്ടിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള നാണയങ്ങള്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ കുഞ്ഞിക്കൈ മമ്മി വര്‍ഷങ്ങളോളം പുരാവസ്തുഗവേഷകരെ അങ്കലാപ്പിലാക്കി. കുഞ്ഞിന്റെ കയ്യിലുണ്ടായിരുന്ന ചെമ്പുനാണം കാലാന്തരത്തില്‍ ശരീരത്തിലേക്ക് അലിഞ്ഞില്ലാതായെന്നാണ് കരുതപ്പെടുന്നത്. ഈ ചെമ്പിന്റെ സാന്നിധ്യമുള്ള ഭാഗം പിന്നീട് സംരക്ഷിക്കപ്പെടുകയും ചെയ്തു. ഹംഗറിയിലെ മ്യൂസിയത്തിലാണ് ഈ കുഞ്ഞിക്കൈ മമ്മി ഇപ്പോഴുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA