sections
MORE

3000 വർഷം പഴക്കമുള്ള ആ തല രാജാവിന്റേത്, കണ്ടെത്തിയത് ഇസ്രയേലിൽ

biblical-king
SHARE

ഈ തലയുടെ ഉടമസ്ഥനായ രാജാവ് ആരായിരിക്കുമെന്നാണ് ഇസ്രയേലിലെ പുരാവസ്തുഗവേഷകര്‍ തലപുകയ്ക്കുന്നത്. ബിസി ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ സുന്ദര പ്രതിമയെന്നറിയാം. എന്നാല്‍ ആരുടെ പ്രതിമയാണെന്നോ പൂര്‍ണ്ണകായ പ്രതിമയുടെ തല മാത്രമാണോ ഇതെന്നോ ഇപ്പോഴും വ്യക്തമായിട്ടില്ല. 

ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ തലയ്ക്ക് അഞ്ച് സെന്റിമീറ്ററോളമാണ് വലിപ്പം. മൂക്കിന്റെ ഒരുഭാഗവും താടിയുടെ ഭാഗവും നഷ്ടമായതൊഴിച്ചാല്‍ ബാക്കി വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഈ പ്രതിമയുടെ നിര്‍മാണത്തിലെ പൂര്‍ണതയാണ് ഇതിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചത്. 

തലയിലെ കിരീടവും താടിയും കണക്കിലെടുത്താണ് പ്രതിമ ബൈബിള്‍ കാലത്തിലെ ഏതോ രാജാവിന്റേതാണെന്ന് ഊഹിക്കുന്നത്. ഇത്തരത്തിലുള്ള പ്രതിമകളൊന്നും തന്നെ പ്രദേശത്തു നിന്നും മുൻപെങ്ങും കണ്ടെത്തിയിട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയിലെ ആബേല്‍ ബേത്ത് മെക്കായിലെ പുരാവസ്തു ഖനന കേന്ദ്രത്ത്രില്‍ നിന്നാണ് ഇത് ലഭിച്ചത്. 

കാര്‍ബണ്‍ ഡേറ്റിംങ് പരിശോധനയില്‍ ഒൻപതാം നൂറ്റാണ്ടിലാണ് ഈ പ്രതിമ നിര്‍മിക്കപ്പെട്ടതെന്ന് തെളിഞ്ഞു. ഒൻപതാം നൂറ്റാണ്ടില്‍ ഈ പ്രതിമ കണ്ടെത്തിയ പ്രദേശം മൂന്ന് രാജവംശങ്ങളുടെ അതിര്‍ത്തിയിലായിരുന്നു. കിഴക്ക് ഡമാസ്‌കസ് ആസ്ഥാനമായുള്ള അരാമിയന്‍ രാജവംശം, പടിഞ്ഞാറ് ഫൊണീഷ്യന്‍ നഗരമായ ടീര്‍, തെക്ക് സമരിയ കേന്ദ്രമായുള്ള ഇസ്രയേലി രാജവംശം എന്നിങ്ങനെയായിരുന്നു ഈ പ്രദേശത്തോട് ചേര്‍ന്നുള്ള രാജവംശങ്ങള്‍. ഈ രാജവംശങ്ങളിലെ ഒൻപതാം നൂറ്റാണ്ടു ഭരിച്ചിരുന്ന ഏതെങ്കിലും രാജാവിന്റെ പ്രതിമയാകാം ഇതെന്നാണ് കരുതപ്പെടുന്നത്. 

ചില്ലുപോലെയുള്ള ഫേയന്‍സ് എന്ന വസ്തുവിലാണ് ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഒൻപതാം നൂറ്റാണ്ട് കാലത്ത് പൗരാണിക ഈജിപ്തില്‍ ഈ വസ്തുകൊണ്ട് ആഭരണങ്ങളും മൃഗങ്ങളുടേയും മനുഷ്യരുടേയും ചെറു രൂപങ്ങളും നിര്‍മിച്ചിരുന്നു. പ്രതിമയുടെ മുഖത്തിന് ലഭിച്ചിരിക്കുന്ന പച്ച നിറം ചെമ്പ് ചേര്‍ത്തപ്പോള്‍ ലഭിച്ചതാണ്. പൂര്‍ണകായ പ്രതിമയുടെ തല മാത്രമാണോ ഇതെന്ന വിഷയത്തിലും പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്. ഇക്കാര്യത്തില്‍ ഉത്തരം കണ്ടെത്തുകയെന്ന ലക്ഷ്യത്തില്‍ ഹീബ്രു സര്‍വകലാശാലയിലെ ഗവേഷകര്‍ തലപ്രതിമ ലഭിച്ച ഭാഗത്ത് വീണ്ടും പര്യവേഷണം തുടങ്ങിയിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA