sections
MORE

വയസ്സ് 17, ‘തിരിച്ചുവരവില്ലാത്ത’ ചൊവ്വാ യാത്രയ്ക്ക് കൊച്ചുമിടുക്കിയും

alyssa_carson-
SHARE

നീന്തൽക്കുളത്തിൽ നിർത്തും എന്നിട്ടു വെള്ളത്തിലേക്ക് ഒരൊറ്റ മുക്കലാണ്. ഇതു കൂടാതെ ഒരു യന്ത്രത്തിനകത്തു കയറ്റി പമ്പരം പോലെ കറക്കും. അതിരാവിലെ എഴുന്നേറ്റ് ആകാശത്തു പറക്കണം, അതും വിമാനം പോലുമല്ലാത്ത ഒരു പ്രത്യേകതരം പറക്കും യന്ത്രത്തിൽ... ഏതെങ്കിലും റോബട്ടുകളെപ്പറ്റി പറയുന്നതല്ല. അമേരിക്കയിലെ ഒരു പെൺകുട്ടി ഓരോ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പക്ഷേ, ഇതൊന്നും പുള്ളിക്കാരിയോടു ദേഷ്യം തോന്നി ആരും ചെയ്യുന്നതല്ല കേട്ടോ! എലിസ കാഴ്സൻ എന്ന പെൺകുട്ടി തന്നെയാണ് സ്വയം തലകുത്തി നിൽക്കുന്നതും കറങ്ങുന്നതും വെള്ളത്തിൽ ചാടുന്നതുമെല്ലാം. വേറൊന്നിനുമല്ല, പതിനഞ്ചു വർഷം കൂടി കഴിയുമ്പോൾ നാസ ചൊവ്വാഗ്രഹത്തിലേക്ക് മനുഷ്യനെ വിടാനൊരുങ്ങുകയാണ്. അക്കൂട്ടത്തിൽ ഈ കൊച്ചുസുന്ദരി കൂടിയുണ്ടാകും. തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത യാത്ര.

ഔദ്യോഗികമായി ചൊവ്വയിലേക്ക് ആളെ വിടുന്നതിന്റെ വിവരങ്ങളൊന്നും നാസ പുറത്തുവിടുന്നില്ലെങ്കിലും എലിസയ്ക്കു നാസ എല്ലാ പരിശീലനങ്ങളും നൽകിക്കഴിഞ്ഞു. 18 തിക‍ഞ്ഞാൽ മാത്രമേ ബഹിരാകാശ യാത്രികരാകാനുള്ള ഔദ്യോഗിക അപേക്ഷ നൽകാൻ പോലും സാധിക്കും. പക്ഷേ പതിനേഴാം വയസ്സിൽത്തന്നെ നാസയുടെ പ്രിയപ്പെട്ട ആസ്ട്രോനട്ടായിക്കഴിഞ്ഞു എലിസ. ചൊവ്വാഗ്രഹവാസം സംബന്ധിച്ച ഏതാണ്ടെല്ലാ കാര്യങ്ങളും ഇതിനോടകം എലിസയെ നാസ പഠിപ്പിച്ചു.  2033ലാണ് ചൊവ്വയിലേക്ക് ആദ്യം ഒരു സംഘം മനുഷ്യരെ അയയ്ക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ പദ്ധതി. 

ചൊവ്വയിൽ എന്തെല്ലാം ‘കൃഷി’ ചെയ്യാനാകും, അവിടത്തെ അന്തരീക്ഷം എങ്ങനെയാണ്, അവിടെ ജീവനുണ്ടോ?’ തുടങ്ങിയ കാര്യങ്ങളെല്ലാം നേരിട്ടു പരിശോധിക്കുകയാണ്  ഈ സംഘത്തിന്റെ ലക്ഷ്യം. അതിനു ശേഷം വേണം ചൊവ്വയിൽ കോളനി നിർമിക്കുന്നതിനെപ്പറ്റി നാസയ്ക്ക് ആലോചിക്കാൻ തന്നെ. 2033 ആകുമ്പോഴേക്കും എലിസയ്ക്കു 32 വയസ്സാകും. പക്ഷേ ആ യാത്ര യാഥാർഥ്യമായാൽ മൂന്നു വയസ്സു മുതൽ എലിസ കാണുന്ന സ്വപ്നമാണു സഫലീകരിക്കപ്പെടുക. 

മൂന്നാം വയസ്സിലാണ് ലൂസിയാന സ്വദേശിയായ എലിസ ആദ്യമായി ചൊവ്വയിലേക്കു പോകുന്നതിനെപ്പറ്റി അച്ഛനോടു പറയുന്നത്. അന്നത്തെ ഒരു കാർട്ടൂൺ സീരിയലിലെ അഞ്ചു കഥാപാത്രങ്ങൾ ചൊവ്വയിലേക്കു പോകുന്നതു കണ്ടിട്ടായിരുന്നു അത്. പിന്നീടങ്ങോട്ട് ചൊവ്വ തന്നെയായിരുന്നു മനസ്സിൽ. ഏഴാം വയസ്സിൽ നാസയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെയ്സ് ക്യാംപിൽ’ പങ്കെടുത്തു ഈ കൊച്ചുമിടുക്കി. പന്ത്രണ്ടാം വയസ്സായപ്പോഴേക്കും വിവിധ രാജ്യങ്ങളിലായി നാസ നടത്തിയ മൂന്നു സ്പെയ്സ് ക്യാംപിലും എലിസ എത്തിച്ചേർന്നു. അത് അധികമാർക്കും സാധിക്കാത്ത കാര്യമാണ്. അതിനു പിന്നാലെയാണു നാസ ചൊവ്വയിലെ വിവിധ പരീക്ഷണങ്ങൾക്കുള്ള പരിശീലനം എലിസയ്ക്കു നൽകിത്തുടങ്ങിയത്. 

alyssa_carson

യുഎസിലെ ഒരു സർവകലാശാലയിലെ സ്വകാര്യ പ്രോജക്ട് പ്രകാരം ചൊവ്വയിലെ കഠിനമായ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനവും ലഭ്യമാക്കി. അതിന്റെ ഭാഗമായാണു നീന്തലും പറക്കലും കറക്കലുമെല്ലാം. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരാണ് എലിസയ്ക്കുള്ളത്. പലയിടത്തും ബഹിരാകാശ യാത്ര സംബന്ധിച്ച ക്ലാസുകളും സെമിനാറുകളുമെടുക്കാനും പോകുന്നുണ്ട്. നാസയിലെ പഠനത്തോടൊപ്പം സ്കൂൾ പഠനവും തകൃതിയായി മുന്നോട്ടാണ്. ചൈനീസ്, സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളും പഠിക്കുന്നു(ഇവിടെ നിന്നെല്ലാമുള്ള ചൊവ്വാവിവരങ്ങൾ വായിച്ചു മനസ്സിലാക്കേണ്ടേ) അധ്യാപികയാകാനാണു തനിക്കിഷ്ടമെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കണമെന്നുമെല്ലാം എലിസ പറയുന്നു, പക്ഷേ അതെല്ലാം ചൊവ്വായാത്ര കഴിഞ്ഞു തിരികെയെത്തിയിട്ടാണെന്നു മാത്രം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA