sections
MORE

കുഴിച്ചത് 200 കി.മീറ്റർ? അദ്ഭുതമാണ് ഹോപ് ഡയമണ്ട്, വില 171 കോടി

blue-diamond-1
SHARE

ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആഭരണങ്ങളില്‍ പലതിന്റേയും മാറ്റുകൂട്ടുന്നത് ഹോപ്പ് ഡയമണ്ട് എന്നറിയപ്പെടുന്ന നീല നിറത്തിലുള്ള അത്യപൂര്‍വ്വ രത്‌നങ്ങളാണ്. രാജാക്കന്മാരുടേയും അതിസമ്പന്നരുടേയും കൊള്ളക്കാരുടേയുമൊക്കെ കൈകളിലൂടെ സഞ്ചരിച്ച് വാഷിങ്ടണ്‍ മ്യൂസിയത്തിലെത്തിയ ഇത്തരമൊരു നീല രത്‌നത്തിന്റെ ചരിത്രമാണ് ഗവേഷകര്‍ പരസ്യമാക്കിയിരിക്കുന്നത്. ജനനത്തിലെ വൈവിധ്യം മുതല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഇവ മാറുന്നതെങ്ങനെയെന്നുവരെ ഈ ഗവേഷണം വെളിവാക്കുന്നു. 

46 നീല രത്‌നങ്ങളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. ഇതില്‍ 2016ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും 25 ദശലക്ഷം ഡോളറിന് (ഏകദേശം 171 കോടി രൂപയിലേറെ) വിറ്റുപോയ നീല രത്‌നവും ഉള്‍പ്പെടുന്നു. നീല രത്‌നങ്ങളെക്കുറിച്ച് ആദ്യത്തെ ആധികാരിക പഠനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

blue-diamond-2

ഖനനം ചെയ്‌തെടുക്കുന്ന രത്‌നങ്ങളില്‍ 0.02 ശതമാനം മാത്രമാണ് നീല രത്‌നങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഭൂമിക്കുള്ളിലെ ലോവര്‍ മാന്റില്‍ എന്ന് വിളിക്കുന്ന അകക്കാമ്പിനടുത്തെത്തിയാല്‍ മാത്രമേ ഇവ ലഭിക്കാനുള്ള സാധ്യത പോലുമുള്ളൂ. ചുരുങ്ങിയത് 660 കിലോമീറ്റര്‍ ആഴത്തിലെത്തണം ഇതിന്. ഈ അപൂര്‍വ്വത തന്നെയാണ് അവയെ ലോകത്തെ ഏറ്റവും വിലയേറിയ നിരവധി ആഭരണങ്ങളിലെ വിശിഷ്ടവസ്തുവാക്കി മാറ്റുന്നതും. 

ശുദ്ധമായ കാര്‍ബണിന്റെ ക്രിസ്റ്റല്‍ രൂപമാണ് രത്‌നങ്ങള്‍. ഭൂമിക്കുള്ളില്‍ ഉയര്‍ന്ന താപനിലയും അതിസമ്മര്‍ദ്ദവുമാണ് ഇവയുടെ പിറവിക്ക് കാരണക്കാര്‍. ബോറോണ്‍ എന്ന ധാതുവിന്റെ സാന്നിധ്യമാണ് ഹോപ്പ് ഡയമണ്ടിന്റെ അപൂര്‍വ്വ നീല നിറത്തിന് കാരണം. ഒരിക്കല്‍ സമുദ്രത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലാണ് ബോറോണ്‍ കാണപ്പെടുന്നത്. ഭൂവല്‍ക്കത്തിലെ പാളികളുടെ ചലനങ്ങളാണ് പലപ്പോഴും ഈ നീല രത്‌നത്തെ നിര്‍മ്മിക്കുന്നത്. 

blue-diamond

99 ശതമാനത്തോളം രത്‌നങ്ങളും ഭൂമിയുടെ 150 മുതല്‍ 200 കിലോമീറ്റര്‍ വരെ ആഴത്തില്‍ നിന്നാണ് കുഴിച്ചെടുക്കുന്നത്. ഇതുവരെ ലഭ്യമായതില്‍വെച്ച് മനുഷ്യന്‍ പരമാവധി ആഴത്തില്‍ നിന്നും കുഴിച്ചെടുത്ത രത്‌നങ്ങളാണ് ഹോപ്പ് ഡയമണ്ടുകളെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA