മഴയിൽ മുങ്ങി കേരളം: സാറ്റ്‌ലൈറ്റ് കാഴ്ചകളും റിപ്പോർട്ടുമായി നാസയും

കഴിഞ്ഞ 24 മണിക്കൂറും കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ നിന്നുള്ള കേരളത്തിന്റെ ബഹിരാകാശ കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങൾ ഓരോ രണ്ടു– മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങൾ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങൾ വിലയിരുത്തി റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോർട്ട് തന്നെ തയാറാക്കുന്നുണ്ട്. ജിപിഎം കോർ ഒബ്സർവേറ്ററി, GCOM-W1, NOAA-18, NOAA-19, DMSP F-16, DMSP F-17, DMSP F-18, Metop-A, Metop-B എന്നീ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഡേറ്റകളുമാണ് കാലാവസ്ഥാ ഭൂപടങ്ങൾ നിർമിക്കാൻ നാസ ഉപയോഗിക്കുന്നത്.

രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ വിവിധ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ റിപ്പോർട്ട് തയാറാക്കുന്നത്. നാസയുടെ ഐഎംഇആർജിയാണ് ഇതിൽ പ്രധാനപ്പെട്ടത്. കേരളത്തിൽ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതൽ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങൾ പുറത്തുവിടുന്നുണ്ട്. 

ഓരോ രണ്ടു, മൂന്നു മണിക്കൂർ ഇടവിട്ടാണ് ചിത്രങ്ങളും വിവരങ്ങളും നാസ സാറ്റ്‍ലൈറ്റുകൾ പുറത്തുവിടുന്നത്. പ്രത്യേകം തയാറാക്കിയ ആനിമേഷൻ ഭൂപടം നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഈ ആനിമേഷനിൽ കഴിഞ്ഞ ഏഴു ദിവത്തിനിടെ കേരളത്തിനു മുകളിൽ സംഭവിക്കുന്ന മാറ്റങ്ങളും കാണാം. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മണിക്കൂറുകൾ ഇടവിട്ട് പകർത്തിയ ചിത്രങ്ങൾ യോജിപ്പിച്ചാണ് ആനിമേഷൻ മാപ്പ് നിർമിച്ചിരിക്കുന്നത്.