sections
MORE

ചൈനയുടേതാണ്... സൂക്ഷിക്കണം, ഭീഷണിയായി ചൈനീസ് നിലയം

Tiangong-2
SHARE

അസാധാരണമായൊരു കാഴ്ചയ്ക്കാണ് അടുത്തിടെ ബഹിരാകാശ നിരീക്ഷകർ സാക്ഷ്യം വഹിച്ചത്. ചൈനയുടെ ഒരു ബഹിരാകാശ നിലയം പെട്ടെന്ന് ഭ്രമണപഥം വിട്ടു ഭൂമിക്കു നേരെ പാഞ്ഞു വരുന്നു. ഭ്രമണപഥത്തിൽ നിന്ന് പിടിവിട്ടതു പോലെ താഴേക്ക് 95 കിലോമീറ്ററോളം നിലയം കുതിച്ചെത്തി. ഏതാനും ദിവസം അതു തുടർന്നു. പിന്നീട് തിരികെ ഭ്രമണപഥത്തിലേക്കു കടക്കുകയും ചെയ്തു. നിലയത്തിന്റെ പേര് എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. ടിയാൻഗോങ്–2. അതെ, മൂന്നു മാസം മുൻപ് ലോകത്തെ ഭയപ്പെടുത്തി ഭൂമിക്കു നേരെ പാഞ്ഞെത്തിയ ചൈനീസ് ബഹിരാകാശ നിലയം ടിയാൻഗോങ്–1ന്റെ ‘സഹോദരൻ’. 

ആകാശത്തു ഭ്രാന്തുപിടിച്ചതു പോലുള്ള ടിയാൻഗോങ് വണ്ണിന്റെ ‘ഇളക്കം’ ചൈനീസ് ബഹിരാകാശ ഗവേഷകർ തന്നെ സൃഷ്ടിച്ചതാണെന്നാണു കരുതുന്നത്. പ്രവർത്തനം നിലച്ച നിലയത്തെ ഡീകമ്മിഷൻ ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ പരീക്ഷണ പ്രവർത്തനമായിരുന്നു അതെന്നാണു ഭൂരിപക്ഷം പേരും കരുതുന്നത്. എന്നാൽ ഇത്തവണ അധികം ഭയപ്പെടാനില്ല. ടിയാൻഗോങ് വൺ യാതൊരു നിയന്ത്രണവുമില്ലാതെ ‘പിടിവിട്ടതു’ പോലെയാണു താഴേക്കു വന്നതെങ്കിൽ ടിയാൻഗോങ് –ടുവിനു മേൽ ഗവേഷകർക്ക് അത്യാവശ്യം നിയന്ത്രണങ്ങളൊക്കെയുണ്ട്. 

ഏപ്രിൽ രണ്ടിന് ടിയാൻഗോങ് 1 തകർന്നു വീണതു ലോകത്തിനു മുന്നിൽ ചൈനയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഇത് ആവർത്തിക്കാതെ ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ ‘നിയന്ത്രണം’ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനാണ് ഇത്തവണ ചൈനയുടെ നീക്കം. എന്നാൽ ചൈനയുടെ ‘മാൻഡ് സ്പെയ്സ് എൻജിനീയറിങ് ഓഫിസ്’ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല. നിലവിൽ യുഎസ് പ്രതിരോധ വകുപ്പിനു കീഴിലെ സ്ട്രാറ്റജിക് കമാൻഡ് വഴിയാണ് ചൈനീസ് നിലയത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ലോകത്തിനു മുന്നിലെത്തിയത്. 

ജൂൺ 13ന് ടിയാൻഗോങ് –2 അസാധാരണമായ വിധം താഴേക്കു പതിച്ചതായി കലിഫോർണിയയിലെ ജോയിന്റ് സ്പെയ്സ് ഓപറേഷൻസ് സെന്ററിൽ നിന്നുള്ള നിരീക്ഷണത്തിൽ ദൃശ്യമാവുകയായിരുന്നു. താഴേക്കു കുതിച്ചെത്തി ആ ഉയരത്തിൽ പത്തു ദിവസത്തോളം നിലയം തുടർന്നു. പിന്നീട് അതിന്റെ യഥാർഥ ഭ്രമണപഥത്തിലേക്കു തിരികെ പോകുകയും ചെയ്തു. ഇത് ചൈനയുടെ ‘കൺട്രോൾഡ് ത്രസ്റ്റ് ടെസ്റ്റാ’യാണു ഗവേഷകർ കണക്കാക്കുന്നത്. തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത്, തീരുമാനിച്ചയിടത്തു നിലയം വീഴ്ത്താനുള്ള പരീക്ഷണ നീക്കമാണിത്. എന്നാൽ എന്നായിരിക്കും നിലയത്തിന്റെ പതനമെന്നു വ്യക്തമായിട്ടില്ല. പക്ഷേ എവിടേയായിരിക്കണം നിലയം വീഴേണ്ടത് എന്നതിൽ കൃത്യമായ ധാരണയുണ്ടെന്നാണു വിവരം. 

‘ഉപഗ്രഹങ്ങളുടെ ശ്മശാനം’ എന്നറിയപ്പെടുന്ന സൗത്ത് പസഫിക് സമുദ്രത്തിലെ പ്രത്യേക ഭാഗമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബഹിരാകാശ നിലയങ്ങൾ തകർത്തു വീഴ്ത്തുന്നതിന് യുഎസും റഷ്യയും ഉപയോഗിക്കുന്ന സ്ഥിരം പ്രദേശമാണിത്. ഒഴിവാക്കുന്നതിനു മുൻപ് ഭ്രമണപഥം താഴ്ത്തി നോക്കുകയാണു ചൈന ചെയ്തതെന്നും ഇത് ഡീകമ്മിഷനിങ്ങിന്റെ ഭാഗമായി സ്ഥിരം ചെയ്യുന്നതാണെന്നും വിദഗ്ധർ പറയുന്നു. 

TZ1TG2

2016 സെപ്റ്റംബർ 15നാണ് ലോങ് മാർ‍ച്ച് 2 എഫ് റോക്കറ്റിൽ ചൈന ടിയാൻഗോങ് –2നെ ഭ്രമണപഥത്തിൽ എത്തിച്ചത്. 8600 കിലോഗ്രാമാണ് ആകെ ഭാരം. 34 അടി വരും നീളം. വ്യാസം 14 അടിയും. ബഹിരാകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനും പരീക്ഷണ ശാലയായുമെല്ലാം ചൈന ടിയാൻഗോങ്– ടുവിനെ ഉപയോഗിക്കുന്നുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമാനമായി 2022ൽ ചൈനയും നിലയം വിക്ഷേപിക്കാനൊരുങ്ങുകയാണ്. അതിനു മുന്നോടിയായുള്ള നിർണായക പരീക്ഷണങ്ങളെല്ലാം ടിയാൻഗോങ് 2ലാണു നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനീസ് ബഹിരാകാശ യാത്രികർ 30 ദിവസത്തോളം ഈ നിലയത്തിൽ താമസിച്ചിരുന്നു. ചൈനീസ് ഗവേഷകർ ഇന്നേവരെ നടത്തിയതിൽ ഏറ്റവും നീണ്ട ബഹിരാകാശ വാസമായിരുന്നു അത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA