sections
MORE

കോടികൾ മൂല്യമുള്ള നിധിയുമായി മുങ്ങിയ പ്രസിഡന്റ് കപ്പൽ കണ്ടെത്തി

President-ship
SHARE

കോടികള്‍ മൂല്യമുള്ള വസ്തുക്കള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും കടത്തിയിട്ടുണ്ടെങ്കിലും ഇന്നും അവരുടെ ചുണ്ടിനും കപ്പിനുമിടയില്‍വെച്ച് കൈവിട്ടുപോയ സ്വപ്‌നമാണ് പ്രസിഡന്റ് എന്ന കപ്പല്‍. പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നും അമൂല്യ നിധിപേടകങ്ങള്‍ വഹിച്ചായിരുന്നു പ്രസിഡന്റ് യാത്ര തിരിച്ചത്. എന്നാല്‍ ആ കപ്പല്‍ ബ്രിട്ടനിലെത്തില്ലെന്ന് ഉറപ്പിക്കാന്‍ ഇന്ത്യന്‍ പോരാളികള്‍ക്ക് കഴിഞ്ഞു. 

330 വര്‍ഷങ്ങള്‍ക്ക് മുൻപ് ബ്രിട്ടന് കൈമോശം വന്ന പ്രസിഡന്റ് എന്ന ആ നിധി കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ കോണ്‍വാളിന് സമീപത്തെ സമുദ്രത്തിലെ താഴെത്തട്ടില്‍ നിന്നും മുങ്ങല്‍ വിദഗ്ധരാണ് പ്രസിഡന്റിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെയുണ്ടായ കടല്‍ക്ഷോഭങ്ങളാണ് ഈ കപ്പല്‍ ഭാഗങ്ങളെ ആഴങ്ങളില്‍ നിന്നും തെളിയിച്ചതെന്നാണ് കരുതപ്പെടുന്നത്. 

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുൻപും സമാനമായ രീതിയില്‍ പ്രസിഡന്റ് എന്ന കപ്പലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണ ഹിസ്‌റ്റോറിക് ഇംഗ്ലണ്ടിന്റെ മുങ്ങല്‍ വിദഗ്ധരാണ് കപ്പലിന്റെ ഭാഗമായിരുന്ന ഏഴ് പീരങ്കികളും നങ്കൂരവും കണ്ടെത്തിയിരിക്കുന്നത്. തീരത്തു നിന്നും മീറ്ററുകള്‍ മാത്രം അകലെ ഏഴ് മീറ്റര്‍ ആഴത്തിലാണ് കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 

ഇന്ത്യയില്‍ നിന്നും ശേഖരിച്ച രത്‌നങ്ങളും മുത്തുകളും സ്വര്‍ണ്ണവും അടക്കമുള്ള അമൂല്യ വസ്തുക്കളുമായി 1684ലാണ് പ്രസിഡന്റ് ബ്രിട്ടനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏകദേശം 10.7 മില്യണ്‍ ഡോളര്‍ (ഏകദേശം 72.26 കോടി രൂപ) മൂല്യമുള്ള വസ്തുക്കളായിരുന്നു ബ്രിട്ടീഷ് കപ്പല്‍ ഇന്ത്യയില്‍ നിന്നും കടത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലിനെ പിന്തുടര്‍ന്നെത്തിയ ആറ് ഇന്ത്യന്‍ ചെറുബോട്ടുകള്‍ കപ്പലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും കപ്പലിന് ചെറുതല്ലാത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ മലബാറിനടുത്തുള്ള ഉള്‍ക്കടലില്‍വെച്ച് നടന്ന ഈ പോരാട്ടം കൊണ്ട് സാധിച്ചു. 

ഇന്ത്യയില്‍ നിന്നും അമൂല്യ നിധിശേഖരവുമായി രക്ഷപ്പെട്ടെങ്കിലും കടലില്‍ മുങ്ങാനായിരുന്നു പ്രസിഡന്റിന്റെ വിധി. 1684 ഫെബ്രുവരി അവസാനത്തോടെ ബ്രിട്ടന് അടുത്തെത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം തീരത്തടുപ്പിക്കാനായില്ല. പതിനൊന്ന് ആഴ്ചയോളം നീണ്ട യാത്രക്കൊടുവില്‍ ഭക്ഷണവും കുടിവെള്ളവും തീര്‍ന്ന് നരകിച്ച് മരിക്കാനായിരുന്നു ഭൂരിഭാഗം ബ്രിട്ടീഷ് നാവികരുടേയും വിധി. നിയന്ത്രണം നഷ്ടപ്പെട്ട കപ്പല്‍ തീരത്തിനടത്തുവെച്ച് മുങ്ങിത്താണു. രണ്ടേ രണ്ട് പേര്‍ മാത്രമാണ് നീന്തി ജീവനോടെ കരക്കെത്തിയത്. 

President-ship-1

ഇത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ചേതങ്ങളിലൊന്നായി ഇപ്പോഴും അവശേഷിക്കുന്നു. പീരങ്കികളും നങ്കൂരവും കണ്ടെത്താനായെങ്കിലും ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ അമൂല്യവസ്തുക്കള്‍ ഇപ്പോഴും കടലിനടിയിലെവിടെയോ ഒളിഞ്ഞിരിക്കുകയാണ്. പ്രസിഡന്റിലെ നിധി തേടുന്നവരാകട്ടെ ഏതെങ്കിലും കടല്‍ക്ഷോഭം ആ നിധി പേടകങ്ങളെ മുകളിലെത്തിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA