‘തീ കൊടുങ്കാറ്റിൽ’ പ്രോബ് കത്തി തീരില്ല; മനുഷ്യ പരീക്ഷണം വിജയിക്കുമോ?

സൂര്യനെ കണ്ണു കൊണ്ടു അധികനേരം നോക്കി നിൽക്കാനാകില്ല. എന്നിട്ടും നാസ അതിനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. സൂര്യനെ ഏറ്റവും ‘അടുത്തു’ ചെന്നു കാണാൻ അമേരിക്കൻ ബഹിരാകാശ ഏജന്‍സി പേടകത്തെ അയച്ചു കഴിഞ്ഞു. ചരിത്രത്തിലെ ആദ്യ സംഭവം. സൂര്യന്റെ തീ കൊടുങ്കാറ്റിനെ മനുഷ്യ നിർമിത ഡിവൈസുകൾ തരണം ചെയ്യുമോ എന്നാണ് എല്ലാവരും നോക്കുന്നത്. സൂര്യനേക്കാൾ ചൂടുള്ളതിനെ നേരിടാൻ ശേഷിയുള്ള ഉപകരണങ്ങൾ നാസ ഗവേഷകർ പരീക്ഷിച്ചു വിജയിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ സൂര്യനു സമീപത്തു എത്തിയാൽ മാത്രമേ നാസ ഉപകരണങ്ങൾ എന്തു സംഭവിക്കുമെന്ന് പറയാൻ സാധിക്കൂ.

ഇന്നേവരെ കണ്ടിട്ടില്ലാത്ത സൂര്യന്റെ കാഴ്ചകൾ ഒപ്പിയെടുക്കാനാണു പാർക്കർ പ്രോബിന്റെ യാത്ര. അതിനാൽത്തന്നെ ഇന്നേവരെ ഒരു പേടകവും എത്താത്ത അത്രയും അടുത്ത് പാർക്കർ എത്തും. ജോൺസ് ഹോപ്കിൻ അപ്ലൈഡ് ലാബറട്ടറിയാണ് നാസയ്ക്കു വേണ്ടി ഈ പ്രോബ് തയാറാക്കിയത്. ഏകദേശം ഒരു കാറിന്റെ വലുപ്പമുള്ള ഈ പേടകത്തിന്റെ യാത്രയും രസകരമാണ്. ആറു വർഷത്തോളമെടുക്കും സൂര്യനിലെത്താന്‍. ആദ്യയാത്ര ശുക്രഗ്രഹത്തിലേക്കാണ്. അതിന്റെ ഗുരുത്വാകർഷണ ബലം ഉപയോഗപ്പെടുത്തിയാണു യാത്ര തുടരുക. അങ്ങനെ ബഹിരാകാശത്തു നിന്നു തന്നെ ഗുരുത്വാകർഷണ ‘ഇന്ധനം’ ശേഖരിച്ചു വച്ചാണു സൂര്യനിലേക്കെത്തുക. മണിക്കൂറിൽ 4.3 ലക്ഷം മീറ്റർ വേഗത്തിലായിരിക്കും ആ യാത്ര.

2024 ഡിസംബറോടെയായിരിക്കും പ്രോബിന്റെ അന്ത്യം. അല്ലെങ്കിൽ 2025 ആദ്യം. അതിനു മുൻപ് ഏകദേശം ഒരു വർഷത്തോളം സൂര്യന്റെ ഏറ്റവും കൃത്യമായ വിവരങ്ങൾ ശേഖരിക്കും. സൗരവാതത്തിന്റെ വേഗതയിലുണ്ടാകുന്ന മാറ്റങ്ങൾ, സൂര്യനിൽ നിന്നു പ്രവഹിക്കുന്ന അമിത ഊര്‍ജമുള്ള കണികകള്‍, സൂര്യന്റെ കാന്തിക മണ്ഡലം തുടങ്ങിയവയെല്ലാം പഠനത്തിനു വിധേയമാക്കും. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറിന്റെ ഏറ്റവും അടുത്തെന്നു പറയുമ്പോൾ പോലും ദശലക്ഷക്കണക്കിനു കിലോമീറ്റർ അകലെയായിരിക്കും പാർക്കര്‍. 2500 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂട് ഒരു ഘട്ടത്തിൽ പ്രോബിന് ഏൽക്കേണ്ടി വരും. പ്രത്യേകമായി തയാറാക്കിയ 4.5 ഇഞ്ച് കനം വരുന്ന കവചത്തിനകത്തായിരിക്കും പേടകം സംരക്ഷിക്കപ്പെടുക. പേരുകൾ ഉൾപ്പെടുത്തിയ ചിപ്പും മറ്റ് ആന്തരികഘടകങ്ങളും ഇതുവഴി സംരക്ഷിക്കപ്പെടും.

സൂര്യനു ചുറ്റും കൃത്യമായ ഭ്രമണപഥത്തിൽ തുടരാനാണു പേടകം ശ്രമിക്കുക. പ്രോബിന്റെ ഇന്ധനം തീരുന്നതു വരെയായിരിക്കും ഇങ്ങനെ തുടരുക. അത് അവസാനിക്കുന്നതോടെ ചൂടിൽ നിന്നു സംരക്ഷണം നൽകുന്ന തെർമൽ പ്രൊട്ടക്‌ഷൻ സിസ്റ്റത്തെ ഓട്ടമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാനാകില്ല. സൂര്യന്റെ കൊടുംചൂടിലേക്ക് പ്രോബ് ‘വലിച്ചെറിയപ്പെടും’. ആറു പതിറ്റാണ്ടിലേറെയായി മനുഷ്യൻ സൂര്യനെപ്പറ്റി അന്വേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരവുമായിട്ടായിരിക്കും ആ യാത്രാമൊഴി.