മാരകരോഗങ്ങൾ: കൊതുകിനെ പിടിക്കാൻ സഹായം തേടി നാസ

മാരക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ കണ്ടെത്താൻ പ്രാദേശിക ശാസ്ത്രജ്ഞരുടെ സഹായം തേടി നാസ. സിക്ക, മലേരിയ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്ന തരം കൊതുകുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ‘കൊതുകുകളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം സംബന്ധിച്ചും അവയുടെ സാന്ദ്രത വര്‍ധിക്കുന്ന സമയക്രമത്തെ കുറിച്ചും ആവശ്യമായ വിവരങ്ങൾ ഞങ്ങളുടെ കൈവശമില്ല. പ്രാദേശിക തലത്തിലുള്ള ശാസ്ത്രജ്ഞൻമാരുടെ ഈ ലോകവ്യാപകമായ കൂട്ടായ്മയിൽ കൂടുതൽ പേർ പങ്കെടുക്കുകയാണെങ്കിൽ വിടവുകൾ നികത്താൻ അത് ഗുണകരമാകും. ഞങ്ങളുടെ ജോലി ലഘൂകരിക്കാനും ഇത് സഹായകരമാകും’– നാസ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പാരിസ്ഥിതികവും പൊതുനയപരവുമായ പ്രശ്നങ്ങള അഭിമുഖീകരിക്കുന്ന നാസയുടെ അപ്ലൈയ്ഡ് സയൻസസ് പദ്ധതിയുടെ ഭാഗമായുളള ഡെവലപ്പ് ടീമുമായി ചേർന്നാണ് ശാസ്ത്രജ്ഞർ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. പ്രാദേശിക ശാസ്ത്രജ്ഞർ നൽകുന്ന വിവരങ്ങൾ താപനില, ഊഷ്മാവ്, മണ്ണിലെ ജലനിരപ്പ് തുടങ്ങി ഉപഗ്രഹങ്ങൾ നൽകുന്ന വിവരങ്ങളുമായി കൂട്ടികലർത്തുകയാണ് സംഘം ചെയ്യുന്നത്.

അസുഖം പരത്തുന്ന കൊതുകുകളെ കുറിച്ചുള്ള മുന്നറിയിപ്പിനുള്ള സാധ്യതകൾ കൂടുതൽ കാര്യക്ഷമമാക്കാനായി ഗൂഗിൾ എർത്ത് എൻജിനിൽ ഒരു ഇന്‍റാക്റ്റീവ് ഓപ്പൺ സോഴ്സ് മാപ്പ് നിർമിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കും. ഗ്ലോബ് ഒബ്സർവർ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൊതുജനങ്ങൾക്ക് കൊതുകകളുടെ ചലനം നിരീക്ഷിക്കാനാകുമെന്ന് നാസ വാർത്താക്കുറിപ്പിൽ അറിയിച്ചു. തങ്ങളുടെ സമീപത്തുള്ള കൊതുക് പെരുകാനിടയുള്ള സ്ഥലങ്ങൾ തിരിച്ചറിയാനും ഇവയുടെ നശീകരണത്തിനും ആപ്ലിക്കേഷൻ സഹായകരമാകും. രോഗങ്ങളുടെ വ്യാപനത്തിനും ഇതുവഴി തടയിടാനാകും.